മേമന്റെ വധശിക്ഷ: സമ്മിശ്ര പ്രതികരണവുമായി നേതാക്കള്‍
മേമന്റെ വധശിക്ഷ: സമ്മിശ്ര പ്രതികരണവുമായി നേതാക്കള്‍
Friday, July 31, 2015 12:38 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയതിനു പിന്നാലെ വധശിക്ഷയ്ക്കെതിരേ സമ്മിശ്രപ്രതികരണങ്ങളുമായി രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍. കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍ എംപിയും ദിഗ് വിജയ് സിഗും ട്വിറ്ററില്‍ നടത്തിയ പ്രതികരണമാണ് ചര്‍ച്ചകള്‍ക്കു ചൂടുപിടിപ്പിച്ചത്. ഭരണകൂടം ഒരാളെ തൂക്കിലേറ്റുന്നതു ദുഖകരമാണ്. തീവ്രവാദത്തിനെതിരേ പോരാടണം. എന്നാല്‍, വധശിക്ഷ ഒരു തീവ്രവാദ ആക്രമണം പോലും തടഞ്ഞിട്ടില്ലെന്നുമായിരുന്നു തരൂര്‍ ട്വിറ്ററില്‍ കുറിച്ചത്. യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാരും കോടതിയും അസാധാരണമായ തിടുക്കവും പ്രതിബന്ധതയും കാണിച്ചു. എല്ലാ തീവ്രവാദ കേസുകളിലും മത, ജാതി, വിശ്വാസ പരിഗണനകള്‍ കൂടാതെ ഇതേ പ്രതിബദ്ധത സര്‍ക്കാര്‍ കാണിക്കുമെന്നാണു പ്രതീക്ഷയെന്നുമായിരുന്നു ദിഗ് വിജയ് സിംഗിന്റെ പ്രതികരണം. എന്നാല്‍, തരൂരിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും കോണ്‍ഗ്രസിന്റേതല്ലെന്നുമാണ് ഇതു സംബന്ധിച്ചു പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല വ്യക്തമാക്കിയത്.

ഹിന്ദു തീവ്രവാദികള്‍ പ്രതികളായ ഭീകരാക്രമണ കേസുകളില്‍ അന്വേഷണ സംഘത്തിനു മെല്ലെപ്പോക്കു നയമാണുള്ളതെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. മാലേഗാവ് അടക്കമുള്ള കേസുകളില്‍ പ്രതികള്‍ക്ക് ശിക്ഷ പോലും ലഭിക്കുമോയെന്ന് സംശയമുള്ളതായും യെച്ചൂരി പറഞ്ഞു. നിയമം എല്ലാവര്‍ക്കും തുല്യമായി പരിഗണന നല്‍കേണ്ടതാണ്. മഹാത്മാ ഗാന്ധിയെ വെടിവെച്ചു കൊന്നത് ഒരു ഹിന്ദു തീവ്രവാദിയാണ്. ഇന്ദിരാ ഗാന്ധിയെ ഒരു സിക്കുകാരനും രാജീവ് ഗാന്ധിയെ എല്‍ടിടിഇയുമാണു കൊലപ്പെടുത്തിയത്. ഭീകരവാദം ഒരു പ്രത്യേകമതത്തിലോ വിഭാഗത്തിലോ ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ വധശിക്ഷ നിരോധിക്കണമെന്നായിരുന്നു സിപിഎം നേതാവ് പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടത്. യാക്കൂബ് മേമനെതിരായ നടപടി ഈ ആവശ്യത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്നും കാരാട്ട് ചൂണ്ടിക്കാട്ടി. ആക്രമണത്തെ പ്രതിരോധിക്കുന്നതിനുള്ള ആയുധമാണ് വധശിക്ഷയെന്നതിന് ഒരിടത്തും തെളിവില്ല. ഇതെല്ലാം പ്രത്യുപകാരമാണെന്നും തരൂര്‍ വീണ്ടും ട്വിറ്ററില്‍ പോസ്റ് ചെയ്തിരുന്നു. എന്നാല്‍, താന്‍ ഒരു പ്രത്യേക കേസിനെ ആസ്പദമാക്കിയല്ല വധശിക്ഷയ്ക്കെതിരായ നിലപാടുമായി രംഗത്തെത്തിയതെന്നു തരൂര്‍ പിന്നീടു വിശദീകരിച്ചു. ഇന്ത്യയില്‍ വീണ്ടും വധശിക്ഷ നടപ്പാക്കിയതിനെതിരേ ആംനസ്റി ഇന്റര്‍നാഷണലും അപലപിച്ചിട്ടുണ്ട്.

