സംവരണ സമരം രാജ്യവ്യാപകമാക്കുമെന്നു ഹര്‍ദിക് പട്ടേല്‍
സംവരണ സമരം രാജ്യവ്യാപകമാക്കുമെന്നു ഹര്‍ദിക് പട്ടേല്‍
Sunday, August 30, 2015 12:32 AM IST
അഹമ്മദാബാദ്: പട്ടേല്‍ സമുദായത്തില്‍പ്പെട്ടവര്‍ക്കു സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടു ഗുജറാത്തില്‍ തുടരുന്ന പ്രക്ഷോഭം രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നു ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്ന ഹര്‍ദിക് പട്ടേല്‍. രാജസ്ഥാനില്‍ സംവരണസമരം നടത്തുന്ന ഗുജ്ജാര്‍ സമുദായക്കാരുടെ പിന്തുണ തേടുമെന്നും അദ്ദേഹം പറഞ്ഞു. ഗുജ്ജാര്‍ നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിനു താന്‍ ഡല്‍ഹിക്കു പോകുകയാണ്. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ താമര വിരിയില്ലെന്നും ഹര്‍ദിക് പട്ടേല്‍ മുന്നറിയിപ്പു നല്‍കി. സംവരണമെന്ന ആവശ്യത്തില്‍നിന്നു പിന്നോട്ടില്ലെന്നും അനുനയ ചര്‍ച്ചകള്‍ക്കു തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പാര്‍ട്ടിയുടെ അടിത്തറ ഇളകുന്നുവെന്നു മനസിലാക്കിയ ബിജെപി നേതൃത്വം അനുനയനീക്കം തുടങ്ങി. സ്ഥിതിഗതി വിലയിരുത്താന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷാ ഇന്നലെ അഹമ്മദാബാദിലെത്തി സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തി. സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ദിനേഷ് ശര്‍മയുടെ അധ്യക്ഷതയില്‍ ബിജെപി സംസ്ഥാന സമിതി യോഗം ഇന്നലെ ഗാന്ധിനഗറില്‍ ചേര്‍ന്നു. ചൊവ്വാഴ്ച അഹമ്മദാബാദില്‍ പട്ടേല്‍ അനാമത് ആന്ദോളന്‍ സമിതി നടത്തിയ റാലിക്കിടെ യാതൊരു പ്രകോപനവും കൂടാതെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതാണു കലാപത്തിന് ഇടയാക്കിയതെന്നും അഹമ്മദാബാദ്, മെഹ്സാന, കാദി, വിസാനഗര്‍ തുടങ്ങി നിരവധി നഗരങ്ങളില്‍ പട്ടേല്‍ സമുദായാംഗങ്ങള്‍ താമസിക്കുന്ന കോളനികളെ തെരഞ്ഞുപിടിച്ചു പോലീസ് അതിക്രമം കാട്ടിയെന്നും യോഗത്തില്‍ മുതിര്‍ന്ന ബിജെപിനേതാവും എംപിയുമായ നരന്‍ കാച്ചാദിയ ചൂണ്ടിക്കാട്ടി. കോളനികളില്‍ കടന്ന പോലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും പുരുഷന്മാരെയും സ്ത്രീകളെയും മര്‍ദിക്കുകയും ചെയ്തു. മുന്‍കൂട്ടി ആസൂത്രണം ചെയ്തതുപോലെയാണു പട്ടേല്‍ വിഭാഗക്കാര്‍ക്കെതിരേ പോലീസ് അതിക്രമം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസ് നടപടിക്കെതിരേ ഉന്നതതല അന്വേഷണമുണ്ടാകുമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ യോഗത്തില്‍ അറിയിച്ചു.


അതിനിടെ, സംഘര്‍ഷാവസ്ഥയ്ക്കു ശമനം വന്നതോടെ എല്ലാ പ്രദേശത്തും കര്‍ഫ്യൂ പിന്‍വലിച്ചു. രണ്ടു ദിവസമായി കാര്യമായ അനിഷ്ടസംഭവങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിലാണ് ഇന്നലെ രാവിലെ മുതല്‍ കര്‍ഫ്യു പിന്‍വലിച്ചതെന്നു ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.പി. പാണ്ഡെ അറിയിച്ചു. കലാപം രൂക്ഷമായതോടെ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അഹമ്മദാബാദ്, സൂറത്ത്, മെഹ്സാന തുടങ്ങിയ നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. അഹമ്മദാബാദ് നഗരത്തില്‍ അഞ്ചു കമ്പനി സൈന്യത്തെയും ഇതര നഗരങ്ങളിലായി 5000ത്തോളം അര്‍ധസൈനികരെയും ക്രമസമാധാനപാലനത്തിനായി വിന്യസിച്ചിരുന്നു. അഹമ്മദാബാദ് നഗരത്തില്‍ വിന്യസിച്ച സൈന്യത്തെ ഇന്നലെ വൈകുന്നേരത്തോടെ പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ രാജ്കുമാര്‍ ബെനിവാള്‍ അറിയിച്ചു. എന്നാല്‍, അര്‍ധസൈനികരെ പിന്‍വലിച്ചിട്ടില്ല. അതേസമയം, പ്രകോപനപരമായ സന്ദേശം പ്രചരിപ്പിക്കുന്നതു തടയാനായി നാളെവരെ മൊബൈല്‍ ഇന്റര്‍നെറ്റിനും വാട്ട്സ് ആപ്പിനും നിരോധനമുണ്ടായിരിക്കുമെന്നു പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.