പട്ടേല്‍ സമരം ഏഴു മരണം, പട്ടാളം ഇറങ്ങി
പട്ടേല്‍ സമരം ഏഴു മരണം, പട്ടാളം ഇറങ്ങി
Thursday, August 27, 2015 12:35 AM IST
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും തലവേദന സൃഷ്ടിച്ചു ഗുജറാത്തില്‍ പട്ടേല്‍ സമുദായക്കാര്‍ നടത്തുന്ന സംവരണസമരം കൂടുതല്‍ രൂക്ഷമായി.

സമരനായകന്‍ ഹര്‍ദിക് പട്ടേലിനെ കസ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹം നേതൃത്വം നല്‍കുന്ന സമുദായ സംഘടനയായ പടിദാര്‍ അനാമത് ആന്ദോളന്‍ സമിതി ഇന്നലെ പ്രഖ്യാപിച്ച ബന്ദ് അക്രമാസക്തമായി. പോലീസ് വെടിവയ്പിലും മറ്റുമായി ഏഴു പേര്‍ കൊല്ലപ്പെട്ടു.

അക്രമം പടരുന്ന സാഹചര്യം കണക്കിലെടുത്തു സംസ്ഥാനത്തിന്റെ അഭ്യര്‍ഥനപ്രകാരം ചൊവ്വാഴ്ച രാത്രിയോടെ 5000 അര്‍ധസൈനികര്‍ ഗുജറാത്തില്‍ എത്തിയിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമായ അഹമ്മദാബാദില്‍ പട്ടാളത്തിന്റെ അഞ്ചു ബറ്റാലിയനുകളും എത്തി. ഇന്നലെ രാത്രി സൈന്യം ഫ്ളാഗ് മാര്‍ച്ച് നടത്തി.


ചൊവ്വാഴ്ചത്തെ റാലിക്കുശേഷം അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചതിനു പിന്നാലെയാണു ഹര്‍ദികിനെ പോലീസ് കസ്റഡിയിലെടുത്തത്. ഹര്‍ദിക്കിനെ പിന്നീടു വിട്ടയച്ചെങ്കിലും പോലീസ് നടപടിയില്‍ പ്രതിഷേധിച്ചു സംഘടന സംസ്ഥാന ബന്ദിന് ആഹ്വാനം നല്‍കി.

നൂറോളം ബസുകള്‍ അഗ്നിക്കിരയായി. അഹമ്മദാബാദ് നഗരത്തിലെ വസ്ത്രാല്‍ ഭാഗത്തു ജനക്കൂട്ടം പോലീസിന്റെ തോക്കു പിടിച്ചുവാങ്ങി.

അക്രമം തുടരുന്ന സാഹചര്യത്തില്‍ അഹമ്മദാബാദ്, സൂറത്ത്, മെഹ്സാന, രാജ്കോട്ട്, ജാംനഗര്‍, പട്ടാന്‍ തുടങ്ങിയ നഗരങ്ങളിലെല്ലാം കര്‍ഫ്യൂ പ്രഖ്യാപിച്ചു. ചൊവ്വാഴ്ചമുതല്‍ സംസ്ഥാനത്തു വാട്ട്സ് ആപ്പ്, മൊബൈല്‍ ഇന്റര്‍നെറ്റ് തുടങ്ങിയ സേവനങ്ങള്‍ താത്കാലികമായി വിച്ഛേദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.