ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി: പുതിയ ഉത്തരവ് പുറത്തിറക്കി
Sunday, August 30, 2015 11:57 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി ഓര്‍ഡിനന്‍സിലെ വിവാദ ഭേദഗതികള്‍ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കി. ഭൂമി ഏറ്റെടുക്കുന്നതിന് ഉടമകളുടെ സമ്മതം വേണം, സാമൂഹികാഘാത പഠനം നടത്തണം എന്നിവ ഒഴിവാക്കുന്ന ഭേദഗതികള്‍ മാറ്റിയാണ് ഉത്തരവ്. ഓര്‍ഡിനന്‍സിന്റെ കാലാവധി ഓഗസ്റ് 31ന് അവസാനിക്കുന്ന അവസരത്തിലാണു പുതിയ ഉത്തരവ്.

2013ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമമാണ് ഇനി പ്രാബല്യത്തിലുണ്ടാവുക. പുതിയ ഉത്തരവ് പ്രകാരം ഭൂമി വിട്ടുനല്‍കുമ്പോള്‍ ഉയര്‍ന്ന നഷ്ടപരിഹാരവും പുനരധിവാസവും ലഭിക്കാനുള്ള അവകാശം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. ഇതനുസരിച്ച് ഇനി ദേശീയ പാത, റെയില്‍വേ, ഖനനം, ആണവനിലയം തുടങ്ങി 13 ഇനങ്ങളില്‍ കേന്ദ്ര നിയമപ്രകാരം ഭൂമി ഏറ്റെടുക്കുമ്പോള്‍ ഗ്രാമങ്ങളില്‍ വിപണി വിലയുടെ നാലിരിട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയും പകരം ഭൂമിയും ജോലിയും ലഭിക്കും.

പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ പ്രതിരോധത്തെത്തുടര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ നിയമ ഭേദഗതി പാര്‍ലമെന്റിന്റെ സംയുക്ത കമ്മിറ്റിയുടെ പരിശോധനയ്ക്കു വിടേണ്ടി വന്നിരുന്നു. സംയുക്ത കമ്മിറ്റിയിലും പ്രതിപക്ഷം ഉറച്ചുനിന്നതോടെ മൂന്നു തവണ കലാവധി കഴിഞ്ഞു പുതുക്കേണ്ടി വന്ന ഓര്‍ഡിനന്‍സ് ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. ഭൂമി ഏറ്റെടുക്കുന്നതിന് ഉടമകളുടെ സമ്മതം വേണം, സാമൂഹികാഘാത പഠനം നടത്തണം തുടങ്ങിയവ ഒഴിവാക്കണമെന്ന ഭേദഗതികള്‍ മാറ്റാമെന്ന് ഈയിടെ സംയുക്ത കമ്മിറ്റി മുമ്പാകെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണു കാലാവധി തീര്‍ന്ന ഓര്‍ഡിനന്‍സ് പുതുക്കാതെ വിവാദ ഭേദഗതികള്‍ ഒഴിവാക്കി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. നിയമം നടപ്പാക്കുമ്പോഴുള്ള പ്രയാസം പരിഹരിക്കുന്നിനുള്ള 113-ാം വകുപ്പ് ഉപയോഗപ്പെടുത്തിയാണ് പുതിയ ഉത്തരവ്.


2013ല്‍ യുപിഎ സര്‍ക്കാര്‍ നിയമം പാസാക്കിയപ്പോള്‍ 13 ഇനങ്ങളില്‍ കേന്ദ്ര നിയമപ്രകാരമുള്ള ഭൂമി ഏറ്റെടുക്കലിന് ഉയര്‍ന്ന നഷ്ടപരിഹാരവും പുനരധിവാസവും ബാധകമാക്കിയിരുന്നില്ല. ഒരു വര്‍ഷത്തിന് ശേഷം ഇത് ഉള്‍പ്പെടുത്താമെന്നായിരുന്നു അന്നത്തെ ധാരണ. ഇതു നടപ്പാക്കുന്നതിനൊപ്പമാണ് മോദി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതിന് ഉടമകളുടെ സമ്മതം വേണം, സാമൂഹികാഘാത പഠനം നടത്തണം എന്നിവ മാറ്റി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.