ദാദ്രി സംഭവം: പിതാവിന്റെ മരണത്തില്‍ മനംനൊന്ത് സൈനികനായ മകന്‍
Tuesday, October 6, 2015 12:38 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: രാജ്യത്തിനു വേണ്ടി സൈനിക സേവനം നടത്തുന്ന താനാണോ അതോ ഗോവധവം നടത്തിയെന്നും ഗോ മാംസം ഭക്ഷിച്ചെന്നും ആരോപിച്ചു തന്റെ പിതാവിനെ അടിച്ചു കൊന്ന ജനക്കൂട്ടമാണോ യഥാര്‍ഥ ദേശസ്നേഹികളെന്നു സര്‍താജ്. തന്റെ പിതാവിന്റെ ദാരുണ മരണത്തെ രാഷ്ട്രീയത്തിലേക്കു വലിച്ചിഴയ്ക്കരുതെന്നും ദാദ്രിയില്‍ ഗോവധം ആരോപിച്ചു ജനക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് ആഖ്ലാഖിന്റെ മകന്‍ സര്‍താജ് ഇന്നലെ അപേക്ഷിച്ചു.

ഇന്ത്യയെ സേവിക്കുന്ന താ നാണോ അതോ ആക്രണം നടത്തിയ ജനക്കൂട്ടമാണോ എന്ന് ആവര്‍ത്തിച്ചു ചോദിച്ച സര്‍ത്താജ് തനിക്ക് ഇന്ത്യയിലുള്ള വിശ്വാസം അചഞ്ചലമാണെന്നും വ്യക്തമാക്കി. പിതാവിന്റെ ആഗ്രഹമനുസരിച്ചാണു വായുസേനയില്‍ ചേര്‍ന്നത്. അദ്ദേഹത്തിന്റെ സ്വപ്നസാക്ഷാത്കാരത്തിനായി സൈനിക സേവനം തുടരും. ഇന്ത്യയിലെ നിയമസംവിധാനത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. തന്റെ കുടുംബത്തിനു നീതി ലഭിക്കുമെന്നാണു പ്രതീക്ഷ. വെറും ഊഹാപോഹത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പാവം മനുഷ്യനെ അടിച്ചു കൊന്നവരുടെ പേരില്‍ ഒരു രാജ്യവും അഭിമാനിക്കില്ലെന്നും സര്‍താജ് പറഞ്ഞു.

രാജ്യം മുഴുവന്‍ തങ്ങളോടൊപ്പമാണെന്നറിയാം. സ്കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ ബിസിനസില്‍ താത്പര്യം ഉണ്ടായിരുന്ന താന്‍ പിതാവിന്റെ നിര്‍ബന്ധം അനുസരിച്ചാണ് വായു സേനയില്‍ ചേര്‍ന്നത്. അദ്ദേഹം തികഞ്ഞ രാജ്യഭക്തനായിരുന്നു. സൈന്യത്തില്‍ ചേരുന്നതാണ് രാജ്യസേവനത്തിനുള്ള ഉത്തമ മാര്‍ഗമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നുവെന്നും സര്‍താജ് പറഞ്ഞു. പിതാവിന്റെ ആഗ്രഹമനുസരിച്ച് 2008ലാണ് സര്‍താജ് വായുസേനയില്‍ ചേരുന്നത്. ഗ്രാമത്തില്‍ നിന്നും താമസം മാറുന്നതിനെക്കുറിച്ചു പറഞ്ഞപ്പോഴെല്ലാം ഈ ഗ്രാമം മുഴുവന്‍ തങ്ങളോടൊപ്പം ആണെന്നായിരുന്നു പിതാവിന്റെ വാക്കുകളെന്നും സര്‍താജ് ഓര്‍മിക്കുന്നു. തന്റെ ഇളയ സഹോദരനായ ഡാനിഷിനെ സിവില്‍ സര്‍വീസുകാരനാക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. രാജ്യസേവനം മുന്നില്‍ കണ്ടായിരുന്നു ഈ ആഗ്രവും. മുഹമ്മദിനെ കൊലപ്പെടുത്തിയ ജനക്കൂട്ടത്തിന്റെ ആക്രണത്തില്‍ തലച്ചോറിനു ഗുരുതരമായി ക്ഷതമേറ്റ ഡാനിഷ് അത്യാസന്ന നിലയിലാണ്.


വായുസേന ഉദ്യോഗസ്ഥനായ മുഹമ്മദിന്റെ മൂത്ത പുത്രനായ സര്‍താജ് തങ്ങളെ സന്ദര്‍ശിച്ച് വേദന പങ്കിട്ട എല്ലാവരോടും നന്ദി പ്രകാശിപ്പിച്ചു. എന്നാല്‍, തന്റെ പിതാവിന്റെ മരണം രാഷ്ട്രീയ നീക്കങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് നേതാക്കളോട് അഭ്യര്‍ഥിക്കുന്നതായും സര്‍താജ് പറഞ്ഞു.

പിതാവിന്റെ മരണശേഷം നിരവധി നേതാക്കള്‍ തങ്ങളുടെ വീടു സന്ദര്‍ശിച്ചു. നേതാക്കളെല്ലാം തന്നെ വിവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. തുടര്‍ന്ന് യുപി മന്ത്രി അസംഖാന്റെ സന്ദര്‍ശനത്തെക്കുറിച്ചു ചോദിച്ചപ്പോഴാണ് പിതാവിന്റെ മരണത്തെ രാഷ്ട്രീയവത്കരിക്കരുതെന്നു സര്‍താജ് പ്രതികരിച്ചത്. അദ്ദേഹം വരികയാണെങ്കില്‍ ഞങ്ങളോടൊപ്പം ദുഖം പങ്കു വയ്ക്കാം. എന്നാല്‍ ഈ സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നാണ് അദ്ദേഹത്തോടുള്ള അപേക്ഷയെന്നും സര്‍താജ് പറഞ്ഞു.

ഇന്നലെ ദാദ്രി സംഭവം ഉള്‍പ്പടെ ഇന്ത്യയിലെ വര്‍ഗീയ പ്രശ്നങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് അസംഖാന്‍ വ്യക്തമാക്കിയിരുന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ദാദ്രിയില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയില്‍ ആയിട്ടില്ല. കൊല്ലപ്പെട്ട മുഹമ്മദിന്റെ കുടുംബം ഇനിയും ഗ്രാമത്തിലേക്കു മടങ്ങാതെ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഗസ്റ് ഹൌസിലാണ് ഇപ്പോഴും താമസിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.