പ്രവാസി സുരക്ഷയ്ക്കായി പുതിയ നിയമത്തിനു കേന്ദ്രനീക്കം
Tuesday, October 13, 2015 12:17 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെ വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് തൊഴില്‍ പ്രശ്നങ്ങളും ജീവനു ഭീഷണിയുമുണ്ടായാല്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്ക് ഉള്‍പ്പെടെ കര്‍ശന നിയമ നടപടിക്കു ശിപാര്‍ശ ചെയ്യുന്ന പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. അടുത്തയിടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഉള്‍പ്പെടെ വിദേശത്ത് പ്രവാസികള്‍ നേരിടുന്ന തൊഴില്‍ പ്രശ്നങ്ങളും ഭീഷണികളും കണക്കിലെടുത്താണ് പുതിയ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. പരാതികള്‍ ഉയര്‍ന്നാല്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കു നേരേയും കര്‍ശന നിയമ നടപടികള്‍ ശിപാര്‍ശ ചെയ്യുന്ന എമിഗ്രേഷന്‍ മാനേജ്മെന്റ് ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

സൌദി അറേബ്യയില്‍ തമിഴ് വീട്ടുജോലിക്കാരിയുടെ കൈവെട്ടിയ സംഭവത്തെത്തുടര്‍ന്നാണു പ്രവാസികളുടെ സുരക്ഷയ്ക്കായി പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലടക്കം തൊഴിലെടുക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളും ഭീഷണികളും തൊഴില്‍ സുരക്ഷിതത്വം ഇല്ലായ്മയും കണക്കിലെടുത്താണ് എമിഗ്രേഷന്‍ മാനേജ്മെന്റ് ബില്‍ കൊണ്ടുവരുന്നത്.


ആറു ഗള്‍ഫ് രാജ്യങ്ങളിലായി ഏഴു ദശലക്ഷം ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്നുണ്െടന്നാണു കണക്ക്. എമിഗ്രേഷന്‍ നടപടികള്‍ സുതാര്യവും ലളിതവും ഫലപ്രദവും അതിലേറെ മനുഷ്യത്വപരവുമാക്കുകയാണു ലക്ഷ്യമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. പരാതികളുണ്െടങ്കില്‍ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കു നേരേ വളരെ വേഗത്തില്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളാല്‍ ശിപാര്‍ശ ചെയ്യുന്നതാണു പുതിയ നിയമം. ഇതോടെ തൊഴില്‍ പീഡനങ്ങളടക്കമുള്ള വിഷയങ്ങളില്‍ മറ്റു രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികളുമായും എംബസികളുമായും കൂടുതല്‍ സഹകരിക്കുന്നതിനുള്ള അവസരമൊരുങ്ങും. തൊഴില്‍ തേടിപ്പോകുന്ന രാജ്യങ്ങളിലെ നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണം, സുരക്ഷാപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് സാമ്പത്തികവും നിയമപരവുമായ സഹായങ്ങള്‍, പുനരധിവാസം തുടങ്ങി സങ്കീര്‍ണമായ പ്രശ്നങ്ങള്‍ നേരിടുന്നവരെ നാട്ടിലെത്തിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.