ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനു ജന്മനാട്ടില്‍ നിത്യനിദ്ര
ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനു ജന്മനാട്ടില്‍ നിത്യനിദ്ര
Friday, July 31, 2015 12:31 AM IST
തോമസ് വര്‍ഗീസ്

രാമേശ്വരം: ജനകോടികളുടെ മനസില്‍ ജ്വലിക്കുന്ന ഓര്‍മകള്‍ ബാക്കിയാക്കി അനശ്വരതയിലേക്കു മടങ്ങിയ എ.പി.ജെ. അബ്ദുള്‍ കലാമിനു ജന്മനാട്ടില്‍ അന്ത്യനിദ്ര. മധുര-രാമേശ്വരം ദേശീയപാതയിലെ അരിയഗുണ്ടില്‍ ഇന്നലെ രാവിലെ പതിനൊന്നരയോടെ സമ്പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു മുന്‍ രാഷ്ട്രപതിയുടെ കബറടക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ രാഷ്ട്രീയരംഗത്തെ പ്രമുഖരെയും കടലിരമ്പംപോലെ ഒഴുകിയെത്തിയ ജനസഞ്ചയത്തെയും സാക്ഷിയാക്കിയായിരുന്നു കബറടക്കച്ചടങ്ങുകള്‍. രാമേശ്വരം മസ്ജിദ് തെരുവിലെ കലാം ഭവനത്തിനു വിളിപ്പാടകലെയുള്ള മുഹിയുദ്ദീന്‍ ആണ്ടവര്‍ മുസ്ലിം പള്ളിയില്‍ മയ്യത്ത് നമസ്കാരത്തിനു ശേഷമാണു രാജ്യം കണ്ട മഹനായ ശാസ്ത്രപ്രതിഭയുടെ ഭൌതികശരീരം കടലോരമണ്ണില്‍ കബറടക്കിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് രാമേശ്വരത്ത് എത്തിച്ച മൃതദേഹം രാത്രി പത്തുവരെ കിലികാട് മൈതാനത്തു പൊതുദര്‍ശനത്തിനു വച്ചിരുന്നു. പതിനൊന്നോടെ ജന്മഗൃഹമായ കലാം ഹൌസില്‍ കൊണ്ടുവന്നു. ഇന്നലെ രാവിലെ ഒന്‍പതിന് കലാം ഹൌസിനു സമീപമുള്ള മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ മയ്യത്തു നമസ്കാരത്തിനായി എത്തിച്ചു. കര്‍മങ്ങള്‍ക്കുശേഷം മൃതദേഹം ഇന്ത്യന്‍ സൈന്യം അന്തിമ ബഹുമതി നല്കുന്നതിനുവേണ്ടി ഏറ്റുവാങ്ങി. പിച്ചവച്ചു വളര്‍ന്ന തന്റെ പ്രിയഗ്രാമത്തിന്റെ വഴിത്താരകളിലൂടെ മുന്‍ രാഷ്ട്രപതിയുടെ ശരീരവുമായി സൈന്യത്തിന്റെ നേതൃത്വത്തില്‍ വിലാപയാത്ര.

രാമേശ്വരത്തുനിന്ന് ആറു കിലോമീറ്റര്‍ അകലെയുള്ള അരിയഗുണ്ടിലെ കബറടക്കസ്ഥലം വരെ ദേശീയപാതയ്ക്ക് ഇരുവശവുമായി പതിനായിരങ്ങള്‍ തങ്ങളുടെ നാടിന്റെ കീര്‍ത്തി വിശ്വത്തോളം ഉയര്‍ത്തിയ മഹദ് വ്യക്തിത്വത്തെ ഒരുനോക്കു കാണാനായി ഒഴുകിയെത്തി. മൃതദേഹം വഹിക്കുന്ന വാഹനത്തിലേക്കു ജനങ്ങള്‍ ചുവന്ന റോസാദളങ്ങള്‍ വാരിവിതറി.