തീവ്രവാദ ഭീഷണികളില്‍ നിന്നു മോചനം നേടാന്‍ ആഗ്രഹിക്കുന്ന ജനങ്ങളെ പരിഹസിക്കുന്നതാണ് തരൂരിന്റെയും ദിഗ് വിജയ് സിംഗിന്റെയും അഭിപ്രായങ്ങളെന്നാണു ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചത്. ദിഗ് വിജയ് സിംഗിന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷയും ഉപാധ്യക്ഷനും മാപ്പു പറയാന്‍ തയാറാകണമെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയും ആവശ്യപ്പെട്ടു.

വധശിക്ഷയ്ക്കെതിരേ മുന്‍ നിയമമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ രാംജേഠ് മലാനിയും ഗാന്ധിജിയുടെ ചെറുമകന്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയും പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി രംഗത്തു വന്നിരുന്നു. ഒരിക്കല്‍ പരിഗണിച്ചു തള്ളിയ ദയാഹര്‍ജി വീണ്ടും പരിഗണിക്കുന്ന പതിവില്ലെന്ന സര്‍ക്കാരിന്റെയും സുപ്രിംകോടതിയുടെയും വാദങ്ങള്‍ കീഴ്വഴക്കങ്ങള്‍ ചൂണ്ടിക്കാട്ടി തെറ്റെന്ന് സ്ഥാപിക്കുകയായിരുന്നു ഗോപാല്‍കൃഷ്ണ ഗാന്ധി ചെയ്തത്. ഡോ. ശങ്കര്‍ദയാല്‍ ശര്‍മ രാഷ്ട്രപതിയായിരിക്കെ 1997ല്‍ മഹാശ്വേതാ ദേവി നല്‍കിയ അപേക്ഷ പരിഗണിച്ച് ആന്ധ്രാപ്രദേശില്‍നിന്നുള്ള രണ്ട് യുവാക്കുളുടെ ഒരിക്കല്‍ തള്ളിയ ദയാഹര്‍ജി വീണ്ടും പരിഗണിച്ച് ഇളവ് നല്‍കിയകാര്യം ഗോപാല്‍കൃഷ്ണ ഗാന്ധി ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രപതിക്കു നല്‍കിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍, യാക്കൂബിന് അനുകൂലമായി വാദിക്കുന്നവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നാണ് ചില ബിജെപി, ശിവസേന നേതാക്കളുടെ നിലപാട്.


സ്ഫോടനപരമ്പര മുതല്‍ തൂക്കുമരം വരെ

ന്യൂഡല്‍ഹി: 1993 മാര്‍ച്ചില്‍ മുംബൈ നഗരത്തെ ഞെട്ടിച്ച സ്ഫോടനപരമ്പരയിലെ മുഖ്യപ്രതി യാക്കുബ് മേമനെ 22 വര്‍ഷങ്ങള്‍ നീണ്ട നടപടികള്‍ക്കൊടുവില്‍ തൂക്കിക്കൊന്നു. സ്ഫോടനങ്ങളില്‍ 257പേര്‍ മരിക്കുകയും 713 പേര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കേസിലെ ഏക കുറ്റക്കാരനാണു യാക്കൂബ് അബ്ദുള്‍ റസാഖ് മേമന്‍ എന്ന യാക്കൂബ് മേമന്‍. കേസിലെ ആദ്യ വധശിക്ഷയാണ് ഇന്നലെ നടപ്പാക്കിയത്.

