പാര്‍ട്ടിക്കാരുടെ അഴിമതി പെരുകുമ്പോഴും മോദി മൌനവ്രതത്തില്‍: സോണിയ
പാര്‍ട്ടിക്കാരുടെ അഴിമതി പെരുകുമ്പോഴും മോദി മൌനവ്രതത്തില്‍: സോണിയ
Tuesday, August 4, 2015 12:18 AM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: ബിജെപി മന്ത്രിമാരുടെയും മുഖ്യമന്ത്രിമാരുടെയും അഴിമതിയും നിയമലംഘനവും പെരുകുമ്പോഴും മന്‍ കി ബാത്തിന്റെ (മനസിലെ കാര്യം) ചാമ്പ്യനായ നരേന്ദ്ര മോദി മൌനവ്രതത്തിലാണെന്നു കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി. പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരെ ലോക്സഭയില്‍നിന്നു പുറത്താക്കിയതു ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്നും സോണിയ വൈകുന്നേരം കൂട്ടിച്ചേര്‍ത്തു. ഇന്നലെ രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് എംപിമാരുടെ (സിപിപി) യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു സോണിയ.

പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതു ജനാധിപത്യത്തിലെ ന്യായമായ തന്ത്രമാണെന്നു ന്യായീകരിച്ചവരാണ് ഇന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനെതിരേ ഉപദേശവും നടപടികളുമായി വരുന്നതെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് കുറ്റപ്പെടുത്തി. 2008 നവംബര്‍ 26 മുതല്‍ മുംബൈയില്‍ ആക്രമണം നടത്തിയ ഭീകരരെ തുരത്താനുള്ള കമാന്‍ഡോ ഓപ്പറേഷന്‍ തീരാന്‍ പോലും കാത്തുനില്‍ക്കാതെ നവംബര്‍ 28നു തന്നെ മുംബൈയിലെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും കേന്ദ്രസര്‍ക്കാരിനെയും കുറ്റപ്പെടുത്തിയതു ബിജെപി മറക്കുന്നു. എന്നിട്ടിപ്പോള്‍ രാജ്യതന്ത്രജ്ഞത കാട്ടിയില്ലെന്നു കോണ്‍ഗ്രസിനെ ആക്ഷേപിക്കുകയാണ്.

എല്ലാ ജനാധിപത്യമര്യാദകളും ലംഘിച്ചാണു പ്രധാനമന്ത്രിയുടെയും കേന്ദ്രസര്‍ക്കാരിന്റേയും പോക്കെന്നു സോണിയ പറഞ്ഞു. ആരോപണവിധേയരായവര്‍ തത്സ്ഥാനങ്ങളില്‍ തുടരുന്നിടത്തോളം കാലം പാര്‍ലമെന്റ് സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ അനുവദിക്കാനാകില്ല. പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനം ഹ്രസ്വമാണെങ്കിലും സംഭവബഹുലമാണെന്ന് ഇതിനകം തെളിഞ്ഞു. ജനവികാരം മനസിലാക്കുന്നതിലുള്ള സര്‍ക്കാരിന്റെ പ്രകടമായ നിസംഗതകൊണ്ടാണ് ഈ സമ്മേളനം സംഭവബഹുലമായത്.

കുമിഞ്ഞുകൂടിയ അഴിമതിയെക്കുറിച്ചു പ്രധാനമന്ത്രി മൌനം പാലിക്കുകയാണ്. എങ്കിലും വാഗ്ദാനങ്ങള്‍ സൌജന്യമായി നല്‍കിക്കൊണ്ടിരിക്കുന്നു.

നല്‍കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനു കഴിയുന്നുമില്ലെന്ന് ഇതിനകം പലവട്ടം തെളിയിച്ചുകഴിഞ്ഞു. സുതാര്യതയുടെയും സത്യസന്ധതയുടെയും ഉത്തരവാദിത്വത്തിന്റെയും കാര്യത്തില്‍ വലിയ ധാര്‍മികത പറയുന്നവരാണു വിദേശകാര്യമന്ത്രിയുടെയും രണ്ടു മുഖ്യമന്ത്രിമാരുടെയും കടുത്ത നിയമലംഘനങ്ങളോടു മൌനം പാലിക്കുന്നത്: പ്രധാനമന്ത്രി മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും അതിരൂക്ഷമായ ഭാഷയിലാണു സോണിയ വിമര്‍ശിച്ചത്.

