ഹിന്ദു തീവ്രവാദമെന്ന യുപിഎ പ്രയോഗം ദോഷം ചെയ്തെന്നു രാജ്നാഥ് സിംഗ്
ഹിന്ദു തീവ്രവാദമെന്ന യുപിഎ പ്രയോഗം ദോഷം ചെയ്തെന്നു രാജ്നാഥ് സിംഗ്
Saturday, August 1, 2015 12:09 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: മുന്‍ യുപിഎ സര്‍ക്കാരിന്റെ ഹിന്ദുതീവ്രവാദം എന്ന പദപ്രയോഗം തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടുകളെ അശക്തമാക്കിയെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ആഭ്യന്തര മന്ത്രിയുടെ പരാമര്‍ശം പൊതുവേ പ്രക്ഷുബ്ധമായ പാര്‍ലമെന്റ് അന്തരീക്ഷത്തില്‍ പ്രതിപക്ഷ, ഭരണപക്ഷ അംഗങ്ങളുടെ വാക്കേറ്റത്തിനിടയാക്കി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുമ്പോള്‍ ഭരണപക്ഷം ബെഞ്ചിലിരുന്നു പ്രതിരോധിക്കുന്നതിനിടെയാണ് കഴിഞ്ഞദിവസത്തെ ഗുര്‍ദാസ്പൂര്‍ ആക്രണം സംബന്ധിച്ചു പ്രസ്താവന നടത്താന്‍ രാജ്നാഥ് സിംഗ് എഴുന്നേല്‍ക്കുന്നത്.

മന്ത്രി പ്രസ്താവന നടത്താനൊരുങ്ങിയപ്പോള്‍ പ്രതിഷേധം നിര്‍ത്തി കോണ്‍ഗ്രസ് അംഗങ്ങളോടു ഇരിപ്പിടങ്ങളിലേക്കു മടങ്ങാന്‍ ലോക്സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിര്‍ദേശം നല്‍കിയിരുന്നു. ലളിത് മോദി, വ്യാപം അഴിമതിവിഷയങ്ങളില്‍ കടുത്ത പ്രതിഷേധമുയര്‍ത്തി സഭ സ്തംഭിപ്പിച്ചിരുന്ന പ്രതിപക്ഷം ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയെ ശ്രദ്ധയോടെ കേട്ടിരിക്കുകയായിരുന്നു.

എന്നാല്‍, രാജ്നാഥിന്റെ വിവാദ പ്രസ്താവനയ്ക്കു പിന്നാലെ കോണ്‍ഗ്രസിനൊപ്പം ഇടതുപക്ഷ, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങളും പ്രതിഷേധത്തില്‍ അണിചേര്‍ന്നു. തുടര്‍ന്നാണു പ്രതിപക്ഷ, ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. പ്രതിഷേധവുമായി ഇരിപ്പിടത്തില്‍ നിന്നുയര്‍ന്ന മല്ലികാര്‍ജുന ഖാര്‍ഗെയെ സ്പീക്കര്‍ സുമിത്ര മഹാജന്‍ സംസാരിക്കാന്‍ അനുവദിച്ചില്ല.

തീവ്രവാദം എന്നത് തീവ്രവാദം തന്നെയാണ്. തീവ്രവാദത്തിനു ജാതിയോ മതമോ ഇല്ല. ഏറ്റവും വലിയ വെല്ലുവിളിയായ തീവ്രവാദത്തിനെതിരേ രാജ്യവും പാര്‍ലമെന്റും ഒന്നിക്കണം. 2103ല്‍ അന്നത്തെ ആഭ്യന്തരമന്ത്രി ഹിന്ദു തീവ്രവാദമെന്ന പദപ്രയോഗം നടത്തിയതിലൂടെയാണ് ഭീകരവാദ കേസുകളുടെ അന്വേഷണത്തിന്റെ ഗതി മാറിയത്. മുന്‍ ആഭ്യന്തര മന്ത്രി പി. ചിദംബരത്തെയാണ് ഈ പ്രസ്താവനയിലൂടെ രാജ്നാഥ് സിംഗ് ലക്ഷ്യം വച്ചത്. ഇതോടെ നമ്മുടെ ഭീകരവിരുദ്ധ പോരാട്ടം ദുര്‍ബലമായെന്നും രാജ്നാഥ് സഭയില്‍ വ്യക്തമാക്കിയത്. ഒരു വശത്തു പട്ടാളക്കാര്‍ തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയം പാര്‍ലമെന്റില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടക്കുമ്പോള്‍ ബഹളമുണ്ടാക്കുന്നതു ശരിയല്ലെന്നും രാജ്നാഥ് പറഞ്ഞു.


ബിജെപി ഭരണത്തില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ല എന്നു കൂടി മന്ത്രി പറഞ്ഞുവെച്ചതോടെയാണു പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റത്.

രോഷാകുലരായ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭാചട്ടങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകം ഉയര്‍ത്തിക്കാട്ടിയും പുസ്തകം സെക്രട്ടറി ജനറലിന്റെ മേശപ്പുറത്തേക്കു എറിഞ്ഞും രോഷം പ്രകടിപ്പിച്ചു. എല്ലാ പ്രതിഷേധങ്ങളെയും മറികടന്നു സഭ നടത്തുമെന്ന നിലപാടിലുറച്ചു നിന്ന സ്പീക്കര്‍ സുമിത്ര മഹാജനാണ് ഇതോടെ വെട്ടിലായത്.

12.30നു നിര്‍ത്തിവെച്ച സഭ വീണ്ടും രണ്ടു മണിക്കു ചേര്‍ന്നപ്പോഴും കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി. ചട്ടം 372 പ്രകാരം മന്ത്രി എഴുതി നല്‍കുന്ന പ്രസ്താവനയില്‍ ഇല്ലാത്ത കാര്യങ്ങള്‍ മന്ത്രിസഭയില്‍ പറയുന്നത് ചട്ടലംഘനമാണെന്നും മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും മല്ലികാര്‍ജുന ഖാര്‍ഗെ ആവശ്യപ്പെട്ടു.

സിപിഎമ്മിലെ പി.കരുണാകരന്‍, തൃണമൂല്‍ കോണ്‍ഗ്രസിലെ സൌഗത റോയി എന്നിവരും ഇതേ ആവശ്യം ഉന്നയിച്ചു. എന്നാല്‍, മന്ത്രിമാര്‍ എഴുതിവായിക്കുന്ന പ്രസ്താവനയ്ക്കൊപ്പം വിശദീകരണം നല്‍കിയ കീഴ്വഴക്കം നിലവിലുണ്െടന്നു വിശദീകരിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ഡോ. തമ്പി ദുരൈ പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.