ഭരണഘടനാ വിരുദ്ധമെങ്കില്‍ മദ്യനയം റദ്ദാക്കാം: കേരളം
Friday, August 28, 2015 12:59 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ മദ്യനയം ഭരണഘടനാ വിരുദ്ധവും വിവേചന പരവുമാണെങ്കില്‍ സുപ്രീം കോടതിക്ക് റദ്ദാക്കാമെന്നു കേരളം.

മദ്യ ഉപഭോഗം കുറയ്ക്കാനാണു സര്‍ക്കാര്‍ മദ്യനയത്തിനു രൂപം നല്‍കിയത്. ഈ ലക്ഷ്യം കൈവരിക്കാന്‍ നയം പര്യാപ്തമല്ലെന്നു തോന്നിയാലും കോടതിക്കു നയം റദ്ദാക്കാമെന്നും സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വ്യക്തമാക്കി. ഇരു കക്ഷികളുടെയും വാദം പൂര്‍ത്തിയാക്കിയ കോടതി, വിധി പ്രഖ്യാപിക്കുന്നതിനായി ഹര്‍ജി മാറ്റിവെച്ചു. കേസിലെ വാദങ്ങള്‍ തിങ്കളാഴ്ചയ്ക്കകം എഴുതി നല്‍കാനും ജസ്റീസുമാരായ വിക്രംജിത് സെന്‍, ശിവകീര്‍ത്തി സിംഗ് എന്നിവരുടെ ബെഞ്ച് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നിര്‍ദേശം നല്‍കി.

ഒന്‍പത് ദിവസത്തോളം തുടര്‍ച്ചയായി നടത്തിയ വാദം പൂര്‍ത്തിയാക്കുന്നതിനിടയിലാണു സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മദ്യനയത്തിന്റെ ലക്ഷ്യങ്ങളില്‍ കൊണ്ടു നിര്‍ത്തിയത്. ഒരു വിഭാഗം ആളുകള്‍ക്ക് മാത്രം ലൈസന്‍സ് നല്‍കിയത് വിവേചപരമാണെന്നും മദ്യവില്‍പ്പന നടത്താനുള്ള ഭരണഘടനാപരമായ അവകാശമുണ്െടന്നും അത് നിഷേധിക്കാനാവില്ലെന്നും ബാറുടമകള്‍ വാദിച്ചു. എന്നാല്‍, മദ്യവില്‍പ്പന നിയന്ത്രിക്കാനുള്ള പൂര്‍ണമായ അധികാരം സര്‍ക്കാരിനുണ്െടന്നും നയം റദ്ദാക്കാന്‍ കോടതികള്‍ക്ക് പരിമിതിയുണ്െടന്നും സംസ്ഥാനവും മറുവാദം ഉന്നയിച്ചു. അതിനിടെ, ബാറുകള്‍ പൂട്ടിയതിനെത്തുടര്‍ന്നു തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളോട് സഹതാപമുണ്െടന്നും ജസ്റീസുമാരായ വിക്രംജിത് സെന്‍, ശിവകീര്‍ത്തി സിംഗ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ട് തൊഴിലാളികള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, മദ്യനയം മൂലം തന്റെ അവകാശം നഷ്ടമായെന്ന വാദവുമായി ഒരു മദ്യപാനി കേസില്‍ കക്ഷി ചേരാനെത്തിയെങ്കിലും കോടതി അംഗീകരിച്ചില്ല.


ചെറിയ തോതില്‍ മദ്യപിക്കുന്ന താന്‍ തന്റെ ആരോഗ്യത്തിനു വേണ്ടിയാണ് അതു തുടരുന്നതെന്നു അഭിഭാഷകനായ എം.എല്‍. ജിഷ്ണു മുഖേനെ ചൂണ്ടിക്കാട്ടിയെങ്കിലും അപേക്ഷ കോടതി തള്ളിക്കളഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.