അഴിമതിയാരോപണം: ഭക്ഷ്യമന്ത്രിയെ കേജരിവാള്‍ പുറത്താക്കി
അഴിമതിയാരോപണം: ഭക്ഷ്യമന്ത്രിയെ കേജരിവാള്‍ പുറത്താക്കി
Saturday, October 10, 2015 12:40 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: അഴിമതിക്കാരനെന്നു കണ്െടത്തിയ മന്ത്രിയെ തത്സമയ വാര്‍ത്താസമ്മേളനം വിളിച്ചു പുറത്താക്കിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പുതിയ മന്ത്രിയെ പ്രഖ്യാപിച്ചു. ഡല്‍ഹി ഭക്ഷ്യ സിവില്‍ സപ്ളൈസ് മന്ത്രി അസിം അഹമ്മദ് ഖാനെയാണു കേജരിവാള്‍ പുറത്താക്കിയത്. ഉടന്‍ തന്നെ പുതിയ മന്ത്രിയായി ബല്ലിമാരന്‍ എംഎല്‍എ ആയ ഇമ്രാന്‍ ഹുസൈനെ നിയമിക്കുകയും ചെയ്തു. ഭക്ഷ്യവകുപ്പിനു പുറമേ വനം, പരിസ്ഥിതി വകുപ്പുകളുടെ കൂടി ചുമതലയുണ്ടായിരുന്നു അസിംഅഹമ്മദ് ഖാന്.

അഴിമതിക്കാരെ ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ല. അതു തന്റെ മകന്‍ ആണെങ്കിലും സന്തതസഹചാരിയും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണെങ്കില്‍ കൂടി പൊറുക്കിലെന്നും കേജരിവാള്‍ പറഞ്ഞു. ഖാനെതിരായ പരാതി നേരത്തേ തന്നെ കിട്ടിയതാണ്. പ്രാഥമിക വിവരങ്ങള്‍ വെച്ചു മന്ത്രി കുറ്റക്കാരനെന്നു തനിക്കും സിസോദിയയ്ക്കും വ്യക്തമായെന്നും അദ്ദേഹം വ്യക്തമാക്കി.

അസിം അഹമ്മദ് ഖാനെതിരായ അഴിമതി സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കുമെന്നും മന്ത്രിയെ പുറത്താക്കിക്കൊണ്ടുള്ള തീരുമാനം വിശദമാക്കുന്നതിനിടെ കേജരിവാള്‍ പറഞ്ഞു.

പരിസ്ഥിതി വകുപ്പിന്റെകൂടി ചുമതലയുണ്ടായിരുന്ന മന്ത്രി അസിം ഖാന്‍ ഇടനിലക്കാരന്‍ വഴി ഒരു കെട്ടിട നിര്‍മാതാവിനോടു കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖയും ആം ആദ്മി സര്‍ക്കാര്‍ പുറത്തു വിട്ടു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ശബ്ദരേഖയില്‍ അസിം ഖാന്‍ കൈക്കൂലി ആവശ്യപ്പെടുന്നത് വ്യക്തമാണ്. അഴിമതിയുടെ കാര്യത്തില്‍ മന്ത്രിയെന്നോ ഉദ്യോഗസ്ഥരെന്നോ വ്യത്യാസമില്ല. തെളിവു നല്‍കിയാല്‍ ആര്‍ക്കെതിരേയും നപടിയെടുക്കുമെന്നും കേജരിവാള്‍ വ്യക്തമാക്കി.

അതിനിടെ, അസിം അഹമ്മദ് ഖാനെപ്പോലെ അഴിമതി ആരോപണവിധേയരായ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനെയും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയെയും പുറത്താക്കാന്‍ ബിജെപിക്കു ധൈര്യമുണ്േടായെന്ന് കേജരിവാള്‍ വെല്ലുവിളിച്ചു. കേജരിവാളിന്റെ ദ്രുതഗതിയിലുള്ള നടപടികളെ തമാശയെന്നാണ് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് വിശേഷിപ്പിച്ചത്. മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാനുള്ള തന്ത്രമാണെന്നും അവര്‍ ആരോപിച്ചു. വസ്തുതകള്‍ പരിശോധിക്കാതെയും ആരോപണങ്ങള്‍ തെളിയിക്കാതെയുമാണു മന്ത്രിക്കെതിരേ നപടിയെടുത്തിരിക്കുന്നതെങ്കില്‍ കേജരിവാള്‍ അപഹാസ്യനാകുമെന്നും ദീക്ഷിത് മുന്നറിയിപ്പു നല്‍കി. കേജരിവാള്‍ പുറത്താക്കല്‍ നാടകം സംഘടിപ്പിക്കുകയാണെന്ന് ബിജെപി കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദും കുറ്റപ്പെടുത്തി.


പുറത്താക്കപ്പെട്ട മന്ത്രി കൈക്കൂലിയായി ആറു ലക്ഷം രൂപ വാങ്ങിയെന്നു ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് വ്യക്തമാക്കി. കോണ്‍ഗ്രസും ബിജെപിയും ഇക്കാര്യത്തില്‍ തങ്ങളുടെ പാത പിന്തുടരുമെന്നാണു വിശ്വാസമെന്നും അശുതോഷ് വ്യക്തമാക്കി. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയിലെ 67 എംഎല്‍എമാരില്‍ അഞ്ചു പേരും ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവരാണ്. മുന്‍ നിയമമന്ത്രിയും എംഎല്‍യുമായ സോംനാഥ് ഭാരതി ഗാര്‍ഹിക പീഡനക്കേസില്‍ പോലീസ് കസ്റഡിയിലാണ്. നേരത്തേ, നിയമമന്ത്രി ജിതേന്ദ്രര്‍ സിംഗ് തൊമാര്‍ വ്യാജ ബിരുദക്കേസില്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കപ്പെടുകയും ജയിലിലാകുകയും ചെയ്തു. കോണ്ട്ലി എംഎല്‍എ മനോജ് കുമാര്‍ ഭൂമി തട്ടിപ്പു കേസില്‍ പ്രതിയാണ്. മറ്റൊരു എംഎല്‍എ സുരീന്ദര്‍ സിംഗ് ഡല്‍ഹി കോര്‍പറേഷനിലെ ജീവനക്കാരനെ ജാതിപ്പേരു വിളിച്ചാക്ഷേപിച്ചെന്ന് കേസില്‍ അറസ്റിലായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.