മുത്താലിക്കിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി
Tuesday, September 1, 2015 12:28 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഗോവയില്‍ പ്രവേശിക്കാന്‍ അനുമതി നല്കണമെന്നാവശ്യപ്പെട്ട് ശ്രീരാംസേന തലവന്‍ പ്രമോദ് മുത്താലിക് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. മുത്തലിക് ചെയ്യുന്നതു സദാചാര പോലീസ് നടപടികളാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, ആറു മാസത്തേക്കു പ്രവേശനം നല്‍കേണ്െടന്നും വ്യക്തമാക്കി. പബ്ബില്‍ കയറി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും മര്‍ദിക്കുന്നതാണോ ശ്രീരാംസേനയുടെ പ്രവര്‍ത്തനമെന്നും ചീഫ് ജസ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

പ്രകോപനപരമായി പ്രസംഗിക്കുകയും ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്യുന്ന ശ്രീരാംസേനാ തലവന്‍ പ്രമോദ് മുത്തലിക്കിനെ സംസ്ഥാനത്ത് പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന ഗോവ സര്‍ക്കാരിന്റെ തീരുമാനം ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് അംഗീകരിച്ചിരുന്നു. ഇതിനെതിരേയാണ് മുത്തലിക് സുപ്രീംകോടതിയെ സമീപിച്ചത്. മതപരമായ കാര്യങ്ങള്‍ക്ക് ഗോവയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും പ്രവേശനം തടയുന്നത് മൌലികാവകാശ ലംഘനമാണെന്നുമായിരുന്നു ഇയാള്‍ വാദിച്ചത്.


എന്നാല്‍, ക്രമസമാധാന പാലനത്തിനായി അത്തരം വിലക്കുകള്‍ പുറപ്പെടുവിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്െടന്നു വ്യക്തമാക്കിയ സുപ്രീംകോടതി, ഹൈക്കോടതി ഉത്തരവ് ശരിവയ്ക്കുകയായിരുന്നു.

ഗോവയിലെ ജനങ്ങള്‍ക്ക് അവരുടെ താത്പര്യം സംരക്ഷിക്കാന്‍ അവകാശമുണ്ട്. നിങ്ങള്‍ എന്തിനാണ് അവിടെ പോകുന്നത്. സദാചാര പോലീസാകാനുള്ള പ്രവര്‍ത്തനമല്ലേ നിങ്ങളുടെ ആളുകള്‍ ചെയ്യുന്നത്. പബ്ബില്‍ കയറി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും മര്‍ദ്ദിക്കുന്നതാണോ ശ്രീരാംസേനയുടെ ജോലി. പബ്ബുകളിലെത്തുന്ന പെണ്‍കുട്ടികളെ അടിക്കാന്‍ ആരാണ് അധികാരം നല്‍കിയത്. ഇക്കാര്യത്തില്‍ സമയം വെറുതെ കളയാനാവില്ലെന്നും ആറു മാസത്തിനുശേഷം ആവശ്യം പരിഗണിക്കാമെന്നും ജസ്റീസ് അമിതവ റോയി കൂടി ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.