അകവും പുറവും മിനുക്കും; ട്രെയിനുകള്‍ക്കു നിറവും മാറും
അകവും പുറവും മിനുക്കും; ട്രെയിനുകള്‍ക്കു നിറവും മാറും
Friday, October 9, 2015 12:15 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: പാലക്കാട് കഴിഞ്ഞാല്‍ പിന്നെ കേരളാ എക്സ്പ്രസിനും മുറുക്കിത്തുപ്പിയ നിറമാണെന്ന ആക്ഷേപങ്ങള്‍ കഴുകിക്കളയാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. പ്രതീക്ഷകളുടെ ട്രാക്കില്‍ ഏറെദൂരം മുന്നോട്ട് കുതിക്കാനുള്ള തയാറെടുപ്പില്‍ അത്യാധുനിക സൌകര്യങ്ങളോടെ നിറംമാറിയ കോച്ചുകള്‍ ഈവര്‍ഷം അവസാനം ഓടിക്കാനുള്ള തീവ്ര യത്നത്തിലാണു റെയില്‍വേ മന്ത്രാലയം. പതിറ്റാണ്ടുകള്‍ പഴക്കമുള്ള കോച്ചുകളുടെ രൂപകല്‍പനയില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്തിയാണു രാജ്യത്തെ ട്രെയിനുകള്‍ നിറം ഉള്‍പ്പടെ മാറി പുത്തന്‍ രൂപത്തിലേക്കു മാറുന്നത്.

നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ട്രെയിനുകളുടെ രൂപം അടിമുടി മാറ്റാനുള്ള രൂപരേഖ നേരത്തേ തന്നെ തയാറാക്കിയിരുന്നു. ഇതു സംബന്ധിച്ച് അന്തിമ രൂപരേഖ തയാറാക്കുന്നതിനു മുമ്പായി ഇന്നും നാളെയും നടക്കുന്ന വിദേശ വിദഗ്ധരുമായുള്ള ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന ആധുനിക സൌകര്യങ്ങളും ഇന്ത്യന്‍ റെയില്‍വേയോടു ചേരും.

പുതിയ സൌകര്യങ്ങളോടു കൂടിയ 62,000 കോച്ചുകള്‍ നിര്‍മിക്കാനാണു റെയില്‍വേയുടെ പദ്ധതി. കപൂര്‍ത്തലയിലെ റെയില്‍വേ കോച്ച് ഫാക്ടറിയില്‍ ഒരു ദിവസം അഞ്ച് ആധുനിക കോച്ചുകള്‍ വീതം നിര്‍മിക്കും. ആധുനിക കോച്ചുകള്‍ ഈ വര്‍ഷം ഡിസംബറോടെ ദീര്‍ഘദൂര ട്രെയിനുകളില്‍ ഘടിപ്പിച്ചു തുടങ്ങാമെന്നാണു പ്രതീക്ഷ. ട്രെയിനുകളുടെ രൂപം പരിഷ്കരിക്കുന്നതിനു മുമ്പായി ഇന്ത്യന്‍ റെയില്‍വേ ഒമ്പതു രാജ്യങ്ങളിലെ ഡിസൈനര്‍മാരുമായും വിദഗ്ധരുമായും ഇന്നും നാളെയും ചര്‍ച്ച നടത്തും. ചൈന, ഇറ്റലി, ജപ്പാന്‍, സ്പെയിന്‍, ഓസ്ട്രേലിയ, ജര്‍മനി, ഇംഗ്ളണ്ട്, അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിദഗ്ധരുടെ ഉപദേശം തേടും. ഇന്നും നാളെയുമായി നടക്കുന്ന സെമിനാറില്‍ ഇതു സംബന്ധിച്ച വിശദമായ ചര്‍ച്ച നടക്കും. പുതിയ പരിഷ്കാരങ്ങളെല്ലാം ഉള്‍പ്പെടുത്തിയ മുഴുവന്‍ കോച്ചുകളുമായി ഒരു ട്രെയിനെങ്കിലും ഉടന്‍ ഓടിക്കാനുള്ള തീരുമാനത്തിലാണ് റെയില്‍വേ മന്ത്രാലയം. ഇന്ത്യയുടെ പ്രതിച്ഛായ പ്രതിഫലിക്കുന്ന വിധത്തില്‍ വണ്‍ ഇന്ത്യ, വണ്‍ റെയില്‍വേ എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കണം രൂപമാറ്റം എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിരുന്നു.


ബെര്‍ത്തില്‍ കയറാന്‍ പടി

റെയില്‍വേയില്‍ വരാനിരിക്കുന്ന പരിഷ്കാരങ്ങള്‍:
ജനറല്‍, സ്ളീപ്പര്‍, എസി ഒന്ന്, രണ്ട്, മൂന്ന് ക്ളാസ് കോച്ചുകള്‍ അടിമുടി അണിഞ്ഞൊരുങ്ങും. സീറ്റുകള്‍, ബെര്‍ത്തുകള്‍, ടോയ്ലറ്റ് എന്നിവയില്‍ സമൂല മാറ്റങ്ങളുണ്ടാകും.
ഇതുവരെ വലിഞ്ഞു കയറിയിരുന്ന ബെര്‍ത്തുകളിലേക്ക് ഇനി പടി ചവിട്ടിക്കയറാം.
സ്വിച്ചിട്ടാലും കറങ്ങാത്ത ഫാനുകളും തെളിയാത്ത ബള്‍ബുകള്‍ക്കും പകരം കാറ്റും കറക്കവുമുള്ള പുത്തന്‍ ഫാനുകളും എല്‍ഇഡി ബള്‍ബുകളും വരും.
കോച്ചുകളുടെ നിറത്തിലും മാറ്റമുണ്ടാകും.
വെള്ളക്കുപ്പികള്‍ വയ്ക്കാനുള്ള ഹോള്‍ഡറുകളും ഭക്ഷണം കഴിക്കാനുള്ള ട്രേകളും പുത്തന്‍ രൂപമണിയും.
മാലിന്യങ്ങള്‍ നിക്ഷേപിക്കാന്‍ പ്രത്യേകം സംവിധാനമുണ്ടാകും.
എളുപ്പത്തില്‍ വൃത്തിയാക്കാവുന്നതും നനവില്ലാത്തതുമായ രീതിയില്‍ ടോയ്ലറ്റുകള്‍ പരിഷ്കരിക്കും.
ശുദ്ധജലവും ചായയും കാപ്പിയും വരുന്ന വെന്‍ഡിംഗ് മെഷീനുമുണ്ടാകും.
ബുഫെ സംവിധാനമുള്ള ഡൈനിംഗ് ലോഞ്ചുകളോടു കൂടിയ പാന്‍ട്രി കാര്‍ കോച്ചുകള്‍.
ശതാബ്ദി, രാജധാനി ട്രെയിനുകളില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിക്കും.
തീപിടിക്കാത്ത സിലിക്കണ്‍ ഫോം ഉപയോഗിച്ചുള്ള സീറ്റുകള്‍ ഇരിപ്പ് കൂടുതല്‍ സുഖപ്രദമാക്കും.
കാഴ്ച വൈകല്യമുള്ളവര്‍ക്കായി ബ്രെയില്‍ ലിപിയില്‍ റിസര്‍വേഷന്‍ ചാര്‍ട്ട് തയാറാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.