ബംഗളൂരുവില്‍ പരിസ്ഥിതി സൌഹൃദമായി ജൈവ ഡീസല്‍ ബസുകള്‍
Sunday, October 4, 2015 11:57 PM IST
ബംഗളൂരു: പരിസ്ഥിതി സൌഹൃദ ഗതാഗതസംവിധാനത്തില്‍ രാജ്യത്തിനു മാതൃകയായി ബംഗളൂരു മാറുന്നു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ജൈവ ഡീസല്‍ ഇന്ധനമായി ഉപയോഗിക്കുന്ന ബസുകള്‍ ബംഗളൂരുവില്‍ ഓടിത്തുടങ്ങി. ആദ്യഘട്ടത്തില്‍ പത്തു സര്‍വീസുകളാണ് ഓടിക്കുന്നത്. വിധാന്‍ സൌധയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ്, ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് ജൈവഡീസല്‍ സര്‍വീസുകള്‍ ഫ്ളാഗ് ഓഫ് ചെയ്തത്.

കര്‍ണാടക ആര്‍ടിസി സെന്‍ട്രല്‍ ഡിവിഷനു കീഴിലുള്ള ഭാരത് സ്റേജ്-മൂന്ന് സാരിഗെ എക്സ്പ്രസ് ബസുകളിലാണു പരീക്ഷണാടിസ്ഥാനത്തില്‍ ജൈവ ഇന്ധനം ഉപയോഗിക്കുന്നത്. ശാന്തിനഗര്‍ ബസ് ഡിപ്പോയിലെ 107 ബസുകള്‍ ജൈവ ഡീസലിലേക്കു മാറ്റും. ഒരു ലിറ്റര്‍ ജൈവഡീസലിനു സാധാരണ ഡീസലിനേക്കാള്‍ അഞ്ചുരൂപ കുറവാണെന്നു മാത്രമല്ല, സസ്യ എണ്ണയില്‍നിന്നുള്ള ജൈവഡീസലിന്റെ ഉത്പാദനം കാര്‍ഷിക മേഖലയ്ക്കും ഉണര്‍വേകും.


ദക്ഷിണേന്ത്യയില്‍ ആദ്യമായാണു ജൈവഡീസല്‍ ഉപയോഗിച്ചു സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോര്‍പറേഷന്‍ ബസ് സര്‍വീസ് നടത്തുന്നത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു കേന്ദ്ര പെട്രോളിയം മന്ത്രാലയം പൊതുഗതാഗതമേഖലയിലെ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ക്കു കഴിഞ്ഞ വര്‍ഷം നിര്‍ദേശം നല്കിയിരുന്നു.

ഇതേത്തുടര്‍ന്നാണ് എത്തനോള്‍ അടങ്ങിയ ജൈവഡീസല്‍ ഉപയോഗിച്ചു ബസ് സര്‍വീസ് ആരംഭിക്കാനുള്ള പദ്ധതികള്‍ക്കു കര്‍ണാടക സര്‍ക്കാര്‍ രൂപംനല്കിയത്. എണ്‍പതു ശതമാനം സാധാരണ ഡീസല്‍, 20 ശതമാനം ജൈവഡീസല്‍ എന്നീ അനുപാതത്തിലാണു കര്‍ണാടക ആര്‍ടിസി ജൈവ ഇന്ധന ബസ് സര്‍വീസ് നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.