എംപിമാരുടെ ശമ്പളം ലക്ഷത്തിലേക്ക്
Friday, July 3, 2015 12:16 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഇരട്ടിയിലധികമായി വര്‍ധിപ്പിക്കണമെന്നു പാര്‍ലമെന്റ് സമിതി ശിപാര്‍ശ. വര്‍ഗീയ വിദ്വേഷം നിറഞ്ഞ പ്രസ്താവനകളാല്‍ സ്ഥിരം വിവാദമുണ്ടാക്കുന്ന ബിജെപി എംപി യോഗി ആദിത്യ നാഥ് അധ്യക്ഷനായ സംയുക്ത പാര്‍ലമെന്ററി സമിതിയാണ് ശിപാര്‍ശ നല്‍കിയിരിക്കുന്നത്. നിലവില്‍ 50,000 രൂപയാണ് എംപിമാരുടെ മാസശമ്പളം. പെന്‍ഷന്‍ 20,000 രൂപയും. എന്നാല്‍, ശമ്പളം ഒരു ലക്ഷം രൂപയും പെന്‍ഷന്‍ 35,000 രൂപയുമാക്കി ഉയര്‍ത്തണം എന്നാണു യോഗി ആദിത്യനാഥ് അധ്യക്ഷനായ സമിതിയുടെ ശിപാര്‍ശ. എംപിമാര്‍ക്കു ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ഇരട്ടിയാക്കണമെന്നതടകം 40 ശിപാര്‍ശകളാണു സമിതി മുന്നോട്ടു വച്ചരിക്കുന്നത്.

സര്‍ക്കാര്‍ ആരോഗ്യ പദ്ധതികളില്‍നിന്ന് എംപിമാര്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇവരുടെ മക്കളുടെ മക്കള്‍ക്കു കൂടി ലഭ്യമാക്കണമെന്നതാണു മറ്റൊരു ശ്രദ്ധേയ ശിപാര്‍ശ. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ എംപിമാര്‍ക്കു ലഭിക്കുന്ന പ്രതിദിന അലവന്‍സ് വര്‍ധിപ്പിക്കണം. വിമാനയാത്രയില്‍ 20 മുതല്‍ 25 ശതമാനം വരെ സൌജന്യം അനുവദിക്കണം. ഈ സൌജന്യം മുന്‍ എംപിമാര്‍ക്കു കൂടി അനുവദിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്യുന്നു. ട്രെയിന്‍ യാത്രയിലാണെങ്കില്‍ കൂടെ വരുന്ന പേഴ്സണല്‍ സെക്രട്ടറിക്കു കൂടി സൌജന്യ എസി ക്ളാസ് ടിക്കറ്റ് അനുവദിക്കണം. വിമാനത്താവളങ്ങളില്‍ എംപിമാര്‍ക്കു ലഭിക്കുന്ന സൌകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ശിപാര്‍ശ ചെയ്യുന്നു.


സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു ശമ്പളക്കമ്മീഷനുള്ളതിനു സമാനമായി എംപിമാരുടെ ശമ്പളം സ്ഥിരമായി പുതുക്കുന്നതിന് സംവിധാനമൊരുക്കണമെന്നും ശിപാര്‍ശയിലുണ്ട്. 2010 ലാണ് എംപിമാരുടെ ശമ്പളത്തില്‍ അവസാനമായി വര്‍ധന വരുത്തിയത്. നിലവില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി ഒരു എംപിക്കു വേണ്ടി മാസം 14 ലക്ഷത്തിലധികം രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.