അധികാരികളുടെ അറിവില്ലായ്മ മതേതരത്വം ദുര്‍ബലപ്പെടാന്‍ കാരണമാകുന്നുവെന്ന് പ്രേമചന്ദ്രന്‍
Saturday, November 28, 2015 12:46 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മതേതരത്വത്തിനെതിരേ വെല്ലുവിളികള്‍ ഉയരുന്നത് ഭരണകര്‍ത്താക്കളുടെ രാഷ്ട്രീയ നിലപാടാണെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി. അധികാരത്തില്‍ ഇരിക്കുന്നവര്‍ക്ക് ഭരണഘടനയെ കുറിച്ച് അറിവില്ലാത്തതു കൊണ്ടാണ് മതേതരത്വം ദുര്‍ബലപ്പെടുന്നതെന്നും ഭരണഘടന ശില്പി ഡോ. ബി.ആര്‍. അംബേദികറിന്റെ 125-ാം ജന്മദിനത്തോട് അനുബന്ധിച്ച് ലോക്സഭയില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രേമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. വിരമിക്കുന്ന ജഡ്ജിമാര്‍ ഭരണഘടന പദവികള്‍ ഏറ്റെടുക്കുന്നതു നിയമം മൂലം നിയന്ത്രിക്കണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.

സുപ്രീം കോടതിയില്‍ നിന്നു വിരമിച്ചതിനു പിന്നാലെ കേരളത്തില്‍ ഗവര്‍ണര്‍ പദവി ഏറ്റെടുത്തതു ചൂണ്ടിക്കാട്ടിയാണ് എംപി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. നീതിന്യായ രംഗത്ത് അടിസ്ഥാനപരമായ പരിഷ്കാരങ്ങളും അനിവര്യമാണ്. നിയമ നിര്‍മ്മാണ രംഗത്തെ പാര്‍ലമെന്റിന്റെ പരമധികാരം സംരക്ഷിക്കുന്ന കക്ഷി രാഷ്ട്രീയത്തിന് അതീതമായി യോജിച്ച മുന്നേറ്റം ആവശ്യമാണ്. ഭരണഘടനയിലെ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തിക്കമാക്കുന്നതിനെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ നിന്നു സി.എന്‍. ജയദേവന്‍ എംപിയും ലോക്സഭയിലെ ചര്‍ച്ചയില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.