ശശി ദേശ്പാണ്ഡേ സാഹിത്യ അക്കാദമി ജനറല്‍ കൌണ്‍സിലില്‍നിന്നു രാജിവച്ചു
Saturday, October 10, 2015 12:42 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പ്രതിഷേധ സ്വരം ഉയര്‍ത്തി പ്രശസ്ത എഴുത്തുകാരി ശശി ദേശ്പാണ്ഡേ കേന്ദ്ര സാഹിത്യ അക്കാദമി ജനറല്‍ കൌണ്‍സിലില്‍നിന്നു രാജി വച്ചു. കൊല്ലപ്പെട്ട കന്നഡ എഴുത്തകാരന്‍ എം.എം. കല്‍ബുര്‍ഗിയുടെ മരണം ഉള്‍പ്പടെ എഴുത്തുകാരുടെ നിലനില്പ് വെല്ലുവിളി നേരിടുമ്പോള്‍ അക്കാദമി മൌനം പാലിക്കുന്നതില്‍ പ്രതിഷേധിച്ചാണു ജോലി. അക്കാദമി ചെയര്‍പേഴ്സണ്‍ വിശ്വനാഥ് പ്രസാദ് തിവാരിക്ക് എഴുതിയ കത്തില്‍ കടുത്ത നിരാശ മൂലമാണു രാജിയെന്നു വ്യക്തമാക്കിയിട്ടുണ്ട്. സാഹിത്യ അക്കാദമി പരിപാടികള്‍ ആസൂത്രണം ചെയ്തും പുരസ്കാരങ്ങള്‍ നല്‍കിയും മാത്രം പ്രവര്‍ത്തിക്കുന്നതിനും പുറമേ ഇന്ത്യയിലെ എഴുത്തുകാര്‍ക്ക് സംസാരിക്കാനും എഴുതാനുമുള്ള സ്വാതന്ത്യ്രം നഷ്ടപ്പെടുന്ന വേളയില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുമെന്നാണു പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

2012 നവംബറില്‍ കൌണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സന്തോഷമാണു തോന്നിയത്. എന്നാല്‍, ഇപ്പോള്‍ കടുത്ത ദുഃഖം തോന്നുന്നു. പ്രഫ. കല്‍ബുര്‍ഗി ശ്രദ്ധേയനായ ഒരു വൈജ്ഞാനികനായിരുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ അക്കാദമി മൌനം പാലിച്ചതു നീതികരിക്കാനാവില്ല. സാഹിത്യ അക്കാദമി പുരസ്കാര ജേതാവും മുന്‍ ജനറല്‍ കൌണ്‍സില്‍ അംഗം കൂടിയായിരുന്നു അദ്ദേഹം. രാജ്യത്തെ ഉന്നത സാഹിത്യ സമിതി ഒരു വിഖ്യാത എഴുത്തുകാരനു നേരിടേണ്ടി വന്ന ദാരുണ അനുഭവത്തില്‍ പ്രതികരിച്ചില്ലെങ്കില്‍ പിന്നെ എന്തിനുവേണ്ടി ഉള്ളതാണ്. ഇക്കാര്യത്തില്‍ അക്കാദമി മൌനം തുടരുകയാണെങ്കില്‍ പിന്നെ രാജ്യത്ത് വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയ്ക്കെതിരേ പ്രതികരണങ്ങളുണ്ടാകുമെന്ന് എന്താണു പ്രതീക്ഷ. ചുരുക്കം ചില മൂലകളില്‍ ചില അനുശോചന യോഗങ്ങള്‍ ചേര്‍ന്നതു കൊണ്ടു മാത്രം ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാകില്ലെന്നും ഉദ്ദേശ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടില്ലെന്നും ശശി ദേശ്പാണ്ഡേ ചൂണ്ടിക്കാട്ടുന്നു.


നിരവധി നോവലുകളും ചെറുകഥകളും രചിച്ചിട്ടുള്ള ശശി ദേശ്പാണ്ഡേ കുട്ടികള്‍ക്കു വേണ്ടിയുള്ള നിരവധി കൃതികളും രചിച്ചിട്ടുണ്ട്. 1990ല്‍ ദാറ്റ് ലോംഗ് സൈലന്‍സ് എന്ന കൃതിക്ക് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2009ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. ദാദ്രി സംഭവം, കല്‍ബുര്‍ഗി വധം തുടങ്ങിയ സംഭവങ്ങളില്‍ പ്രതിഷേധിച്ച് എഴുത്തുകാരായ നയന്‍താര സെഹ്ഗാള്‍, അശോക് വാജ്പേയി എന്നിവര്‍ സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ചു നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.