കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ പങ്കില്ലെന്ന വാദവുമായി വിഎച്ച്പി
Wednesday, September 2, 2015 11:06 PM IST
ബംഗളൂരു: പ്രമുഖ കന്നഡ സാഹിത്യകാരനും ഹംപിയിലെ കന്നഡ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായിരുന്ന മല്ലേശപ്പ എം. കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്നു വിശ്വഹിന്ദു പരിഷത്ത്. കേവലമൊരു ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ വലതുപക്ഷ സംഘടനകളെ കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്നു ബിജെപിയും പറഞ്ഞു.

പിന്നില്‍ ബജ്രംഗ്ദളാണെന്നു വരുത്തിത്തീര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായും ബിജെപി സംസ്ഥാന വക്താവ് എസ്.സുരേഷ് കുമാര്‍ ആരോപിച്ചു. കൊലപാതകം ദൌര്‍ഭാഗ്യകരമാണ്. കുറ്റവാളികളെ എത്രയുംവേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. കര്‍ണാടകയില്‍ സമൂഹം വിലമതിക്കുന്ന പണ്ഡിതന്മാര്‍ പതിവായി ആക്രമിക്കപ്പെടുന്നതില്‍ പാര്‍ട്ടിക്ക് ഉത്കണ്ഠയുണ്ട്. അന്വേഷണം സിബിഐക്കു വിടാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്.- ബിജെപി വക്താവ് പറഞ്ഞു.

അതേസമയം, ഡോ.കല്‍ബുര്‍ഗിയുടെ കൊലപാതകത്തെ തങ്ങള്‍ അപലപിക്കുന്നതായും സംഭവത്തില്‍ ഒരു വലതുപക്ഷ സംഘടനകള്‍ക്കും പങ്കില്ലെന്നും വിഎച്ച്പി സംസ്ഥാന സെക്രട്ടറി രമേഷ് കുല്‍ക്കര്‍ണി ചൂണ്ടിക്കാട്ടി. പ്രതിഷേധിക്കാനാണു അല്ലാതെ കൊല്ലാനല്ല തങ്ങള്‍ പരിശീലിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ, സ്വന്തം വിശ്വാസങ്ങളുടെ പേരിലാണു പിതാവ് കൊല്ലപ്പെട്ടതെന്നു ഡോ.കല്‍ബുര്‍ഗിയുടെ മകള്‍ രൂപാധിരി ഇന്നലെയും ആവര്‍ത്തിച്ചു.


ഞായറാഴ്ച ധാര്‍വാഡ് നഗര ത്തിലെ കല്യാണ്‍ നഗറിലുള്ള വീട്ടില്‍ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണു 77കാരനായ കല്‍ബുര്‍ഗിക്കു വെടിയേറ്റത്. ബൈക്കിലെത്തിയ രണ്ടംഗസംഘം കോളിംഗ് ബെല്ലടിക്കുകയും വാതില്‍ തുറന്ന കല്‍ബുര്‍ഗിയെ തുരുതുരാ വെടിവച്ചശേഷം കടന്നുകളയുകയുമായിരുന്നു.

കൊലപാതകം സിഐഡി അന്വേഷിച്ചുവരികയാണ്. അന്വേഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു കര്‍ണാടക സര്‍ക്കാര്‍ സിബിഐക്കു കത്തയച്ചിട്ടുണ്ട്. കല്‍ബുര്‍ഗിയുടെ മൃതസംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ധര്‍വാഡില്‍ സംസ്ഥാന ബഹുമതികളോടെ, ലിംഗായത്ത് ആചാരപ്രകാരം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.