ദാദ്രിയില്‍ എത്തിയ കേജരിവാളിനെ തടഞ്ഞു
ദാദ്രിയില്‍ എത്തിയ  കേജരിവാളിനെ തടഞ്ഞു
Sunday, October 4, 2015 11:39 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ദാദ്രിയില്‍ ആക്രമണത്തിനിരയായ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ ജനക്കൂട്ടവും പോലീസും തടഞ്ഞു. പാര്‍ട്ടി നേതാക്കളായ സഞ്ജയ് സിംഗ്, അശുതോഷ് എന്നിവര്‍ക്കൊപ്പം രാവിലെ ഗ്രാമത്തിലെത്തിയ കേജരിവാളിനെ ജനക്കൂട്ടവും പോലീസും തടയുകയായിരു ന്നു. സംഭവ സ്ഥലത്തെക്കുറിച്ചു മോശമായ പ്രതിച്ഛായ പരത്തുന്നുവെന്നും ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്യുന്നു എന്നുമാരോപിച്ച് മാധ്യമ പ്രവര്‍ത്തകരെയും ഗ്രാമത്തിലേക്ക് കടക്കാന്‍ അനുവദിക്കാതെ വനിതകള്‍ സംഘടിച്ചു നിന്നു. പോലീസ് നോക്കി നില്‍ക്കെ എന്‍ഡിടിവിയുടെ വാനിന്റെ ചില്ലുകള്‍ തകര്‍ത്ത അക്രമികള്‍ വനിതാ മാധ്യമപ്രവര്‍ത്തകയെ കൈയേറ്റവും ചെയ്തു.


നിരപരാധികളെയാണ് കസ്റഡിയിലെടുത്തതെന്നാരോപിച്ചു ഗ്രാമത്തിലെ വനിതകള്‍ അഖ്ലാക്കിന്റെ വീടിനു സമീപം ഉപരോധം തീര്‍ക്കാനും ശ്രമം നടത്തി. പ്രദേശത്ത് സംഘര്‍ഷാവസ്ഥയാണെ ന്നു ചൂണ്ടിക്കാട്ടി കേജരിവാളിനെ കടത്തിവിടാന്‍ പൊലീസ് ആദ്യം കൂട്ടാക്കിയില്ല.

എന്നാല്‍ കേന്ദ്രമന്ത്രി മഹേഷ് ശര്‍മയും മജ്ലിസ് നേതാവ് ഉവൈസിയും സന്ദര്‍ശിച്ചപ്പോള്‍ തടയാ ത്ത പോലീസ് തന്നെ മാത്രം തടഞ്ഞുവെച്ചതിനെ കേജരിവാള്‍ ചോദ്യം ചെയ്തു. പിന്നീട് മറ്റൊരു വഴിയിലൂടെ കനത്ത സുരക്ഷയിലാണ് കേജരിവാളിനെ പോകാന്‍ അനുവദിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.