കര, വ്യോമ, നാവിക സേനാംഗങ്ങള്‍ സൈനികവാഹനത്തില്‍ വഹിച്ച മൃതദേഹം പതിനൊന്നിനാണു കബറടക്കസ്ഥലത്തെത്തിച്ചത്. അബ്ദുള്‍ കലാം അമര്‍ രഹേ, ഭാരത് മാതാ കീ ജയ് വിളികള്‍ അന്തരീക്ഷം മുഖരിതമാക്കി. മൂന്നു സേനാവിഭാഗങ്ങളും ചേര്‍ന്നാണു സംസ്കാരത്തിനായി തയാറാക്കിയ ഇടത്തേക്കു മൃതദേഹം കൊണ്ടുപോയത്. രാഷ്ട്രത്തിന്റെ അന്തിമോപചാരം അര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11.15ന് മൃതദേഹത്തിനു മുന്നിലെത്തി പുഷ്പചക്രം സമര്‍പ്പിച്ചു, കരങ്ങള്‍ കൂപ്പി. ഒപ്പം കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യവും അര്‍പ്പിച്ചു.


തുടര്‍ന്നു തമിഴ്നാട് ഗവര്‍ണര്‍ കെ. റോസയ്യ, കേന്ദ്രമന്ത്രിമാരായ മനോഹര്‍ പരീക്കര്‍, എം. വെങ്കയ്യ നായിഡു, പൊന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയാണു കോണ്‍ഗ്രസിനു വേണ്ടി അന്തിമോപചാരം അര്‍പ്പിച്ചത്.

കേരളത്തെ പ്രതിനിധീകരിച്ച് ഗവര്‍ണര്‍ ജസ്റീസ് പി. സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രിമാരായ പി.ജെ. ജോസഫ്, എം.കെ. മുനീര്‍ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരും ആദരവര്‍പ്പിച്ചു.

ഏറ്റവുമടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാനുള്ള അവസരമായിരുന്നു പിന്നീട്. പതിറ്റാണ്ടുകളോളം ഡോ.കലാമിന്റെ കര്‍മമണ്ഡലമായിരുന്ന ഐഎസ്ആര്‍ഒയിലെ സഹപ്രവര്‍ത്തകരെത്തി യാത്രാമൊഴി നല്കി. ഏറ്റവും ഒടുവിലായി ഡോ. കലാമിന്റെ സഹോദര മക്കളും കൊച്ചുമക്കളും എത്തി അന്തിമോപചാരം അര്‍പ്പിച്ചു.

മൃതദേഹത്തെ മൂടിയിരുന്ന ദേശീയപതാക മൂന്നു സേനാവിഭാഗങ്ങളും ചേര്‍ന്ന് എടുത്തുമാറ്റി. ഈ സമയം മൂന്നുതവണ സൈന്യം ആചാരവെടി മുഴങ്ങി. ദേശീയ പൌരന് ഭാരതം നല്കുന്ന അന്തിമ അഭിവാദ്യ ചടങ്ങുകള്‍ ഇതോടെ പൂര്‍ത്തിയായി.

രാമേശ്വരം മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് മൌലവി അബ്ദുല്‍ റഹ്മാന്‍ നൂറല്‍ ഹിദ ബാഖവിയുടെ നേതൃത്വത്തിലായിരുന്നു മതപരമായ അന്ത്യകര്‍മച്ചടങ്ങുകള്‍ നടത്തിയത്. തുടര്‍ന്നു മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചു. സംസ്കാര ചടങ്ങുകള്‍ 12.30 ഓടെ പൂര്‍ത്തിയായി. തുടര്‍ന്നു മണിക്കൂറുകളോളം ജനങ്ങള്‍ കബറിടത്തിനു മുന്നില്‍ ആദരവര്‍പ്പിക്കാന്‍ കാത്തുനിന്നു.

അന്ത്യകര്‍മചടങ്ങ് നടന്ന സ്ഥലത്തേക്കുള്ള പ്രവേശനം മന്ത്രിമാര്‍ക്കും സൈനികര്‍ക്കും രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമായിരുന്നു. കബറടക്കത്തിനു ശേഷമാണു പൊതുജനത്തിനു പ്രവേശനം അനുവദിച്ചത്. രാഷ്ട്രപതിഭവനില്‍നിന്നുള്ള പ്രോട്ടോകോള്‍ ഓഫീസര്‍മാരുടെ സംഘമാണു ചടങ്ങുകള്‍ നിയന്ത്രിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.