ചെറുയുദ്ധങ്ങള്‍ക്കു സൈന്യം തയാറായിരിക്കണം: കരസേനാ മേധാവി
Wednesday, September 2, 2015 11:09 PM IST
പ്രത്യേക ലേഖകന്‍


ന്യൂഡല്‍ഹി: ചെറുയുദ്ധങ്ങള്‍ക്കു സൈന്യം എപ്പോഴും തയാറായിരിക്കണമെന്നു കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ്. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നു തുടര്‍ച്ചയായുണ്ടാകുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളുടെയും നുഴഞ്ഞുകയറ്റ ശ്രമങ്ങളുടെയും പശ്ചാത്തലത്തില്‍ പെട്ടെന്നു വേണ്ടിവരുന്ന കുറച്ചുകാലത്തേക്കു മാത്രമുള്ള ചെറുയുദ്ധങ്ങളുടെ സാധ്യതകളെക്കുറിച്ച് ഇന്ത്യന്‍ സേനകള്‍ക്ക് അവബോധം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

1965-ലെ ഇന്ത്യ-പാക് യുദ്ധത്തെക്കുറിച്ചു കര, നാവിക, വ്യോമ സേനകള്‍ സംയുക്തമായി ഡല്‍ഹിയില്‍ നടത്തിയ സെമിനാറിലാണു കരസേനാ മേധാവിയുടെ ഈ പ്രഖ്യാപനം. അതിനാല്‍ എല്ലാ സമയവും വളരെ ഉന്നതതലത്തിലുള്ള യുദ്ധതയാറെടുപ്പുകള്‍ ഉണ്ടാകുകയെന്നതു നമ്മുടെ തന്ത്രങ്ങളുടെ പ്രധാന ഭാഗമാകുകയാണ്. പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ സേന കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്െടന്നു ദല്‍ബീര്‍ സിംഗ് വ്യക്തമാക്കി.

ഇന്ത്യയുടെ വെല്ലുവിളികളും ഭീഷണികളും വളരെ സങ്കീര്‍ണമായിരിക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ സൈന്യം അതിന്റെ ജാഗ്രതയും ശക്തിയും കൂട്ടിയിട്ടുണ്ട്. അയല്‍രാജ്യത്തുനിന്നു തുടര്‍ച്ചയായ വെടിനിര്‍ത്തല്‍ ലംഘനങ്ങളുടെയും നുഴഞ്ഞുകയറ്റ ശ്രമങ്ങളുടെയും അതിര്‍ത്തി സജീവമാണ്. ജമ്മു കാഷ്മീരില്‍ അശാന്തിക്കായി ശത്രുക്കള്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ്. മറ്റു സ്ഥലങ്ങളിലേക്കും അക്രമങ്ങള്‍ വ്യാപിപ്പിക്കാനുള്ള വ്യക്തമായ സൂചനകളാണ് അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങള്‍- കരസേനാ മേധാവി വിശദീകരിച്ചു.


ഇന്ത്യന്‍ സൈന്യത്തിന്റെ അത്യസാധാരണമായ ധീരതയും നിശ്ചയദാര്‍ഢ്യവും പ്രകടമാക്കിയ യുദ്ധമാണ് 1965ലേതെന്നു ജനറല്‍ ദര്‍ബീര്‍ സിംഗ് പറഞ്ഞു. പടിഞ്ഞാറന്‍ അതിര്‍ത്തിയിലാകെ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിനു കഴിഞ്ഞു. അതുവരെയുണ്ടായിരുന്ന പല തെറ്റിദ്ധാരണകളും മാറ്റാനും ആത്മവിശ്വാസം പുനഃസ്ഥാപിക്കാനും കഴിഞ്ഞു. ആറു വര്‍ഷത്തിനുശേഷം 1971ലെ യുദ്ധത്തിലെ ഉജ്വലവിജയത്തിന് അടിത്തറ പാകിയതും 65ലെ യുദ്ധമായിരുന്നു. യുദ്ധത്തില്‍ മരിച്ച വീരജവാന്മാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചശേഷം അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ പിന്തുണ സൈന്യത്തിനു വളരെ പ്രധാനമാണെന്നു കരസേനാ മേധാവി പറഞ്ഞു. 1965ലെ യുദ്ധത്തില്‍ ലഭിച്ച ജനപിന്തുണ വലുതായിരുന്നു. ജാതി, മത വേര്‍തിരിവുകളില്ലാതെ ജനങ്ങളാകെ ജനകീയ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറി. മാര്‍ച്ച് ചെയ്യുന്ന സൈനികര്‍ക്കു ജനം നല്‍കിയ പ്രോത്സാഹനം അവരുടെ ആത്മവീര്യം കൂട്ടി. രാജ്യസ്നേഹം ഇന്ത്യയിലാകെ വീശിയടിക്കുകയായിരുന്നു. ജനങ്ങളും സൈന്യവുമായുള്ള ബന്ധം ശക്തമാക്കാനും ഇതു സഹായകമായി. രാജ്യത്തിന്റെ അഭിമാനം കാത്ത വിമുക്ത ഭടന്മാര്‍ക്കും കരസേനാ മേധാവി അഭിവാദ്യം അര്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.