പീഡനം: പ്രസ്താവനയില്‍ കര്‍ണാടക മന്ത്രി ഖേദിച്ചു
Saturday, October 10, 2015 12:40 AM IST
ബംഗളൂരു: രണ്ടുപേര്‍ ചേര്‍ന്നു നടത്തുന്ന പീഡനത്തെ കൂട്ടമാനഭംഗമെന്നു പറയാനാവില്ലെന്ന കര്‍ണാടക ആഭ്യന്തരമന്ത്രിയും മലയാളിയുമായ കെ.ജെ. ജോര്‍ജിന്റെ പ്രസ്താവന വിവാദമായപ്പോള്‍ മന്ത്രി ഖേദം പ്രകടിപ്പിച്ചു. രണ്ടുപേര്‍ ചേര്‍ന്നു നടത്തുന്ന പീഡനത്തെ മാനഭംഗമെന്നു പറയാനാവില്ല. കൂട്ടബലാത്സംഗമെന്നത്, നാലഞ്ച്പേര്‍ പങ്കാളികളായ മാനഭംഗമാണ് എന്നായിരുന്നു മന്ത്രി പറഞ്ഞത്.

പ്രതിപക്ഷമുള്‍പ്പെടെ ശക്തമായി പ്രതിഷേധിക്കുകയും വിശദീകരണമാവശ്യപ്പെട്ടു ദേശീയ വനിതാ കമ്മിഷന്‍ നോട്ടീസ് നല്‍കുകയും ചെയ്തതോടെ മന്ത്രി നിലപാട് മയപ്പെടുത്തി. ഒരാളായാലും ഒരു സംഘമായാലും മാനഭംഗം എന്നതു മാനഭംഗം തന്നെയാണ് എന്നായിരുന്നു പിന്നീടുള്ള വിശദീകരണം.

ബംഗളുരൂവില്‍ ഇരുപത്തിരണ്ടുകാരിയായ കോള്‍സെന്റര്‍ ജീവനക്കാരിയെ വാന്‍ ഡ്രൈവറും സഹായിയും ചേര്‍ന്നു മാനഭംഗം ചെയ്തതിനെക്കുറിച്ചു പ്രതികരിക്കുന്നതിനിടെയാണു മന്ത്രി വിവാദക്കുരുക്കില്‍പ്പെട്ടത്. രാത്രി ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ജീവനക്കാരിയെ, ലിഫ്റ്റ് നല്‍കാനെന്ന വ്യാജേന വാഹനത്തില്‍ കയറ്റിയാണു കൂട്ടമാനഭംഗത്തിനിരയാക്കിയത്. ജോലി കഴിഞ്ഞു രാത്രി പത്തുമണിയോടെ ഓട്ടോറിക്ഷ കാത്തുനില്‍ക്കുന്നതിനിടെ വാന്‍ നിര്‍ത്തി ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. യുവതിയെ ലക്ഷ്യസ്ഥാനത്ത് ഇറക്കാതെ വാഹനത്തിനുള്ളില്‍വച്ച് മാനഭംഗപ്പെടുത്തി അര്‍ധരാത്രി റോഡില്‍ തള്ളി. മധ്യപ്രദേശ് സ്വദേശിനിയാണ് പീഡനത്തിനിരയായത്.


ഈ സംഭവത്തെക്കുറിച്ചു പോലീസ് ഓഫീസര്‍മാരുടെ അവലോകനയോഗത്തിനുശേഷം മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദപ്രസ്താവന. ജീവനക്കാരിയെ വീട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം കമ്പനിക്കുണ്ടായിരുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.