വേതനതര്‍ക്കം: ഐസിഎച്ച്ആര്‍ ചെയര്‍മാന്‍ രാജിവച്ചു
Saturday, November 28, 2015 12:17 AM IST
ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ നിര്‍ദേശാനുസരണം ഇന്ത്യന്‍ ചരിത്ര ഗവേഷണ കൌണ്‍സിലിന്റെ (ഐസിഎച്ച്ആര്‍) ചെയര്‍മാന്‍ സ്ഥാനത്ത് കേന്ദ്രം നിയമിച്ച വൈ.എസ്.റാവു വേതനം സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് രാജി വച്ചു. മൂന്നു വര്‍ഷം കാലാവധിയുള്ള ചെയര്‍മാന്‍ സ്ഥാനം ചുമതല ഏറ്റെടുത്തു 16 മാസം പിന്നിട്ടപ്പോഴാണ് വ്യക്തിപരമായ കാരണങ്ങള്‍ എന്നു പറഞ്ഞു റാവുവിന്റെ രാജി. എന്നാല്‍, ഒന്നര ലക്ഷം രൂപ ഓണറേറിയം നല്‍കാമെന്ന വാഗ്ദാനത്തില്‍ നിന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പിന്നോട്ടു പോയതാണ് റാവുവിന്റെ രാജിയില്‍ കലാശിച്ചതെന്നാണു വിവരം. രാജിക്കത്തു നല്‍കിയിട്ടുണ്െടന്നും മന്ത്രാലയത്തിന്റെ മറുപടിക്കായി കാത്തു നില്‍ക്കുകയാണെന്നുമാണ് റാവു നല്‍കുന്ന വിശദീകരണം.

ചരിത്രഗവേഷണ കൌണ്‍സില്‍ അധ്യക്ഷസ്ഥാനത്തേക്ക് വൈഎസ് റാവുവിനെ നിയോഗിച്ചത് നേരത്തേ വലിയ വിവാദമായിരുന്നു. രാഷ്ട്രീയ സ്വയം സേവക സംഘം ചരിത്രഗവേഷണ വിഭാഗത്തിലെ പ്രധാനിയായ റാവു ഐസിഎച്ച്ആറിലെ പ്രതിഫലം ഒന്നരലക്ഷം രൂപയാക്കണമെന്ന് നേരത്തേ മാനവശേഷി മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ മന്ത്രാലയം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കാകതിയ സര്‍വകലാശായില്‍ നിന്നു വിരമിച്ച റാവുവിന്റെ ഐസിഎച്ച്ആറിലെ നിയമനം മൂന്നു വര്‍ഷത്തേക്കായിരുന്നു. സംഘപരിവാര്‍ സംഘടനയായ അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജനയുടെ മുഖ്യ ചുമതലക്കാരനായ റാവുവിനെ ആര്‍എസ്എസിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം ചരിത്രഗവേഷണ കൌണ്‍സിലിന്റെ തലപ്പത്ത് നിയോഗിച്ചത്. റാവുവിന്റെ യോഗ്യത തന്നെ ചോദ്യം ചെയ്ത് റോമിലാ ഥാപ്പര്‍ അടക്കമുള്ള ചരിത്ര ഗവേഷകര്‍ രംഗത്തെത്തിയിരുന്നു.


രാജി വ്യക്തിപരമായ കാരണങ്ങളാലാണെന്ന് റാവു പ്രതികരിച്ചു. കഴിഞ്ഞ 24ന് റാവു രാജിക്കത്ത് നല്‍കിയിരുന്നെങ്കിലും മാനവശേഷി മന്ത്രാലയം ഇതുസംബന്ധിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇന്ത്യയിലെ പഴയ ജാതി വ്യവസ്ഥയായിരുന്നു മികച്ചതെന്ന് ചരിത്രഗവേഷണ കൌണ്‍സില്‍ ചെയര്‍മാനായി നിയമിതനായ ശേഷം റാവു തന്റെ ബ്ളോഗില്‍ കുറിച്ചതു വിവാദമായിരുന്നു. ഇതിനെതിരേ ചരിത്രകാരന്മാര്‍ രംഗത്തെത്തിയിരുന്നെങ്കിലും ആര്‍എസ്എസും കേന്ദ്രസര്‍ക്കാരും റാവുവിനെ പിന്തുണയ്ക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.