സ്ഫോടനപരമ്പരയിലെ പ്രതികളായ, മേമന്റെ മൂത്തസഹോദരനായ ടൈഗര്‍ മേമന്‍, അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം, ദാവൂദിന്റെ അടുത്തസഹായി ഛോട്ടാ ഷക്കീല്‍ എന്നിവര്‍ ഒളിവിലാണ്. ഇവര്‍ പാക്കിസ്ഥാനിലുണ്െടന്നാണു കരുതപ്പെടുന്നത്. കാഠ്മണ്ഡുവില്‍നിന്നു പിടിയിലായ മേമനു 2006ല്‍ ടാഡാ കോടതിയാണു വധശിക്ഷ വിധിച്ചത്.


മുംബൈയിലെ സ്ഫോടനങ്ങള്‍ മുതല്‍ നാഗ്പൂരിലെ തൂക്കുമരംവരെ സംഭവങ്ങള്‍ ഇങ്ങനെ:

1993 മാര്‍ച്ച് 12: പതിമൂന്നു സ്ഫോടനങ്ങള്‍, 257പേര്‍ മരിച്ചു, 713 പേര്‍ക്കു പരിക്കേറ്റു.
ഏപ്രില്‍ 19: ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് അറസ്റിലായി.
നവംബര്‍ 4: ദത്ത് ഉള്‍പ്പെടെ 189 കുറ്റാരോപിതര്‍ക്കെതിരേ 10,000 പേജ് ദൈര്‍ഘ്യമുള്ള പ്രാഥമിക കുറ്റപത്രം.
നവംബര്‍ 19: സ്ഫോടന കേസ് സിബിഐക്ക് കൈമാറി.
1994 ഏപ്രില്‍ 1: സിറ്റി സെഷന്‍സ് ആന്‍ഡ് സിവില്‍ കോടതിയില്‍നിന്ന് ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയില്‍ പരിസരത്തുള്ള പ്രത്യേക കെട്ടിടത്തിലേക്കു ടാഡാ കോടതി മാറ്റി.
1995 ഏപ്രില്‍ 10: അബു അസിം അസ്മി, അംജദ് മെഹര്‍ ബോക്സ് എന്നിവരുള്‍പ്പെടെ 26 ആരോപണവിധേയരെ ടാഡാ കോടതി വെറുതെ വിട്ടു. ബാക്കിയുള്ളവര്‍ക്കെതിരേ കുറ്റംചുമത്തി.
ഏപ്രില്‍ 19: വിചാരണ ആരംഭിച്ചു.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ: ആരോപണവിധേയര്‍ക്കെതിരേ കുറ്റങ്ങള്‍ ചുമത്തപ്പെട്ടു.
ജൂണ്‍ 30: മുഹമ്മദ് ജമീല്‍, ഉസ്മാന്‍ ഝന്‍കനന്‍ എന്നീ കുറ്റാരോപിതര്‍ മാപ്പുസാക്ഷികളാകുന്നു.
ഒക്ടോബര്‍ 14: സഞ്ജയ് ദത്തിന് സുപ്രീംകോടതി ജാമ്യം നല്‍കി.
1996 മാര്‍ച്ച് 23: ജഡ്ജി ജെ.എന്‍. പട്ടേലിനെ ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്തുകയും സ്ഥലം മാറ്റുകയും ചെയ്തു.
മാര്‍ച്ച് 29: കേസിനു വേണ്ടിയുള്ള പ്രത്യേക ടാഡാ ജഡ്ജിയായി പിഡി കോദെ നിയമിതനായി.
2000 ഒക്ടോബര്‍: 684 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി.
2001 മാര്‍ച്ച് 19 മുതല്‍ ജൂലൈ 18 വരെ: കുറ്റാരോപിതരുടെ മൊഴികള്‍ രേഖപ്പെടുത്തി.
ഓഗസ്റ് 9: വാദം ആരംഭിക്കുന്നു.
2002 ഓഗസ്റ് 22: വാദം അവസാനിച്ചു.
2003 ഫെബ്രുവരി 20: ദാവൂദ് സംഘാംഗം ഇജാസ് പത്താനെ കോടതിയില്‍ ഹാജരാക്കി.

