മത്സ്യത്തൊഴിലാളികള്‍ ഇന്ത്യയിലെത്തി, പാക് തടവുകാരെ ഇന്ത്യ വിട്ടയയ്ക്കും
Wednesday, August 5, 2015 12:30 AM IST
അട്ടാരി (പഞ്ചാബ്): പാക്കിസ്ഥാന്‍ ജയിലില്‍ക്കഴിഞ്ഞിരുന്ന 160 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ജന്മനാട്ടില്‍ തിരിച്ചെത്തി. റഷ്യയില്‍ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി നവാസ് ഷരീഫും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനമനുസരിച്ചായിരുന്നു മത്സ്യത്തൊഴിലാളികളുടെ മോചനം.

വാഗാ-അട്ടാരി അതിര്‍ത്തിയില്‍ ചൊവ്വാഴ്ച രാത്രി എത്തിച്ചേര്‍ന്ന മത്സ്യത്തൊഴിലാളികള്‍ ഇന്നലെ രാവിലെയാണ് ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയത്. കുടുംബാംഗങ്ങള്‍ ഇവരെ സന്തോഷാശ്രുക്കളോടെ സ്വീകരിച്ചു.


പിറന്ന മണ്ണിനെ ചുംബിച്ചാണ് മത്സ്യത്തൊഴിലാളികള്‍ സന്തോഷം പ്രകടിപ്പിച്ചത്.

ഇന്ത്യന്‍ ഹൈക്കമ്മീഷനില്‍ നിന്നനുവദിച്ച അടിയന്തര യാത്രാ രേഖകളുമായാണു മത്സ്യത്തൊഴിലാളികള്‍ അതിര്‍ത്തിയിലെ സംയുക്ത ചെക്പോസ്റിലെത്തിയത്.

ഇതേസമയം, ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ തടവിലുള്ള വിദേശികളില്‍ പാക്കിസ്ഥാന്‍കാരുണ്െടങ്കില്‍ അവരെ വിട്ടയയ്ക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.