ഹിന്ദു അഭയാര്‍ഥികള്‍ക്കു പൌരത്വം: ഓര്‍ഡിനന്‍സിനു കേന്ദ്രം
Sunday, August 30, 2015 11:57 PM IST
സെബി മാത്യു

ന്യൂഡല്‍ഹി: അയല്‍രാജ്യങ്ങളില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ ഹിന്ദു അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൌരത്വം നല്‍കാന്‍ പൌരത്വ നിയമം ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ് ഇറക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.

പാക്കിസ്ഥാന്‍, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ആസാം, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലൂടെ ഇന്ത്യയിലേക്കു കുടിയേറിയ ഹിന്ദുക്കള്‍ക്കു ഇന്ത്യന്‍ പൌരത്വം നല്‍കാനാണു സര്‍ക്കാരിന്റെ നീക്കം.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ആസാം, പശ്ചിമ ബംഗാള്‍ അസംബ്ളി തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കു നേട്ടമുണ്ടാക്കാനാണു സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നത്. ഓര്‍ഡിനന്‍സ് പുറത്തിറങ്ങിയാല്‍ രാജ്യത്തു 3.5 കോടി ആളുകള്‍ക്കായിരിക്കും പൌരത്വം ലഭിക്കുക. ഇതില്‍ 59 ലക്ഷം അഭയാര്‍ഥികള്‍ ആസാമില്‍ മാത്രമുണ്ട്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പൌരത്വ നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പാസാക്കാനാണു നരേന്ദ്ര മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഒരുമാസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയില്ലെങ്കില്‍ ഒക്ടോബറില്‍ ഗോഹട്ടിയിലും തുടര്‍ന്നു ഡല്‍ഹിയിലും വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്ന നിഖില്‍ ഭാരത ബംഗാളി ഉദ്ബസ്തു സമന്വയ സമിതിയുടെ (എന്‍ബിബിയുഎസ്എസ്) ഭീഷണിക്കു വഴങ്ങിയാണു ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് ആലോചി ക്കുന്നത്.

രണ്ടാഴ്ച മുമ്പു ബിജെപി അധ്യക്ഷന്‍ അമിത്ഷായുമായി ചര്‍ച്ച നടത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്ന് ഉറപ്പു ലഭിച്ചതായി ബംഗാളി ലോക് മഞ്ച് പ്രതിനിധികളും പ്രഖ്യാപിച്ചിരുന്നു. ബംഗ്ളാദേശില്‍ നിന്നും അഭയാര്‍ഥികളായി എത്തിയവരില്‍ ഏറിയ പങ്കും ആസാമിലും പശ്ചിമ ബംഗാളിലുമാണു കഴിയുന്നത്. കഴിഞ്ഞ ഏപ്രില്‍ 27നു ആസാമില്‍ റാലിയില്‍ പങ്കെടുത്ത ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആസാമില്‍ അടുത്ത തവണ തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ബംഗ്ളാദേശില്‍നിന്ന് കുടിയേറിയ എല്ലാ ഹിന്ദുക്കള്‍ക്കും പൌരത്വം നല്‍കുമെന്നു പരസ്യപ്രഖ്യാപനം നടത്തിയിരുന്നു.


എന്നാല്‍, ബംഗ്ളാദേശില്‍നിന്ന് കുടിയേറിയിട്ടുള്ള മുസ്ലിം അഭയാര്‍ഥികളെക്കുറിച്ചു ബിജെപിയോ നരേന്ദ്ര മോദി സര്‍ക്കാരോ ഒന്നും തന്നെ മിണ്ടുന്നില്ല.

അഭയാര്‍ഥികള്‍ക്കു പൌരത്വം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള നയരൂപീകരണത്തിനു ശേഷമായിരിക്കും ഓര്‍ഡിനന്‍സ് ഇറക്കുക. എന്തടിസ്ഥാനത്തിലാണു പൌരത്വം നല്‍കുക. ഇതില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണം, പൌരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയവയായിരിക്കും നയരൂപീകരണത്തിലുണ്ടാകുക. മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുന്നതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്െടന്നാണു വിവരം.

ബംഗ്ളാദേശില്‍ നിന്നു കുടിയേറിയ ലക്ഷക്കണക്കിനു ഹിന്ദുക്കളുണ്ട്. ബംഗ്ളാദേശില്‍ നിന്നും കടുത്ത മതപീഡനങ്ങളെ തുടര്‍ന്ന് ഇവര്‍ ഇന്ത്യയിലേക്കു കുടിയേറിയതാണെന്നാണു സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

ബംഗ്ളാദേശില്‍നിന്നു മതപീഡനങ്ങളെ തുടര്‍ന്നു പലായനം ചെയ്ത് ഇന്ത്യയില്‍ എത്തിയ ഹിന്ദുക്കള്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങളെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ കോസുണ്ട്.

രണ്ട് എന്‍ജിഒകള്‍ നല്‍കിയതാണു കേസ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് കൈക്കൊള്ളുമെന്നാണ് സര്‍ക്കാരിന്റെ വേണ്ടി ഹാജരായ അഭിഭാഷകര്‍ വ്യക്തമാക്കിയിരുന്നത്. അവസാന വട്ട വാദം കേള്‍ക്കല്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്താഗി ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയില്‍ ആണെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നുമാണു ധരിപ്പിച്ചത്.

1985ല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ഓള്‍ ആസ്സാം സുറ്റുഡന്റ്സ് യൂണിയനും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം 1971 മാര്‍ച്ചിനു മുന്‍പു കുടിയേറിയവരാണെന്ന്് തെളിയിക്കുന്നവര്‍ക്കു മാത്രമേ പൌരത്വം നല്‍കാന്‍ പാടുള്ളൂ. എന്നാല്‍, പുതിയ ഓര്‍ഡിനന്‍സില്‍ 2004 വരെ കുടിയേറിയവരെ ഉള്‍പ്പെടുത്താനാണ് കേന്ദ്രം ഇപ്പോള്‍ നീക്കം നടത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.