മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിജയം; തെലുങ്കാനയില്‍ ടിആര്‍എസ്
Wednesday, November 25, 2015 12:27 AM IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ആവേശവും ബിജെപിക്ക് തിരിച്ചടിയും നല്കിക്കൊണ്ടു മധ്യപ്രദേശിലെ റത്ലാം-ജാബുവ ലോക്സഭാ സീറ്റ് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. അതേസമയം തെലുങ്കാനയിലെ വാറങ്കല്‍ ലോക്സഭാ സീറ്റ് വമ്പന്‍ ഭൂരിപക്ഷത്തോടെ തെലുങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) നിലനിര്‍ത്തി.

കഴിഞ്ഞ തവണ ബിജെപി 1.08 ലക്ഷം വോട്ട് ഭൂരിപക്ഷത്തില്‍ വിജയിച്ച റത്ലാം -ജാബുവയില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ കാന്തിലാല്‍ ഭൂരിയ 88,832 വോട്ടിന്റെ ഭൂരിപക്ഷം നേടി. 2014-ല്‍ കാന്തിലാലിനെ തോല്‍പിച്ച മുന്‍ കോണ്‍ഗ്രസുകാരനായ ദിലീപ് സിംഗ് ഭൂരിയയുടെ മരണം മൂലമായിരുന്നു ഉപ തെരഞ്ഞെടുപ്പ്. ദിലീപിന്റെ പുത്രിയും എംഎല്‍എയുമായ നിര്‍മല ഭൂരിയയെ ആണു ബിജെപി നിര്‍ത്തിയത്.

2014-ല്‍ 4.37 ലക്ഷം വോട്ട് നേടിയ കാന്തിലാല്‍ ഇത്തവണ 5.37 ലക്ഷം നേടി. ബിജെപി വോട്ട് 5.46 ലക്ഷത്തില്‍നിന്ന് 4.48 ലക്ഷമായി താണു. ബിഹാറില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട ജനതാദള്‍-യു, സിപിഎം, സിപിഐ തുടങ്ങിയ കക്ഷികളെ കൂട്ടുപിടിച്ചു മത്സരിച്ചെങ്കിലും കിട്ടിയത് 21,549 വോട്ട്. നോട്ടയ്ക്കു കിട്ടിയതിലും കുറവ്.

പരമ്പരാഗത കോണ്‍ഗ്രസ് സീറ്റാണ് പട്ടികവര്‍ഗ സംവരണമായ റത്ലാം -ജാബുവ. ആറു തവണ കോണ്‍ഗ്രസുകാരനായി ജയിച്ചിട്ടാണ് ദിലീപ് സിംഗ് കഴിഞ്ഞ തവണ ബിജെപിയില്‍ ചേര്‍ന്നത്.

മൂന്നാംവട്ടവും ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ഈ വിജയം കോണ്‍ഗ്രസുകാര്‍ക്ക് വലിയ ആത്മവിശ്വാസം പകര്‍ന്നു. ഇതോടൊപ്പം ഉപതെരഞ്ഞെടുപ്പു നടന്ന ദേവാസ് നിയമസഭാ സീറ്റ് ബിജെപി നിലനിര്‍ത്തി.


തെലുങ്കാനയിലെ വാറങ്കലില്‍ ടിആര്‍എസ് സ്ഥാനാര്‍ഥി പി. ദയാകര്‍ 4.6 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടി. കോണ്‍ഗ്രസിന്റെ മുന്‍ കേന്ദ്രമന്ത്രി സര്‍വേ സത്യനാരായണ 1.56 ലക്ഷവും ബിജെപി- ടിഡിപി സഖ്യത്തിന്റെ പി. ദേവയ്യ 1.28 ലക്ഷവും നേടി. വൈഎസ്ആര്‍ കോണ്‍ഗ്രസ് വെറും രണ്ടര ശതമാനം വോട്ടേ നേടിയുള്ളൂ. 2014-ല്‍ ജയിച്ച കെ. ശ്രീഹരി ഉപമുഖ്യമന്ത്രിയായതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 2014-ല്‍ ടിആര്‍എസ് 6.62 ലക്ഷവും കോണ്‍ഗ്രസ് 2.69 ലക്ഷവും വോട്ട് നേടിയതാണ്.

മിസോറാമില്‍ നിയമസഭയിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്‍മന്ത്രി ലാല്‍ താന്‍സാര വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. മുഖ്യമന്ത്രി ലാല്‍ താന്‍ഹവലയുടെ സഹോദരനാണ് ഇദ്ദേഹം. അഴിമതി ആരോപണത്തെത്തുടര്‍ന്നു താന്‍സാര രാജിവച്ച് വീണ്ടും ജനവിധി തേടിയതാണ്.

മേഘാലയയിലെ ഏക ഉപതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ എച്ച്എസ്ഡിപി, ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയെ തോല്പിച്ചു. മണിപ്പൂര്‍ നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു സീറ്റും ബിജെപി നേടി. തൃണമൂല്‍ കോണ്‍ഗ്രസുകാരായ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ അംഗത്വം പോകുകയും അവര്‍ വീണ്ടും മത്സരിച്ചു ജയിക്കുകയുമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.