മഹാന്മാരായ സന്യാസിമാരുടെ പട്ടികയില്‍ ആശാറാം ബാപ്പുവും!
മഹാന്മാരായ സന്യാസിമാരുടെ പട്ടികയില്‍ ആശാറാം ബാപ്പുവും!
Monday, August 3, 2015 12:07 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന വിവാദ സ്വാമി ആശാറാം ബാപ്പു പാഠപുസ്തകത്തിലെ മഹാന്മാരായ സന്യാസിമാരുടെ പട്ടികയില്‍. രാജസ്ഥാനിലെ മൂന്നാം ക്ളാസിലെ വിദ്യാര്‍ഥികള്‍ക്കു നല്‍കിയ പാഠപുസ്തകത്തിലാണ് സ്വാമി വിവേകാനന്ദന്‍, മദര്‍ തെരേസ, രാമകൃഷ്ണ പരമഹംസന്‍ എന്നിവര്‍ക്കൊപ്പം ആശാറാം ബാപ്പുവിനെയും ഉള്‍പ്പെടുത്തിയത്. നയാ ഉജാല (പുതിയ വെളിച്ചം) എന്നു പേരിട്ടിരിക്കുന്ന പൊതുവിജ്ഞാനത്തിന്റെ പുസ്തകത്തില്‍ യോഗ ഗുരു ബാ ബാ രാംദേവിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ മഹാന്മാരായ സന്യാസിമാരുടെ പട്ടിക നല്‍കിയതില്‍ ഇവരെ തിരിച്ചറിയാനാണു വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. പുസ്തകം സ്കൂളുകളില്‍ പഠിപ്പിക്കരുതെന്നും സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ നിന്നുള്ള ഗുരുകുല്‍ എഡ്യൂക്കേഷന്‍ ബുക്സ് എന്ന പ്രസാധകരാണ് പുസ്തകം വിതരണം ചെയ്തിരിക്കുന്നത്. സംഭവം വിവാദമായതോടെ ആശാറാം ബാപ്പുവിനെതിരേ കേസില്ലാത്തപ്പോള്‍ പുറത്തിറക്കിയ പുസ്തകമാണെന്നാണ് അധികൃതരുടെ വിശദീകരണം. പഴയ പുസ്തകങ്ങള്‍ പിന്‍വലിച്ച് പരിഷ്കരിച്ച പതിപ്പ് വിതരണം ചെയ്യുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നു.


പീഡനക്കേസില്‍ അറസ്റിലായ ആശാറാം ബാപ്പു 2013 ഓഗസ്റ് മുതല്‍ ജോധ്പൂര്‍ ജയിലിലാണ്. ഗുജറാത്തിലെ സൂറത്തില്‍ സഹോദരിമാരായ രണ്ടു യുവതികളെ പീഡിപ്പിച്ചതിനും അനധികൃതമായി തടങ്കലില്‍ വച്ചതിനും ആശാറാം ബാപ്പുവിനും മകന്‍ നാരായണ്‍ സായിക്കുമെതിരേ കേസെടുത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.