മൂന്നു ദിവസം സര്‍ക്കാരിനെ നയിച്ചതു സുഷമ സ്വരാജ്
മൂന്നു ദിവസം സര്‍ക്കാരിനെ  നയിച്ചതു സുഷമ സ്വരാജ്
Thursday, November 26, 2015 12:28 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും വിദേശ യാത്രയിലായിരുന്ന മൂന്നു ദിവസം കേന്ദ്ര സര്‍ക്കാരിനെ നയിച്ചത് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

നവംബര്‍ 21 മുതല്‍ 23 വരെയുള്ള ദിവസങ്ങളിലാണ് സര്‍ക്കാരിന്റെ പൂര്‍ണ ചുമതല സുഷമ വഹിച്ചത്. ഈ മാസം 18നാണ് രാജ്നാഥ് സിംഗ് ആറു ദിവസത്തെ ചൈന സന്ദര്‍ശനത്തിനു പോയത്. നവംബര്‍ 21 മുതല്‍ നരേന്ദ്ര മോദി സിംഗപ്പൂര്‍, മലേഷ്യ സന്ദര്‍ശനത്തിലുമായിരുന്നു. കീഴ്വഴക്കം അനുസരിച്ച് ഈ ദിവസങ്ങളില്‍ സുഷമയ്ക്കായിരുന്നു സര്‍ക്കാരിന്റെ ചുമതല. രാജ്നാഥ് സിംഗ് തിങ്കളാഴ്ചയും പ്രധാനമന്ത്രി ബുധനാഴ്ചയും മടങ്ങിയെത്തി.

മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനനുസരിച്ചാണ് മന്ത്രിസഭയിലെ ക്രമവും നിശ്ചയിക്കുന്നത്. അതനുസരിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ശേഷം രാജ്നാഥ് സിംഗും തുടര്‍ന്ന് സുഷമ സ്വരാജുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തത്. എന്നാല്‍, സുഷമയ്ക്ക് അധികാരം ഏല്‍പ്പിച്ചു കൊടുത്തു കൊണ്ടുള്ള സര്‍ക്കുലര്‍ ഇറങ്ങിയതോടെ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്ലിക്കുള്ള മുന്‍തൂക്കം ഇടിഞ്ഞെന്നു വ്യക്തമായി. സര്‍ക്കാരിന്റെ ആദ്യകാലത്ത് ധനകാര്യത്തിനു പുറമേ പ്രതിരോധവും ജയ്റ്റ്ലിയുടെ ചുമതലയിലായിരുന്നു. എന്നാല്‍, കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി ഭൂട്ടാന്‍ സന്ദര്‍ശനത്തിനു പുറപ്പെട്ടപ്പോള്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനാണു ചുമതലയെന്നു ചൂണ്ടിക്കാട്ടി സര്‍ക്കുലര്‍ ഇറങ്ങിയതോടെയാണു ജയ്റ്റ്ലിക്കുള്ള സാധ്യത മങ്ങിയത്.


2014 മേയ് 26ന് അധികാരം ഏറ്റെടുത്തശേഷം ആദ്യമായാണ് മോദിയും മന്ത്രി സഭയിലെ രണ്ടാമനായ രാജ്നാഥ് സിംഗും ഒരുമിച്ചു മാറി നില്‍ക്കുന്നത്. ഈ അവസരത്തില്‍ സുഷമ സ്വരാജിനായിരിക്കും ചുമതലയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ക്കിടയില്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. 18 മാസത്തിനിടെ പലതവണ പ്രധാനമന്ത്രി വിദേശ സന്ദര്‍ശനത്തിലായിരുന്നപ്പോഴെല്ലാം രാജ്നാഥ് സിംഗിനായിരുന്നു ചുമതല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.