പ്രതിപക്ഷത്തിരുന്നപ്പോള്‍ പാര്‍ലമെന്ററി നടപടികള്‍ തടസപ്പെടുത്തുന്നതിനെ ന്യായീകരിച്ച പാര്‍ട്ടിയാണു ബിജെപി. പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നതു ന്യായമായ പ്രതിഷേധരീതിയാണെന്നും വാദിച്ചു. എന്നിട്ടിപ്പോള്‍ അധികാരത്തിലെത്തിയപ്പോള്‍ പ്രതിഷേധിക്കുന്നവരോടു സാരോപദേശം നടത്തുകയാണ്. ആദ്യം രാജി, പിന്നീടു ചര്‍ച്ച എന്ന നിലപാടിന്റെ സ്രഷ്ടാക്കള്‍ തന്നെ ബിജെപിക്കാരാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അഞ്ച് വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി അവര്‍ ഇതേ നിലപാടാണു സ്വീകരിച്ചത്. പക്ഷേ ഇപ്പോള്‍ അവര്‍ തെരഞ്ഞടുക്കുന്ന കാര്യങ്ങളില്‍ മറവി രോഗം ബാധിച്ചിരിക്കുകയാണ്.


ബിജെപി സര്‍ക്കാരിന്റെ നാണംകെട്ട സമീപനം കൊണ്ടാണു പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ഇത്തരമൊരു നിലപാടു സ്വീകരിക്കാന്‍ നിര്‍ബന്ധിതരായത്. വിദേശകാര്യമന്ത്രിയോടു രാജി ആവശ്യപ്പെടാന്‍ പ്രധാനമന്ത്രിക്കു മുമ്പില്‍ വ്യക്തമായ നിരവധി തെളിവുകളാണുള്ളത്. കളങ്കിതരായവര്‍ സ്ഥാനങ്ങളില്‍ തുടരുന്നിടത്തോളം കാലം സഭ ക്രിയാത്മകമായി നടത്താന്‍ അനുവദിക്കില്ല. പാര്‍ലമെന്റ് സുഗമമായി നടക്കണമെന്നതും നിയമനിര്‍മാണങ്ങള്‍ ചര്‍ച്ചചെയ്യണമെന്നതുമാണു കോണ്‍ഗ്രസിന്റെ എക്കാലത്തെയും സമീപനമെന്നും സോണിയ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ലഭിച്ച ഭൂരിപക്ഷത്തെ ധാര്‍ഷ്ട്യത്തിനുള്ള സ്രോതസായാണു സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ആദ്യം ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്ന് പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി. പിന്നീടു ബില്ലുകള്‍ പാര്‍ലമെന്ററി സ്റാന്‍ഡിംഗ് കമ്മിറ്റികള്‍ക്കു വിടാതെ പ്രതിപക്ഷത്തിനുള്ള അഭിപ്രായസ്വാതന്ത്യ്രം അടിച്ചമര്‍ത്തി. ഏറ്റവുമൊടുവില്‍ അന്വേഷണത്തിനു പകരമുള്ള മാര്‍ഗമായി ചര്‍ച്ചയെ അടിച്ചേല്‍പ്പിക്കാനാണു ശ്രമം. സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ക്കെതിരേ ശബ്ദമുയര്‍ത്തുകയെന്നതു പ്രതിപക്ഷത്തിനു ഭരണഘടന നല്‍കുന്ന അവകാശമാണെന്നും സോണിയ ഓര്‍മിപ്പിച്ചു.

സര്‍ക്കാരിനു നേതൃത്വം കൊടുക്കുന്ന വ്യക്തിയുടെ പ്രവര്‍ത്തനം എല്ലാ ജനാധിപത്യമര്യാദകളും ലംഘിക്കുന്നതാണ്. ധാര്‍ഷ്ട്യവും സാങ്കല്‍പ്പിക പ്രഭാഷണങ്ങളും ഒരേസമയം മുന്നോട്ടുകൊണ്ടുപോകാന്‍ അനുവദിക്കില്ല. സഹകരിച്ചുപോകാന്‍ കഴിയുന്ന അന്തരീക്ഷം സംജാതമാക്കേണ്ടതു സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. പാര്‍ലമെന്റിലെ അംഗബലം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ലൈസന്‍സല്ല. ഒരു വര്‍ഷംകൊണ്ടു തന്നെ മോദി സര്‍ക്കാരിന്റെ പൊള്ളത്തരം തുറന്നുകാണിക്കപ്പെട്ടിരിക്കുകയാണെന്നു സോണിയ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.