മോദിയെ കടന്നാക്രമിച്ച് സോണിയ ബിഹാറില്‍
മോദിയെ കടന്നാക്രമിച്ച് സോണിയ ബിഹാറില്‍
Sunday, October 4, 2015 11:42 PM IST
പാറ്റ്ന: ഇന്ത്യയിലെ ജനങ്ങള്‍ വിഭാഗീയതയിലേക്കോ അതോ സൌഹാര്‍ദത്തിലേക്കോ പോകണമോയെന്നു തീരുമാനിക്കുന്ന നിര്‍ണായക തെരഞ്ഞെടുപ്പാണു ബിഹാറിലേതെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി.

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കംകുറിച്ചു കഹാല്‍ഗഡില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകളെ രൂക്ഷമായി വിമര്‍ശിച്ച സോണിയ കേന്ദ്രസര്‍ക്കാര്‍ പുതിയ പദ്ധതികളൊന്നും അവതരിപ്പിക്കുന്നില്ലെ ന്നും കുറ്റപ്പെടുത്തി. മുന്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ പുതിയ രൂപത്തില്‍ അവതരിപ്പിക്കുക മാത്രമാണ് അദ്ദേഹം. പാക്കിംഗിലും റീപാക്കിംഗിലും വിദഗ്ധനായതിനാലാണിത്.

സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ പണപ്പെരുപ്പം കൂട്ടാനും യുവജനങ്ങളെ തൊഴില്‍രഹിതരാക്കാനുമേ സഹായിക്കൂ. തെരഞ്ഞെടുപ്പിലെ മുഖ്യചര്‍ച്ചാവിഷയങ്ങളിലൊന്നായ സംവരണത്തെക്കുറിച്ചും അവര്‍ നിലപാടു വ്യക്തമാക്കി. പട്ടികജാതി പട്ടികവര്‍ഗത്തിനും പിന്നോക്കക്കാര്‍ക്കും ഭരണഘടന അനുവദിച്ചിരിക്കുന്ന സൌജന്യങ്ങള്‍ നല്‍കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് അവര്‍ പറഞ്ഞു. സംവരണം സംബന്ധിച്ച ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തിനു മറുപടിയായാണ് ഈ നിലപാട് അവര്‍ പരസ്യപ്പെടുത്തിയത്.


മറ്റൊരു പ്രധാനമന്ത്രിയും തന്റെ രാഷ്ട്രീയ എതിരാളിയെക്കുറിച്ചു വിദേശമണ്ണില്‍ സംസാരിച്ചിട്ടില്ലെന്നും സോണിയ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനും മുതിര്‍ന്നു. അദ്ദേഹത്തിന്റെ ഇടുങ്ങിയ മനസും തരംതാണ രാഷ്ട്രീയവുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ബിഹാറിന്റെയോ രാജ്യത്തിന്റെയോ അന്തസിനെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നില്ല. മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങളില്‍ ജനങ്ങള്‍ക്കു വിശ്വാസമില്ല.

ഇന്ത്യയില്‍ ചെലവഴിക്കുന്നതിലും കൂടുതല്‍ സമയം അദ്ദേഹം വിദേശത്താണ്. സമ്പന്നരെ മാത്രം ആശ്ളേഷിക്കാനാണ് അദ്ദേഹത്തിനു താത്പര്യം. സാധാരണക്കാരെ പ്രധാനമന്ത്രി മറന്നു. അതിനാല്‍ ദേശീയ രാഷ്ട്രീയത്തില്‍ വഴിത്തിരിവ് സൃഷ്ടിക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ജെഡിയു, ആര്‍ജെഡി പാര്‍ട്ടികളുടെ വിശാല സഖ്യത്തിനു വോട്ട് ചെയ്യണമെന്നും സോണിയ അഭ്യര്‍ഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.