മാര്‍ച്ച് 20: മുസ്തഫ ദോസയുടെ റിമാന്‍ഡ് നടപടികളും വിചാരണയും തമ്മില്‍ വേര്‍പെടുത്തി.
സെപ്റ്റംബര്‍: വിചാരണ അവസാനിക്കുന്നു. കോടതി വിധി പറയുന്നത് മാറ്റിവയ്ക്കുന്നു.
2006 ജൂണ്‍ 13: അധോലോക സംഘാംഗം അബു സലീമിന്റെ വിചാരണ കേസില്‍നിന്നു വേര്‍പെടുത്തി.
ഓഗസ്റ് 10: സെപ്റ്റംബര്‍ 12നു വിധി പ്രസ്താവിക്കുമെന്നു ജഡ്ജി പി.ഡി. കോദെ അറിയിച്ചു.
സെപ്റ്റംബര്‍ 12: വിധി പ്രസ്താവിക്കാന്‍ തുടങ്ങുന്നു. മേമന്‍ കുടുംബത്തിലെ നാലു പേരെ കുറ്റക്കാരായി വിധിച്ചു. മൂന്നു പേരെ കുറ്റവിമുക്തരാക്കി. 12 പ്രതികളെ വധശിക്ഷയ്ക്കും 20 പേരെ ജീവപര്യന്തം തടവിനും വിധിച്ചു. 2011 നവംബര്‍ 1: സുപ്രീംകോടതി 100 പ്രതികളുടെയും സംസ്ഥാനത്തിന്റെയും അപ്പീലുകള്‍ കേള്‍ക്കാന്‍ ആരംഭിച്ചു.
2012 ഓഗസ്റ് 29: അപ്പീലുകളില്‍ വിധി പറയുന്നതു സുപ്രീംകോടതി മാറ്റിവയ്ക്കുന്നു.
2013 മാര്‍ച്ച് 21: യാക്കൂബ് മേമന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. 10 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. 18 പ്രതികളില്‍ 16 പേരുടെ ജീവപര്യന്തവും കോടതി ശരിവച്ചു.
2014 മേയ്: മേമന്റെ ദയാഹര്‍ജി രാഷ്ട്രപതി പ്രണാബ് മുഖര്‍ജി തള്ളി.

ജൂണ്‍ 2: വധശിക്ഷകളില്‍ പുനഃപരിശോധന വേണമെന്നു ആവശ്യപ്പെടുന്ന ഹര്‍ജികള്‍ക്കായി സമര്‍പ്പിക്കപ്പെട്ട അപേക്ഷയുടെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി മേമന്റെ വധശിക്ഷ സ്റേ ചെയ്തു.
2015 ഏപ്രില്‍ 9: വധശിക്ഷ പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മേമന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
2015 ജൂലൈ 21: മേമന്റെ തെറ്റുതിരുത്തല്‍ ഹര്‍ജിയും സുപ്രീംകോടതി തള്ളി. ഇതോടെ വധശിക്ഷ ഏറെക്കുറെ ഉറപ്പായി.
ജൂലൈ 21: സുപ്രീംകോടതി ഹര്‍ജി നിരസിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു.
ജൂലൈ 23: ജൂലൈ 30ന് നിശ്ചയിക്കപ്പെട്ട വധശിക്ഷ സ്റേചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ.
ജൂലൈ 28: രണ്ടംഗ സുപ്രിംകോടതി ബെഞ്ചില്‍ വിരുദ്ധാഭിപ്രായം ഉയര്‍ന്നതുമൂലം വിശാലബെഞ്ചിലേക്കു കേസ് നിര്‍ദേശിച്ചു.
ജൂലൈ 29: രാഷ്ട്രപതിക്ക് വീണ്ടും ദയാഹര്‍ജി സമര്‍പ്പിച്ചു. മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് നേരത്തെ സമര്‍പ്പിച്ച ദയാഹര്‍ജി തള്ളി. രാഷ്ട്രപതിയും ദയാഹര്‍ജി നിരസിച്ചു.
ജൂലൈ 30: തൂക്കിക്കൊല്ലുന്നതു സ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയില്‍ രാത്രിയില്‍ അപേക്ഷ നല്‍കി. വെളുപ്പിനു സുപ്രീംകോടതി അപേക്ഷ നിരസിച്ചു. രാവിലെ നാഗ്പൂര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കി. വ്യവസ്ഥകള്‍ക്കു വിധേയമായി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.