വന്‍കിട ടയര്‍, ഉരുക്കു വ്യവസായികളുടെ താത്പര്യം സംരക്ഷിക്കുമെന്നു കേന്ദ്രം
Friday, August 28, 2015 12:58 AM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: വിലയിടിവു മൂലം റബര്‍ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലായിരിക്കെ, ശതകോടികളുടെ ലാഭം ഉണ്ടാക്കുന്ന വന്‍കിട ടയര്‍, ഉരുക്കു വ്യവസായികളുടെ താത്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമെന്നു കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര കല്‍ക്കരി, ഉരുക്കു വകുപ്പു മന്ത്രി നരേന്ദ്ര സിംഗ് തോമറാണ് വ്യവസായികളുടെ സംഘടനയായ സിഐഐയുടെ യോഗത്തില്‍ ഇക്കാര്യം പറഞ്ഞത്. അച്ഛാ ദിന്‍ (നല്ല ദിവസങ്ങള്‍) വരുമെന്നു ബിജെപി വാഗ്ദാനം ചെയ്തിട്ടില്ലെന്നു കഴിഞ്ഞ ദിവസം വിവാദ പ്രസ്താവന നടത്തിയതും ഇതേ മന്ത്രിയാണ്.

വിവിധ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകളും വില കുറഞ്ഞ റബര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതിയും മൂലം രാജ്യത്തെ റബര്‍, സ്റീല്‍ വ്യവസായങ്ങള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചു കേന്ദ്രസര്‍ക്കാരിനു പൂര്‍ണ ബോധ്യവും ആശങ്കയും ഉണ്െടന്നു കേന്ദ്രമന്ത്രി പറഞ്ഞു. വളരെ ശ്രദ്ധാപൂര്‍വം പ്രശ്നം പരിശോധിക്കുന്നുണ്ട്. സ്വതന്ത്ര വ്യാപാര കരാറുകള്‍ പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രിക്കു തീരുമാനിക്കാന്‍ വേണ്ടി കേന്ദ്ര വാണിജ്യ, ധന മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ചു വരികയാണ്. രാജ്യത്തു കഷ്ടതയനുഭവിക്കുന്ന റബര്‍, ഉരുക്കു വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി ഇറക്കുമതി തീരുവകള്‍ ഉയര്‍ത്താനും ആലോചനയുണ്ട്- മന്ത്രി തോമര്‍ വ്യക്തമാക്കി.

സ്വാഭാവിക റബറിന് 25 ശതമാനവും അന്തിമ ഉത്പന്നങ്ങള്‍ക്കു 10 ശതമാനവും തീരുവ ഉണ്െടങ്കിലും സ്വതന്ത്ര വ്യാപാര കരാറുകള്‍ മൂലം ഫലത്തില്‍ ആറു ശതമാനം മാത്രമാണ്് തീരുവ വരുന്നതെന്നു കേന്ദ്രമന്ത്രി വിശദീകരിച്ചു. ആസിയാന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുമായി 2009 മുതല്‍ 2011 വരെ ഇന്ത്യ സ്വതന്ത്രവ്യാപാര കരാറുകളില്‍ ഒപ്പുവച്ചിരുന്നു.


റബര്‍ വ്യവസായികള്‍ക്കു വേണ്ടി റബ് ടെക് എന്ന പേരില്‍ സിഐഐ (കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി) ഡല്‍ഹിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു കേന്ദ്രമന്ത്രി. സിഐഐ ചെയര്‍മാനും ജെകെ ടയര്‍ കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. രഘുപതി സിംഘാനിയ ചടങ്ങില്‍ അധ്യക്ഷനായിരുന്നു.

ലോകത്തിലെ അഞ്ചു വലിയ റബര്‍ ഉത്പാദക രാജ്യങ്ങളിലൊന്നായ ഇന്ത്യയില്‍ റബറിന് വലിയ സാധ്യതകളാണുള്ളതെന്നു മന്ത്രി തോമര്‍ ചൂണ്ടിക്കാട്ടി. നഗരവത്കരണവും അടിസ്ഥാന സൌകര്യ വികസനവും അതിവേഗം നടക്കുന്നതിനാല്‍ ഇന്ത്യയില്‍ റബറിന്റെ ഉപയോഗം വളരെ കൂടുതലായി ആവശ്യമാകും. വിവിധ നിര്‍മാണ മേഖലകളിലും റബര്‍ അനിവാര്യമാണ്. അതിനാല്‍ റബര്‍ മേഖലയിലെ ഗവേഷണത്തിനായി സര്‍ക്കാരും സ്വകാര്യമേഖലയും കൂടുതല്‍ നിക്ഷേപം നടത്തണം. ഇന്ത്യയിലെ റബര്‍ വ്യവസായം വന്‍തോതില്‍ വിദേശനിക്ഷേപം ആകര്‍ഷിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.