മുംബൈയില്‍ വിലക്കിയ ഗുലാം അലിക്ക് ഡല്‍ഹിയിലേക്കു ക്ഷണം
Friday, October 9, 2015 12:23 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മുബൈയിലും പൂനയിലും ശിവസേന വിലക്കിയ പ്രശസ്ത പാക്കിസ്ഥാനി ഗസല്‍ ഗായകനു ഡല്‍ഹിയിലേക്കു ക്ഷണം. ശിവസേന വിലക്കിയതിനെത്തുടര്‍ന്നു കഴിഞ്ഞ ദിവസം ഈ വിഖ്യാത ഗായകന്റെ മുംബൈയിലെ സംഗീത പരിപാടി റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്നു ഡല്‍ഹിയിലേക്ക് അരവിന്ദ് കേജരിവാള്‍ സര്‍ക്കാരാണു ഗുലാം അലിയെ ക്ഷണിച്ചിരിക്കുന്നത്. ഡല്‍ഹി നിമയ-സാംസ്കാരിക മന്ത്രി കപില്‍ മിശ്രയാണ് ഗുലാം അലിയെ ക്ഷണിച്ചിരിക്കുന്നത്. സംഗീതത്തിന് അതിരുകളില്ല. ഗുലാം അലിയെ മുംബൈയില്‍ പാടാന്‍ അനുവദിക്കാത്തതില്‍ ദുഃഖമുണ്ട്. അതു കൊണ്ടാണ് അദ്ദേഹത്തെ ഡല്‍ഹിയിലേക്കു ക്ഷണിച്ചതെന്നു കപില്‍ മിശ്ര ട്വിറ്ററില്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇഷ്ടഗായകനായ ഗുലാം അലിയെ ആണു ബിജെപി സഖ്യകക്ഷിയായ ശിവസേന പാക്കിസ്ഥാനി എന്നാരോപിച്ചു മുംബൈയില്‍ പാടുന്നതു വിലക്കിയെന്നതാണ് ഇക്കാര്യത്തില്‍ ഏറെ ശ്രദ്ധേയമായ വസ്തുത. ഗുലാം അലിയോടുള്ള തന്റെ സ്നേഹം മോദി നേരിട്ടു വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വര്‍ഷം ആദ്യം നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ ഗുലാം അലിയുടെ ഒരു സംഗീത പരിപാടിയുണ്ടായിരുന്നെങ്കിലും അതില്‍ പങ്കെടുക്കാന്‍ മോദിക്കു കഴിഞ്ഞില്ല. പിന്നീടു ദില്ലിയില്‍ വച്ചു മോദി ഗുലാം നബിയെ കാണുകയും ആ വിവരം ട്വിറ്ററിലൂടെ മോദി തന്നെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.

നൂറ്റാണ്ടിന്റെ ഗസല്‍ ഗായകന്‍ എന്നറിയപ്പെട്ടുന്ന ഗുലാം അലിയുടെ സംഗീത പരിപാടിക്കു വിലക്കേര്‍പ്പെടുത്തിയതിനു ശിവസേന ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങിയിരുന്നു. മുംബൈയിലെ സംഗീത പരിപാടി റദ്ദാക്കിയതില്‍ തനിക്ക് ആരോടും പരിഭവമോ ദേഷ്യമോ ഇല്ലെന്നു വ്യക്തമാക്കിയ ഗുലാം അലി ഏറെ ദുഃഖമുണ്െടന്ന് പറഞ്ഞു. തന്റെ സഹോദര തുല്യനായ ജഗജീത് സിംഗിനുള്ള സമര്‍പ്പണമായിരുന്നു ആ സംഗീത പരിപാടി. ഇത്തരം വിവാദങ്ങള്‍ ശുദ്ധ സംഗീതത്തെ തകര്‍ക്കുമെന്നും ഗുലാം അലി പറഞ്ഞു. പരിപാടി റദ്ദാക്കിയതില്‍ പ്രശസ്ത എഴുത്തുകാരി തസ്ലീമ നസ്റിനും നടുക്കം പ്രകടിപ്പിച്ചു. ഇന്ത്യ ഹിന്ദു സൌദി ആയി മാറിയെന്ന് അവര്‍ ട്വിറ്ററില്‍ പ്രതികരിച്ചു. അതേസമയം, സംസ്ഥാന ഭരണത്തില്‍ ശിവസേനയ്ക്കൊപ്പം നില്‍ക്കുന്ന ബിജെപി സേനയുടെ നടപടിയില്‍നിന്ന് അകലം പാലിച്ചു. ഗുലാം അലിയോട് സേന ചെയ്യുന്നത് തികച്ചും തെറ്റാണ്. അദ്ദേഹത്തെ പോലുള്ള ആളുകളെ അതിര്‍ത്തി വേര്‍തിരിവുകള്‍ക്കു മുകളിലാണെന്നായിരുന്നു കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി ഈ സംഭവത്തോടു പ്രതികരിച്ചത്. മുംബൈയിലെ പരിപാടി റദ്ദാക്കിയതിനു പിന്നാലെയാണു ശനിയാഴ്ച പൂനയില്‍ നടത്താനിരുന്ന പരിപാടിയും റദ്ദാക്കിയത്.


പാക്കിസ്താന്‍ പൌരനാണെന്നതിന്റെ പേരില്‍ ഗുലാം അലിയുടെ പരിപാടി റദ്ദാക്കിയതില്‍ പാക്കിസ്താന്‍ അതൃപ്തി അറിയിച്ചു. ഉഭയകക്ഷി ബന്ധം നിലനിര്‍ത്താന്‍ സാംസ്കാരിക പരിപാടികള്‍ പരമപ്രധാനമാണെന്ന് പാക്കിസ്ഥാന്‍ ഇന്ത്യയിലെ ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് വഴി ഇന്ത്യയെ അറിയിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരെ പാക്കിസ്ഥാന്‍ കൊന്നൊടുക്കുമ്പോള്‍ സാംസ്കാരികപരമായ ബന്ധം തുടരുന്നതില്‍ അര്‍ഥമില്ലെന്നും പരിപാടി നടത്താന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്നുമായിരുന്നു ശിവസേനയുടെ മുന്നറിയിപ്പ്. മുംബൈയിലെ ഷണ്‍മുഖാനന്ദ ഓഡിറ്റോറിയത്തിലായിരുന്നു ഗസല്‍ നിശ്ചയിച്ചിരുന്നത്. പരിപാടി റദ്ദാക്കിയതിനെതിരേ ഗുലാം അലിയുടെ ആരാധകരോടൊപ്പം നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.