പ്രക്ഷോഭം തുടരാന്‍ ഹര്‍ദിക് പട്ടേല്‍
പ്രക്ഷോഭം തുടരാന്‍ ഹര്‍ദിക് പട്ടേല്‍
Friday, August 28, 2015 11:51 PM IST
അഹമ്മദാബാദ്: ഗുജറാത്തില്‍ പട്ടേല്‍ സമുദായക്കാര്‍ക്കു സംവരണം ആവശ്യപ്പെട്ടു നടത്തിവരുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുമെന്ന് സമരത്തിനു നേതൃത്വം നല്‍കുന്ന ഹര്‍ദിക് പട്ടേല്‍ ഇന്നലെ വ്യക്തമാക്കി. പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെയും അഭ്യര്‍ഥന തള്ളിയാണ് 22 കാരനായ ഹര്‍ദിക് രംഗത്തുവന്നത്. സംവരണ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ നഗരങ്ങളിലേക്ക് പച്ചക്കറികളും പാലും നല്‍കരുതെന്ന് സമുദായത്തില്‍പ്പെട്ട കര്‍ഷകരോട് ഹര്‍ദിക് ആവശ്യപ്പെട്ടു. പട്ടേല്‍ സമുദായക്കാര്‍ നടത്തിവന്ന പ്രക്ഷോഭത്തെത്തുടര്‍ന്നു കലാപകലുഷിതമായിരുന്ന ഗുജറാത്ത് സമാധാനത്തിലേക്ക്.

ഇന്നലെ ഉച്ചകഴിഞ്ഞ് മുതല്‍ അഹമ്മദാബാദ് അടക്കമുള്ള നഗരങ്ങളില്‍ ജനജീവിതം സാധാരണനിലയിലായി. ഓഫീസുകളും വിപണികളും തുറന്നുപ്രവര്‍ത്തിച്ചു. അഹമ്മദാബാദ്, സൂറത്ത്, മെഹ്സാന നഗരങ്ങളില്‍ സൈന്യം ജാഗ്രത തുടരുകയാണ്. ഇതരനഗരങ്ങളില്‍ അര്‍ധസൈനിക വിഭാഗങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ ഇതുവരെ പത്തു പേരാണ് കൊല്ലപ്പെട്ടത്. ആറുപേര്‍ പോലീസ് വെടിവയ്പിലും നാലുപേര്‍ മറ്റ് അക്രമസംഭവങ്ങളിലും മരിച്ചു.


അഹമ്മദാബാദ് നഗരത്തിലുണ്ടായ അക്രമവും ഇതു തടയാന്‍ പോലീസ് സ്വീകരിച്ച നടപടിയും സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്നു സമര്‍പ്പിക്കണമെന്നു ഹൈക്കോടതി ആവശ്യപ്പെട്ടു.

കലാപം തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാന നിയമസഭയെ ശബ്ദായമാനമാക്കി. ചോദ്യോത്തരവേളയില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നതോടെ സ്പീക്കര്‍ സഭാനടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. പ്രതിപക്ഷനേതാവ് ശങ്കര്‍സിംഗ് വഗേലയെ ഒരുദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്ത സ്പീക്കറുടെ നടപടിയും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു.

ഗുജറാത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമസംഭവങ്ങള്‍ക്കു കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ശ്രീനഗറില്‍ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.