ബംഗളൂരു: ജനതാദളിനെ കൂട്ടി ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ്
Sunday, August 30, 2015 12:47 AM IST
ബംഗളൂരു: ബിബിഎംപി ഭരണം പിടിക്കാന്‍ ജനതാദള്‍-എസിനെ കൂട്ടുപിടിക്കാന്‍ കോണ്‍ഗ്രസ് നീക്കം. ബിജെപി അധികാരമേല്‍ക്കുന്നതു തടയാനായാണു പുതിയ നീക്കം. ജനതാദള്‍-എസുമായി സഖ്യം ചേരുന്നതു സംബന്ധിച്ചു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി. പരമേശ്വറിന്റെയും നേതൃത്വത്തില്‍ ഇന്നലെ പാര്‍ട്ടി യോഗം ചേര്‍ന്നു. സഖ്യം സംബന്ധിച്ചു ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായി എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗ് അറിയിച്ചിരുന്നു.

അതേസമയം, സഖ്യം സംബന്ധിച്ച് ഒരു തരത്തിലുമുള്ള ചര്‍ച്ചയുണ്ടായിട്ടില്ലെന്നു ജനതാദള്‍ നേതാവ് എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. ബിബിഎംപി ഭരണം പിടിക്കാന്‍ 126 എന്ന മാന്ത്രികസംഖ്യ വേണം. നിലവിലെ അംഗബലം വച്ച് ആര്‍ക്കും ഇതില്ല. (198 തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു പുറമെ ബംഗളൂരുവിലെ മുഴുവന്‍ എംപിമാരും എംഎല്‍എമാരും എംഎല്‍സിമാരും കൂടി ചേരുമ്പോള്‍ 250 അംഗ കൌണ്‍സിലാണ് ബിബിഎംപിക്കുണ്ടാകുക). ബിജെപിക്ക് 100ഉം കോണ്‍ഗ്രസിന് 76 വാര്‍ഡുമാണ് ലഭിച്ചത്. ജനതാദളിന് 14 അംഗങ്ങളും എട്ട് സ്വതന്ത്ര അംഗങ്ങളുമുണ്ട്. പ്രതിപക്ഷകക്ഷികളും സ്വതന്ത്രരും ചേര്‍ന്നാല്‍ നഗരഭരണം സ്വന്തമാക്കാമെന്നതാണു നിലവിലെ അവസ്ഥ. ബിജെപി അധികാരത്തിലെത്താതിരിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നുവെന്നു ജനതാദള്‍ നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് ഈ ആശയം മുന്നോട്ടുവച്ചതെന്നും അവര്‍ പറഞ്ഞിരുന്നു. ജനതാദള്‍ നേതാവും എംഎല്‍എയുമായ സമീര്‍ അഹമ്മദ് ഖാന്‍ ഇതുസംബന്ധിച്ച പദ്ധതി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൌഡയെ അറിയിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഇക്കാര്യം സംസാരിച്ചതായാണു സമീര്‍ പറഞ്ഞത്. എന്നാല്‍, വിഷയത്തെപ്പറ്റി തനിക്ക് ഒന്നുമറിയില്ലെന്നാണു മുഖ്യമന്ത്രിയുടെ പ്രതികരണം.


അതേസമയം, അധികാരത്തിനായി കോണ്‍ഗ്രസ് കുതിരക്കച്ചവടം നടത്തുന്നതായി ബിജെപി ആരോപിച്ചു. മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ നേടിയെടുക്കാനുള്ള ഭൂരിപക്ഷം തികയ്ക്കാനായി ബിജെപി ജനതാദള്‍ അംഗങ്ങളെ സ്വാധീനിക്കാന്‍ ശ്രമം നടത്തുന്ന സാഹചര്യത്തില്‍ ജനതാദളിലെ 14 കൌണ്‍സിലര്‍മാരെയും ദേവഗൌഡ കൊച്ചിയിലേക്കു മാറ്റിയതായി വിവരമുണ്ട്. ഇവര്‍ക്കൊപ്പം ആറ് സ്വതന്ത്ര കോര്‍പറേറ്റര്‍മാരെയും കൊച്ചിയിലേക്കു മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സഹകരണം ആവശ്യപ്പെട്ടു കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൌഡയും ദേവഗൌഡയെ കണ്ടിരുന്നു. പാര്‍ട്ടി നേതാക്കളുമായി ആലോചിച്ചു ബുധനാഴ്ച തീരുമാനം അറിയിക്കാമെന്നു ദേവഗൌഡ പറഞ്ഞതായി സദാനന്ദഗൌഡ മാധ്യമങ്ങളോടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.