നരേന്ദ്രമോദിയെ ആക്രമിച്ച് സോണിയ, നിതീഷ്, ലാലു
നരേന്ദ്രമോദിയെ ആക്രമിച്ച് സോണിയ, നിതീഷ്, ലാലു
Monday, August 31, 2015 12:46 AM IST
പാറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായ വിശാല മതേതരകക്ഷി നേതാക്കള്‍ റാലിക്കായി പാറ്റ്നയില്‍ ഒത്തുകൂടി. വിവാദ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരേയുള്ള നിലപാടില്‍ പ്രതിപക്ഷം വിജയിച്ചതായി പറഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍ നല്‍കുകയും ബിഹാറിന്റെ അഭിമാനത്തെ അധിക്ഷേപിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ചു. വിവാദ ഭൂമിയേറ്റെടുക്കല്‍ ബില്ലില്‍ ഇനി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നില്ലെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രതിപക്ഷത്തിന്റെ വിജയമാണ്.

വിഫലവാഗ്ദാനങ്ങള്‍ നല്കുന്നതല്ലാതെ ഒരു വര്‍ഷം പിന്നിട്ടിട്ടും ബിജെപി സര്‍ക്കാര്‍ രാജ്യത്ത് ഒന്നും ചെയ്യുന്നില്ലെന്നും സോണിയ അഭിപ്രായപ്പെട്ടു. മോദിയുടെ ഡിഎന്‍എ പരാമര്‍ശം ബിഹാറിന്റെ അഭിമാനത്തില്‍ കരിവാരിത്തേച്ചെന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു.

സ്വാഭിമാന്‍ റാലിയില്‍ പ്രസംഗിച്ച സോണിയ ഗാന്ധി, നിതീഷ് കുമാര്‍, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് എന്നീ നേതാക്കള്‍ പരസ്പരം പ്രകീര്‍ത്തിച്ചാണു പ്രസംഗിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യത്തെ നേരിടാനാണു കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജെഡിയു, ആര്‍ജെഡി കക്ഷികളെ ഉള്‍പ്പെടുത്തി വിശാല മതേതരസഖ്യം രൂപീകരിച്ചിരിക്കുന്നത്.


ബിഹാറിനെ അപമാനിക്കുന്നതില്‍ ചില വ്യക്തികള്‍ സന്തോഷം കണ്െടത്തുന്നെന്നു മോദിയുടെ ഡിഎന്‍എ പരാമര്‍ശത്തെക്കുറിച്ച് സോണിയ പറഞ്ഞു. രാജ്യത്ത് ഒരു കോടി തൊഴിലവസങ്ങള്‍ ഉണ്ടാക്കുമെന്നു പറഞ്ഞ എന്‍ഡിഎ സര്‍ക്കാര്‍ നിലവിലുള്ള ജോലികളും ജോലി സാധ്യതകളും ഇല്ലാതാക്കുകയാണെന്നും അവര്‍ പറഞ്ഞു. ബുദ്ധനും മഹാവീരനും ആര്യഭടനും ബിഹാറില്‍നിന്നുള്ളവരാണ.് തന്റെ ഡിഎന്‍എയും അതേ ഡിഎന്‍എയാണെന്നു പറഞ്ഞ നിതീഷ് കുമാര്‍, പരാമര്‍ശം പിന്‍വലിക്കാന്‍ മോദി തയാറാകണമെന്ന് ആവശ്യപ്പെട്ടു.

ആര്‍ജെഡി ഭരണകാലത്തെ ജംഗിള്‍ രാജെന്നു (കാടന്‍ ഭരണം) വിമര്‍ശിച്ച മോദിക്കെതിരേ ലാലു പ്രസാദ് യാദവ് ആഞ്ഞടിച്ചു. വിശാലമതേതര സഖ്യം ബിഹാറില്‍ മംഗല്‍ രാജ് (മഹനീയ ഭരണം) രണ്ടാം പതിപ്പ് നടപ്പിലാക്കുമെന്നും രാജ്യത്തു ഹിന്ദു-മുസ്്ലിം സംഘര്‍ഷമുണ്ടാക്കാനാണു മോദി ശ്രമിക്കുന്നതെന്നും ലാലു പറഞ്ഞു. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ് റാലിയില്‍ പങ്കെടുത്തില്ല. അദ്ദേഹത്തിനു പകരം ഉത്തര്‍പ്രദേശ് മന്ത്രി ശിവ്പാല്‍ സിംഗ് യാദവാണ് പങ്കെടുത്തത്.

243 അംഗ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയു-100, ആര്‍ജെഡി-98, കോണ്‍ഗ്രസ്-40, സമാജ്വാദി പാര്‍ട്ടി-5 സീറ്റിലുമാണു മത്സരിക്കുന്നത്. സീറ്റ് തര്‍ക്കത്തെത്തുടര്‍ന്നു ശരദ് പവാറിന്റെ എന്‍സിപി സഖ്യത്തില്‍നിന്ന് പിന്‍മാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.