ചാരവനിതയുടെ ചാറ്റിംഗില്‍ മയങ്ങി സേനാ ഓഫീസര്‍മാര്‍ രഹസ്യ വിവരങ്ങള്‍ നല്കി
Sunday, August 30, 2015 12:43 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സ്ത്രീയുമായുള്ള ഫേസ്ബുക്ക് ചാറ്റിംഗിലൂടെ മൂന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ നിര്‍ണായക സൈനിക വിവരങ്ങള്‍ പുറത്തു വിട്ടെന്നു മിലിട്ടറി ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. കേണല്‍, മേജര്‍, ലെഫ്റ്റനന്റ് റാങ്കുകളിലുള്ള ഓഫീസര്‍മാരാണ് ഇത് ചെയ്തത്. വനിതയുടെ ലൈംഗിക ചുവയുള്ള ചാറ്റിംഗില്‍ മയങ്ങി ഇവര്‍ നിര്‍ണായക സ്ഥലങ്ങളിലെ സൈനിക യൂണിറ്റുകളെ പറ്റിയുള്ള വിവരങ്ങളാണു കൈമാറിയിരിക്കുന്നത്.

ചാരപ്രവര്‍ത്തനം നടത്തുന്നതെന്നു സംശയിക്കുന്ന വനിതയുമായാണ് ഔദ്യോഗിക സമയത്തു സേനാ ഓഫീസര്‍മാര്‍ ഫേസ്ബുക്കിലൂടെ ചാറ്റിംഗ് നടത്തിയത്. നിര്‍ണായക വിവരങ്ങള്‍ കൈമാറിയതിലൂടെ ഇവര്‍ സേനയുടെയും രാജ്യത്തിന്റെ തന്നെയും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും തെറ്റിച്ചു എന്നാണു മിലിട്ടറി ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ ഓഫീസര്‍മാര്‍ക്കു പങ്കുള്ളതായി സംശയിക്കുന്നതായി അടുത്തിടെ മിലിട്ടറി ഇന്റലിജന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സ് കമാന്‍ഡര്‍മാര്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും അയച്ച കത്തില്‍ വ്യക്തമാക്കുന്നു.


സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥരും പ്രഥമദൃഷ്ടിയില്‍ കുറ്റക്കാരാണെന്നു കണ്െടത്തിയിട്ടുണ്െടന്നു വ്യക്തമാക്കിയ മിലിട്ടറി ഇന്റലിജന്‍സ് ഓഫീസര്‍മാരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഇവരുമായി ചാറ്റിംഗില്‍ ഏര്‍പ്പെട്ട വനിത ഇന്ത്യന്‍ വംശജയാണെന്നാണു കരുതുന്നത്. രഹസ്യങ്ങള്‍ കൈമാറിയ ഉദ്യോഗസ്ഥര്‍ക്കെതിരേ സൈന്യം കര്‍ശന നപടിയെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.