ദുഃഖസാഗരമായി രാമേശ്വരം
ദുഃഖസാഗരമായി രാമേശ്വരം
Thursday, July 30, 2015 12:23 AM IST
തോമസ് വര്‍ഗീസ്

രാമേശ്വരം: ഭാരതത്തിന്റെ അഭിമാനമായ ശാസ്ത്രപ്രതിഭയും വ്യക്തിത്വം കൊണ്ടു ജനകോടികളുടെ ആദരപാത്രവുമായ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാമിന് ഇന്നു പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ രാജ്യത്തിന്റെ പ്രണാമം. ജനിച്ചുവളര്‍ന്ന രാമേശ്വരം കടലോരഗ്രാമത്തിലെ ജനസ ഞ്ചയം ഒന്നടങ്കം ദേശത്തിന്റെ പെരുമ ലോകത്തോളം ഉയര്‍ത്തിയ മഹാപുരുഷന്റെ ഭൌതികശരീരം ഒരുനോക്കു കാണാന്‍ ഒഴുകിയെത്തി. നിറഞ്ഞുതുളുമ്പിയ കണ്ണുകളും കൂപ്പിയ കരങ്ങളുമായി തങ്ങളുടെ ഗ്രാമത്തിന്റെ പ്രഗല്ഭപുത്രന് അവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

മുന്‍തീരുമാനത്തില്‍നിന്നു വ്യത്യസ്തമായി ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയാണു കലാമിന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി രാമേശ്വരത്തെ കിലക്കാട് മൈതാനത്ത് എത്തിച്ചത്. ഡല്‍ഹിയില്‍നിന്നു മൃതദേഹവും വഹിച്ചുകൊണ്ടുള്ള വ്യോമസേനാ വിമാനം രാവിലെ 11.40നു മധുര എയര്‍പോര്‍ട്ടില്‍ എത്തി. തമിഴ്നാട് സര്‍ക്കാരിനെ പ്രതിനിധീകരിച്ചു ഗവര്‍ണര്‍ കെ.റോസയ്യ, ചീഫ് സെക്രട്ടറി കെ. ജ്ഞാനദേശികന്‍ എന്നിവര്‍ മൃതദേഹം ഏറ്റുവാങ്ങി. വിമാനത്താവളത്തില്‍ മൂന്നു സേനവിഭാഗങ്ങളും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ചു കേന്ദ്രമന്ത്രിമാരായ മനോഹര്‍ പരീക്കര്‍, വെങ്കയ്യ നായിഡു, ഷാനവാസ് ഹുസൈന്‍, പൊന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു.

മധുരയില്‍നിന്നു ഹെലികോപ്ടറിലാണ് രാമേശ്വരത്തു മൃതദേഹം എത്തിച്ചത്. രാമേശ്വരത്തിന് 20 കിലോമീറ്റര്‍ അകലെ മണ്ഡപത്തിലെ വ്യോമസേനയുടെ ഹെലിപ്പാഡില്‍ ഉച്ചകഴിഞ്ഞ് 2.20നു കലാമിന്റെ മൃതദേഹം വഹിച്ചുള്ള ഹെലികോപ്ടര്‍ പറന്നിറങ്ങിയതോടെ തീരഗ്രാമം വിങ്ങിപ്പൊട്ടി. ജില്ലാ കളക്ടര്‍ കെ. നന്ദകുമാര്‍, ജില്ലാ പോലീസ് ചീഫ് എന്‍.എം. മയില്‍ വാഹനന്‍ എന്നിവര്‍ ചേര്‍ന്നു മൃതദേഹം ഏറ്റുവാങ്ങി.


കര, നാവിക, വ്യോമസേനകളുടെ അകമ്പടിയോടെ അവിടെ നിന്നു റോഡ് മാര്‍ഗം മൃതദേഹം രാമേശ്വരം ബസ് സ്റാന്‍ഡിനു സമീപമുള്ള കിലക്കാട് മൈതാനത്ത് എത്തിച്ചപ്പോഴേക്കും മത്സ്യത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളുമായ ആയിരക്കണക്കിനു ദേശവാസികള്‍ അന്ത്യോപചാരം അര്‍പ്പിക്കാനായി തടിച്ചുകൂടി. കിലക്കാട് മൈതാനത്തെത്തിച്ച മൃതദേഹം തമിഴ്നാട് ധനമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി പ്രത്യേകം തയാറാക്കിയ പന്തലില്‍ പൊതുദര്‍ശനത്തിനു വച്ചു. ആദ്യം കേന്ദ്രമന്ത്രിമാരും തുടര്‍ന്നു കലാമിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും സംസ്ഥാനമന്ത്രിമാരും ഐഎസ്ആര്‍ഒയിലെ സഹപ്രവര്‍ത്തകരും അന്ത്യോപ ചാരമര്‍പ്പിച്ചു. തുടര്‍ന്ന് പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ അവസരമൊരുങ്ങി. കിലക്കാട് മൈതാനത്തു പൊതുദര്‍ശനത്തിനുവച്ച മൃതദേഹം രാത്രി വൈകി ജന്മഗൃഹമായ രാമേശ്വരം മോസ്ക് സ്ട്രീറ്റിലെ കലാം ഹൌസില്‍ എത്തിച്ചു.

ജ്യേഷ്ഠസഹോദരന്‍ എ.പി.ജെ. മുഹമ്മദ് മുത്തു മീരാലബ്ബ മൃതദേഹം ഏറ്റുവാങ്ങി. ഇന്നു രാവിലെ എട്ടുവരെ വീട്ടില്‍ പൊതുദര്‍ശനമുണ്ടായിരിക്കും. തുടര്‍ന്നു സംസ്കാരത്തിന് മുന്നോടിയായി മയ്യത്ത് നമസ്കാരം കലാമിന്റെ ജന്‍മഗൃഹത്തിനോട് ചേര്‍ന്നുള്ള മുഹയിദ്ദീന്‍ ജുമാമസ്ജിദില്‍ നടക്കും. നമസ്കാരത്തിനു മുഹമ്മദ് മുത്തു മീരാലബ്ബ നേതൃത്വം നല്‍കും. തുടര്‍ന്ന് അരിയഗുണ്ട് പഞ്ചായത്ത് പേയ്കരുമ്പൂരില്‍ വിട്ടുനല്‍കിയ പ്രത്യേക സ്ഥലത്തു സംസ്കരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ ഉള്‍പ്പടെ ദേശീയ, സംസ്ഥാന നേതാക്കള്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കും. അനാരോഗ്യംമൂലം തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സംസ്കാര ച്ചടങ്ങില്‍ പങ്കെടുക്കില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.