പെട്രോളിനു രണ്ടു രൂപ കുറച്ചു
പെട്രോളിനു രണ്ടു രൂപ കുറച്ചു
Tuesday, September 1, 2015 12:24 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: പെട്രോള്‍ ലിറ്ററിനു രണ്ടു രൂപയും ഡീസല്‍ ലിറ്ററിന് 50 പൈസയും വില കുറച്ചു. പുതുക്കിയ വില ഇന്നലെ അര്‍ധരാത്രി നിലവില്‍ വന്നു. പാചകവാതകം, മണ്ണെണ്ണ വില കുറച്ചിട്ടില്ല. ഇന്നലത്തെ കുറവോടെ ഡല്‍ഹിയില്‍ ഡീസല്‍ വില ലിറ്ററിന് 44.45 രൂപയും പെട്രോള്‍ വില 61.20 രൂപയുമായി.

അന്താരാഷ്ട്ര വിപണയില്‍ അസംസ്കൃത എണ്ണയുടെ വിലയില്‍ റിക്കാര്‍ഡ് ഇടിവുണ്ടായെങ്കിലും അതിന്റെ പ്രയോജനം ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കു കിട്ടിയില്ല. ഡോളറുമായുള്ള രൂപയുടെ വിലയിടിവു മൂലമാണു പെട്രോള്‍, ഡീസല്‍ വിലയില്‍ ഗണ്യമായ കുറവു വരുത്താന്‍ കഴിയാതെ പോയതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പത്രക്കുറിപ്പില്‍ വിശദീകരിച്ചു. എങ്കിലും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ കുറവുണ്ടായിട്ടുണ്െടന്നു പത്രക്കുറിപ്പില്‍ സമ്മതിക്കുന്നുണ്ട്.

കഴിഞ്ഞ 14നു ഡീസല്‍ വില ലിറ്ററിന് 1.17 രൂപയും പെട്രോള്‍ വില 1.27 രൂപയും കുറച്ചിരുന്നു. കഴിഞ്ഞ ഒന്നാം തീയതി ഡീസലിന് 0.49 പൈസയും പെട്രോളിനു 1.21 രൂപയും കുറച്ചിരുന്നു.

അന്താരാഷ്ട്ര വിപണികളിലെ വിലയിടിവിലും നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ വര്‍ഷം നാലു തവണ പെട്രോള്‍, ഡീസല്‍ വിലകള്‍ കൂട്ടി.

അതിനു മുമ്പാകട്ടെ ഉപഭോക്താക്കള്‍ക്കു നല്‍കേണ്ട വിലക്കുറവിന്റെ തുക കേന്ദ്രസര്‍ക്കാര്‍ അധിക നികുതി ചുമത്തുകയും ചെയ്തിരുന്നു. രണ്ടാഴ്ചതോറുമാണ് എണ്ണക്കമ്പനികള്‍ രാജ്യത്തെ വില പുനഃപരിശോധിക്കുക. പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രണം യുപിഎ സര്‍ക്കാരിന്റെ കാലത്തേതു പോലെ എന്‍ഡിഎ സര്‍ക്കാരും എണ്ണക്കമ്പനികള്‍ക്കു നല്‍കിയിരിക്കുകയാണ്.


പുതുക്കിയ ഇന്ധന വില

സംസ്ഥാനത്തെ വിവിധ ജില്ലകളിലും മാഹിയിലും പുതുക്കിയ പെട്രോള്‍, ഡീസല്‍ വില യഥാക്രമം. ബ്രാക്കറ്റില്‍ പഴയ നിരക്ക്: തിരുവനന്തപുരം 66.00 (68.11), 48.84 (49.37). കൊല്ലം 65.06 (67.17), 48.43 (48.96). പത്തനംതിട്ട 64.88 (66.99), 48.25 (48.78). ആലപ്പുഴ 64.54 (66.65), 47.94 (48.47). കോട്ടയം 64.54 (66.65), 47.93 (48.47). ഇടുക്കി 65.02 (67.13), 48.30 (48.83). എറണാകുളം 64.83 (66.93), 47.73 (48.26). തൃശൂര്‍ 64.71 (66.82), 48.09 (48.63). പാലക്കാട് 65.03 (67.14), 48.39 (48.93). മലപ്പുറം 64.80 (66.91), 48.20 (48.73). കോഴിക്കോട് 64.53 (66.64), 47.95 (48.48). വയനാട് 65.11 (67.22), 48.41 (48.94). കണ്ണൂര്‍ 64.46 (66.57), 47.88 (48.41). കാസര്‍ഗോഡ് 64.99 (67.10), 48.37 (48.90). മാഹി 56.89 (58.76), 44.05 (44.55).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.