മാഗിക്കു മുമ്പേ ബാബ രാംദേവിന്റെ പതഞ്ജലി ആട്ട നൂഡില്‍സ്
മാഗിക്കു മുമ്പേ ബാബ രാംദേവിന്റെ പതഞ്ജലി ആട്ട നൂഡില്‍സ്
Sunday, October 4, 2015 12:57 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച മാഗി നൂഡില്‍സ് വിപണിയില്‍ തിരിച്ചുവരുന്നതിനു തൊട്ടുമുമ്പേ ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ കമ്പനിയുടെ ആട്ട നൂഡില്‍സ് രണ്ടാഴ്ചയ്ക്കകം രാജ്യത്തു വില്‍പനയ്ക്കെത്തും. തുടക്കത്തില്‍ വില കുറച്ചു ഇന്ത്യയിലെ നൂഡില്‍സ് വിപണി പിടിച്ചെടുക്കാന്‍ രാംദേവ് തയാറെടുപ്പു പൂര്‍ത്തിയാക്കി. എന്നാല്‍, ഈ മാസം തന്നെ വിപണിയില്‍ തിരിച്ചെത്താനും മുമ്പു വിറ്റിരുന്നതിലും ഗണ്യമായി വില കുറയ്ക്കാനും മാഗി നൂഡില്‍സും തയാറെടുത്തു.

പതഞ്ജലി നൂഡില്‍സ് വിപണിയിലിറക്കുന്നതിന് അനുമതി ലഭിച്ചതായി പ്രധാന വിതരണക്കാര്‍ അറിയിച്ചു. ഉത്പന്നം 15 ദിവസത്തിനകം വിപണിയിലെത്തുമെന്നു മുംബൈയിലെ പ്രധാന വിതരണക്കാരായ പിറ്റി ഗ്രൂപ്പിന്റെ സിഇഒ ആദിത്യ പിറ്റി വ്യക്തമാക്കി. പതഞ്ജലി വെജ് ആട്ട നൂഡില്‍സിന്റെ 70 ഗ്രാം പാക്കറ്റിന് 15 രൂപയായിരിക്കും വില. നിരോധനത്തിനു മുമ്പു മാഗി നൂഡില്‍സിനുണ്ടായിരുന്ന വിലയേക്കാള്‍ 30 ശതമാനത്തോളം കുറവാണിത്.

എന്നാല്‍, മത്സരം നേരിടാന്‍ വീണ്ടും പുറത്തിറക്കാനിരിക്കുന്ന മാഗി നൂഡില്‍സിനു പതഞ്ജലി നൂഡില്‍സിനേക്കാള്‍ അളവു കൂട്ടിയും വില കുറച്ചും വില്‍ക്കാനാണു നെസ്ലെ കമ്പനിയുടെ തീരുമാനം. മാഗി ആട്ട ന്യൂഡില്‍സിന്റെ പുതിയ 80 ഗ്രാം പായ്ക്കറ്റിന് 25 രൂപയാണു വില നിശ്ചയിച്ചിരിക്കുന്നത്. എങ്കിലും വ്യാപക പ്രചാരണവും നിരോധനവും മൂലം നഷ്ടമായ ജനവിശ്വാസം വീണ്െടടുക്കാന്‍ മാഗിക്കു സമയമെടുക്കും. മുമ്പുണ്ടായിരുന്ന വിപണി അതേ തോതില്‍ തിരിച്ചുപിടിക്കാനും കഴിഞ്ഞേക്കില്ലെന്നു നെസ്ലെ ഇന്ത്യ കണക്കുകൂട്ടുന്നു.

നിരോധനത്തിനു മുമ്പു ഇന്ത്യയിലെ മൊത്തം നൂഡില്‍സ് വിപണിയുടെ 80 ശതമാനവും മാഗിക്കായിരുന്നു. 4000 കോടി രൂപയുടേതായിരുന്നു രാജ്യത്തെ ന്യൂഡല്‍സ് വിപണി. കഴിഞ്ഞ മേയ് മാസത്തിലായിരുന്നു മാഗി നൂഡില്‍സില്‍ അനുവദനീയമായതിലും കൂടുതല്‍ ഈയത്തിന്റെ അംശം ഉണ്െടന്ന വ്യാപക പ്രചാരണം ഇന്ത്യയിലാരംഭിച്ചത്. ഉത്തരേന്ത്യയിലെ ചില വിപണികളില്‍ നിന്നു പിടിച്ചെടുത്ത പായ്ക്കറ്റുകളിലാണു ഈയത്തിന്റെ അംശം കണ്ടതെന്നായിരുന്നു റിപ്പോര്‍ട്ട്.


നെസ്ലെ കമ്പനിയുടെ മാഗി നൂഡില്‍സിനെ രാജ്യത്താകെ നിരോധിക്കുന്നതിനും മാഗിക്കെതിരേ രാജ്യത്തു വ്യാപക പ്രചാരണം അഴിച്ചുവിടുന്നതിനും പിന്നില്‍ രാംദേവിന്റെ കൈകളായിരുന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതാണു പുതിയ നീക്കം. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റാന്‍ഡേര്‍ഡ്സ് അഥോറിറ്റിയാണ് (എഫ്എസ്എസ്എഐ) പതഞ്ജലി ആട്ട നൂഡില്‍സിന് അനുമതി നല്‍കിയത്. മാഗി നൂഡില്‍സ് നിരോധിച്ച കഴിഞ്ഞ ജൂണില്‍ മാത്രമാണു രാംദേവിന്റെ കമ്പനി പുതിയ നൂഡില്‍സിനു അനുമതി തേടിയതെന്നതും ശ്രദ്ധേയമാണ്.

രാംദേവിന്റെ നൂഡില്‍സിനു അനുമതി നല്‍കിയ എഫ്എസ്എസ്എ അഥോറിറ്റി തന്നെയാണു കഴിഞ്ഞ ജൂണില്‍ മാഗി നൂഡില്‍സ് രാജ്യത്താകെ നിരോധിച്ചത്. മാഗി ഇന്‍സ്റന്റ് നൂഡില്‍സിന്റെയും ഓട്ട്സ് മസാല നൂഡില്‍സിന്റെയും ഒമ്പതു വ്യത്യസ്ത രുചിഭേദങ്ങളില്‍ പെട്ട ഇനങ്ങളും അപ്പാടെ പിന്‍വലിക്കാനും അഥോറിറ്റി ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണു രാജ്യത്താകെ മാഗി നൂഡില്‍സ് വിപണിയില്‍ നിന്നു അപ്രത്യക്ഷമായത്.

മാഗി നൂഡില്‍സ് നിരോധിച്ചതിനു പിന്നാലെ ആട്ട ഉപയോഗിച്ചു കുട്ടികള്‍ക്കു പോഷക സമൃദ്ധമായ ഭക്ഷ്യോത്പന്നമായി നൂഡില്‍സ് തന്റെ കമ്പനി പുറത്തിറക്കുമെന്നു ബാബ രാംദേവ് പ്രഖ്യാപിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തായ രാംദേവിന്റെ കമ്പനി കോടികളുടെ വളര്‍ച്ചയാണ് ഒരു വര്‍ഷത്തിനുള്ളില്‍ നേടിയത്. രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ മരുന്നുകളില്‍ അനുവദനീയമാതിലും കൂടുതല്‍ ഇരുമ്പിന്റെ അംശവും എല്ലുപൊടിയുടെ അംശവും ഉണ്െടന്നു പത്രറിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നുവെങ്കിലും നടപടികളൊന്നും ഉണ്ടായി രുന്നില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.