ജീവനക്കാരുടെ സമ്മര്‍ദം കുറയ്ക്കാന്‍ വനസഞ്ചാരം നടത്തണമെന്നു കേന്ദ്രം
Monday, October 5, 2015 12:38 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ജീവനക്കാരുടെ ജോലിഭാരവും സമ്മര്‍ദവും അതിജീവിക്കാന്‍ യോഗ ജീവിതചര്യയാക്കണമെന്നു നിര്‍ദേശിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായില്ല. ഇപ്പോള്‍ യോഗയ്ക്കൊപ്പം വനസഞ്ചാരം ഉള്‍പ്പെടെയുള്ള സാഹസിക യാത്രകള്‍ കൂടി നടത്തണമെന്നാണു കേന്ദ്രസര്‍ക്കാര്‍ പുതുതായി നിര്‍ദേശിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഹാജരില്ലായ്മയും അവധിയെടുക്കലും കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണു കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും വ്യക്തിത്വ പരിശീലനത്തിന്റെ ഭാഗമായി കാട്ടിലൂടെയുള്ള യാത്രകളും റാഫ്റ്റിംഗ് പോലുള്ളവയും നടത്തണമെന്നാണു സമ്മര്‍ദം കുറയ്ക്കാന്‍ നിര്‍ദേശിച്ചിരുന്നത്. ട്രക്കിംഗ്, പര്‍വതാരോഹണം, റോപ്പ് ക്ളൈമ്പിംഗ്, പാരാഗ്ളൈഡിംഗ്, സര്‍ഫിംഗ്, സ്നോര്‍ക്കലിംഗ് തുടങ്ങിയ ഇനങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളുമായി ചേര്‍ന്നു ജിംനേഷ്യങ്ങള്‍ സ്ഥാപിക്കുകയും പരിശീലനം നടത്തുകയും വേണമെന്നാണു പ്രധാന നിര്‍ദേശം. ഇതിലൂടെ അസുഖം മൂലം ഹാജര്‍ കുറയുന്നതും അവധിയെടുക്കലുകളും പരിഹരിക്കാമെന്നും പേഴ്സണല്‍ മന്ത്രാലയത്തിന്റെ മെമ്മോറാണ്ടത്തില്‍ പറയുന്നു.


സാഹസിക യാത്രകളില്‍ പങ്കെടുക്കുന്നതു സംഘര്‍ഷവും സമ്മര്‍ദവും നേരിടുന്ന സമയങ്ങളില്‍ ശക്തമായ നിലപാടുകളെടുക്കുന്നതു സാധ്യമാക്കും. ഇതിനായി 20,000 രൂപ സാമ്പത്തിക സഹായവും ആവശ്യമുള്ള പ്രത്യേക അവധിയും നല്‍കും.

പദ്ധതി നടപ്പിലാക്കുന്നതിനു ട്രക്കിംഗ്, വനസഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറു സ്ഥാപനങ്ങളെയും പങ്കാളികളാക്കിയിട്ടുണ്ട്. അടല്‍ ബിഹാരി വാജ്പേയി ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മൌണ്ടനിയറിംഗ് ആന്‍ഡ് അലൈഡ് സ്പോര്‍ട്സ് മണാലി- ഹിമാചല്‍പ്രദേശ്, ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സ്കിംഗ് ആന്‍ഡ് മൌണ്ടനിയറിംഗ് ഗുല്‍മാര്‍ഗ്-ജമ്മു കാഷ്മീര്‍, നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സ് വാസ്കോഡ ഗാമ- ഗോവ, നെഹ്റു ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മൌണ്ടനിയറിംഗ് ഉത്തര്‍കാശി, സ്വാമി വിവേകാനന്ദ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മൌണ്ടനിയറിംഗ് മൌണ്ട് അബു- രാജസ്ഥാന്‍, ഗര്‍വാള്‍ മണ്ഡല്‍ വികാസ് നിഗം ലിമിറ്റഡ് ഡെറാഡൂണ്‍ എന്നി സ്ഥാപനങ്ങളാണ് പട്ടികയിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.