ആഭ്യന്തര മന്ത്രാലയവും മോദിയുടെ പിടിയില്‍
ആഭ്യന്തര മന്ത്രാലയവും മോദിയുടെ പിടിയില്‍
Tuesday, September 1, 2015 12:23 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിടിമുറുക്കുകയാണെന്ന സൂചനകളോടെ പുതിയ ആഭ്യന്ത സെക്രട്ടറിയെ പ്രധാനമന്ത്രിയുടെ ഓഫീസ് നിയമിച്ചു.

ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗിന്റെ വിശ്വസ്തനെ മാറ്റിയാണു മുതിര്‍ന്ന ഉദ്യോഗസ്ഥനായ രാജീവ് മെഹ്റിഷിയെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്നലെ നിയമിച്ചത്. 1979 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ആഭ്യന്തര സെക്രട്ടറി എല്‍. സി. ഗോയല്‍ ഇന്നലെ സ്വയം വിരമിച്ചു. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള മൂന്നാമത്തെ ആഭ്യന്തര സെക്രട്ടറിയാണു രാജീവ്.

അടുത്തിടെ നാഗാലാന്‍ഡിലെ വിമതരുമായി കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ട നാഗാ സമാധാന ഉടമ്പടിയുടെ വിവരം ആഭ്യന്തര മന്ത്രാലയം അറിഞ്ഞിരുന്നില്ലെന്നു വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വിവാദത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് രാജ്നാഥ് സിംഗിന്റെ വിശ്വസ്തനായ ഗോയലാണെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് കരുതുന്നുവെന്നാണ് ഉന്നത വൃത്തങ്ങളില്‍നിന്നുള്ള സൂചന. പുതിയ ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷി നരേന്ദ്ര മോദിയുടെയും അരുണ്‍ ജയ്റ്റ്ലിയുടെയും വിശ്വസ്തനാണ്.

സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറിയായി ഇന്നലെ വിരമിക്കാനിരിക്കെയാണ് 1978 ബാച്ച് രാജസ്ഥാന്‍ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ രാജീവിന്റെ പു തിയ നിയമനം പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തരമായി നടത്തിയത്.

പഴ്സണേല്‍ ആന്‍ഡ് ട്രെയ് നിംഗ് വകുപ്പിനു പകരം പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടാണു രാജീവിനെ നിയമിച്ച കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. എല്‍.സി ഗോയലിന്റെ സ്വയം വിരമിക്കല്‍ അംഗീകരിച്ചതായും പ്രസ്താവനയില്‍ പറയുന്നു.


പതിനേഴു മാസത്തെ സര്‍വീസ് ബാക്കിനില്‍ക്കെയാണു വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗോയല്‍ സ്വയം വിരമിച്ചത്. അതേസമയം സണ്‍ ടിവി നെറ്റ്വര്‍ക്കിന്റെ സെക്യൂരിറ്റി ക്ളിയറന്‍സ്, നാഗാ സമാധാന ഉടമ്പടി എന്നീ വിഷയങ്ങളിലുണ്ടായ വിവാദങ്ങളാണ് ഇതിനു കാരണമെന്നറിയുന്നു.

സണ്‍ നെറ്റ്വര്‍ക്കിന് സെക്യൂരിറ്റി ക്ളിയറന്‍സ് നല്‍കരുതെന്ന കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം ഉറച്ചുനിന്നപ്പോള്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അനുകൂലമായ നിലപാടാണു സ്വീകരിച്ചിരുന്നത്. ഇതു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജയ്റ്റ്ലിയും തമ്മിലുള്ള പോര് ആയി ചിത്രീകരിക്കപ്പെട്ടിരുന്നു.

ശാരദാ ചിട്ടി കുംഭകോണത്തിലെ പ്രതിയായ കോണ്‍ഗ്രസ് നേതാവ് മാതാംഗ് സിംഗിനു വേണ്ടി സിബിഐയില്‍ സമ്മര്‍ദം ചെലുത്തിയെന്നു കണ്െടത്തിയതിനെത്തു ടര്‍ന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന അനില്‍ ഗോസ്വാമിയെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ തത്സ്ഥാനത്തുനിന്നു നീക്കിയിരുന്നു. തുടര്‍ന്നാണു ഗോയലിനെ നിയമിച്ചത്. കാലാവധി പൂര്‍ത്തിയാകു ന്നതിനുമുമ്പ് വിദേശകാര്യ സെക്രട്ടറി സുജാത സിംഗിനെ ജനുവരിയില്‍ തത്സ്ഥാനത്തുനിന്നു നീക്കി, എസ്. ജയശങ്കറിനെ നിയമിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.