ഉച്ചഭക്ഷണപാത്രത്തില്‍ തൊട്ടതിനു ദളിത് ബാലന് അധ്യാപകന്റെ മര്‍ദനം
Monday, October 5, 2015 12:38 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സ്കൂളില്‍ ഉച്ചഭക്ഷണം വച്ച പാത്രത്തില്‍ തൊട്ടതിനു ദളിത് ബാലന് അധ്യാപകന്റെ മര്‍ദനം. രാജസ്ഥാനിലെ ജോധ്പൂരിലുള്ള സര്‍ക്കാര്‍ സ്കൂളില്‍ നിന്നാണ് അയിത്തത്തിന്റെയും തൊട്ടുകൂടായ്മയുടെയും പുതിയ സംഭവം പുറത്തുവന്നിരിക്കുന്നത്. ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച 90 വയസുള്ള ദളിത് വൃദ്ധനെ ഉത്തര്‍പ്രദേശില്‍ ചുട്ടുകൊന്നതിനു പിന്നാലെയാണു രാജ്യത്തെ ഞെട്ടിച്ച പുതിയ സംഭവം.

ഒന്നാം തീയതിയാണു ജോധ്പൂരിനടുത്തുള്ള ഓഷ്യന്‍ ടെഹസിലുള്ള സ്കൂളില്‍ നാലാം ക്ളാസുകാരനായ ദളിത് വിദ്യാര്‍ഥിക്ക് അധ്യാപകനായ ഹേമറാം ചൌധരിയില്‍നിന്നു മര്‍ദനമേറ്റത്. ദളിതര്‍ക്കു വേറെ പാത്രങ്ങളും കഴിക്കാനുള്ള നിരയുമുണ്െടന്നും അതല്ലാത്തവരുടെ ഇടയില്‍ കയറിയെന്നും മറ്റുള്ളവരുടെ ഭക്ഷണപാത്രത്തില്‍ തൊട്ടെന്നും പറഞ്ഞാണ് അധ്യാപകന്‍ മര്‍ദിച്ചതെന്നും വിദ്യാര്‍ഥിയുടെ പിതാവ് പോലീസ് സ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ ദിനേശ് മേഘ്വാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ചു ചോദിക്കാനെത്തിയ പിതാവ് മാനാറാം മേഘ്വാളിനെയും സ്കൂളില്‍ മര്‍ദിച്ചതായി പരാതിയുണ്ട്. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ദളിത്-പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരേ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു. അതേസമയം, ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ തടസമുണ്ടാക്കിയെന്നു കാണിച്ച് അധ്യാപകനായ ഹേമറാം ചൌധരി മാനാറാമിനെതിരേയും പരാതി നല്‍കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.