വ്യാപാര മേളയില്‍ കേരളത്തിനു പുരസ്കാരങ്ങള്‍
Saturday, November 28, 2015 1:01 AM IST
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വ്യാപാര മേളയില്‍ മികച്ച സംസ്ഥാന പവലിയനും മികച്ച ഫുഡ് കോര്‍ട്ടിനുമുള്ള സുവര്‍ണ പുരസ്കാരങ്ങള്‍ കേരളത്തിന്. ഡല്‍ഹി പ്രഗതി മൈതാനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിയില്‍ നിന്ന് സംസ്ഥാന ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ മിനി ആന്റണി പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. കേന്ദ്ര സഹമന്ത്രി നിര്‍മല സീതാരാമന്‍, ഐടിപിഒ സിഎംഡി എല്‍.സി ഗോയല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും വിവിധ മന്ത്രാലയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുത്ത മെയ്ക്ക് ഇന്‍ ഇന്ത്യ മുഖ്യപ്രമേയമായിരുന്ന വ്യാപാരമേളയില്‍ മെയ്ക്ക് ഇന്‍ കേരള പ്രമേയമാക്കിയാണ് കേരളം പുരസ്കാര നേട്ടം കൈവരിച്ചത്. കേരളത്തിന്റെ വിഭവ വൈവിധ്യവും അവ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തി നേടുന്ന വിദേശനാണ്യവും ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചാണ് സംസ്ഥാനം പുരസ്കാരം നേടിയത്.


രാജ്യ തലസ്ഥാനത്ത് അനവധി വിദേശ രാജ്യങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന അന്താരാഷ്ട്ര പ്രശസ്തമായ മേളയില്‍ കേരളം ഇരട്ട സ്വര്‍ണ നേട്ടം കൈവരിച്ചത് ഡല്‍ഹി മലയാളികള്‍ക്കും അഭിമാനമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.