ഹിന്ദുത്വ പ്രീണനം: നയന്‍താര സേഗാള്‍ സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ചുകൊടുത്തു
ഹിന്ദുത്വ പ്രീണനം: നയന്‍താര സേഗാള്‍ സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ചുകൊടുത്തു
Wednesday, October 7, 2015 1:07 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പ്രശസ്ത ഇന്ത്യന്‍ ഇംഗ്ളീഷ് എഴുത്തുകാരി നയന്‍താര സേഗാള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഹിന്ദുത്വ പ്രീണന നീക്കങ്ങളില്‍ പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ചുകൊടുത്തു. 1986ല്‍ റിച്ച് ലൈക്ക് അസ് എന്ന ഇംഗ്ളീഷ് നോവലിനു നല്‍കിയ അവാര്‍ഡാണ് തിരികെ നല്‍കുകയാണെന്ന് അറിയിച്ചത്. അധികാരത്തിലിരിക്കുന്നവരുടെ ഹി ന്ദുത്വ ആശയങ്ങളോട് വിയോജിപ്പു പ്രകടിപ്പിക്കുന്നവര്‍ക്കു സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ കേന്ദ്ര ഭരണകൂടം പരാജയപ്പെട്ടതായി 'അണ്‍മേക്കിംഗ് ഓഫ് ഇന്ത്യ' എന്ന തലക്കെട്ടില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ നയന്‍താര വിമര്‍ശിച്ചു.

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സഹോദരി വിജയലക്ഷമി പണ്ഡിറ്റിന്റെ പുത്രിയാണ് എണ്‍പത്തെട്ടുകാരിയായ നയന്‍താര. ഗോമാംസം കഴിച്ചെന്ന് ആരോപിച്ച് ഒരു മുസ്ലിമിനെ മര്‍ദിച്ചു കൊലപ്പെടുത്തിയതും എഴുത്തുകാരും യുക്തിവാദികളുമായ എം.എം. കല്‍ബുര്‍ഗി, നരേന്ദ്ര ദബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരെ കൊലപ്പെടുത്തിയ സംഭവങ്ങളുമാണ് ഇത്തരമൊരു തീരുമാനമെടുപ്പിച്ചതെന്നും അവര്‍ വിശദമാക്കുന്നു.


വിയോജിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന ഓരോ പൌരനും ഉറപ്പ് നല്‍കുന്നുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ബഹുസ്വരതയും ആശയ സംവാദവും കടുത്ത ആക്രമണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണെന്നു അവര്‍ ചൂണ്ടിക്കാട്ടി. പല കാര്യങ്ങളിലും പ്രധാനമന്ത്രി നിശബ്ദനാണ്. കുറഞ്ഞത് ഈ കൊലപാതകങ്ങളെ അപലപിക്കാന്‍ പോലും അദ്ദേഹം തയാറായിട്ടില്ല. പ്രധാനമന്ത്രി ഒരു പ്രസ്താവന പോലും നടത്താതിരിക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയും അത് കൂടുതല്‍ അപകടങ്ങളിലേക്കു എത്തിക്കുകയും ചെയ്യുമെന്നും നയന്‍താര സേഗാള്‍ പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ചു നയന്‍താര സേഗാള്‍ രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.