മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി
മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി
Friday, July 3, 2015 12:06 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണു കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. അണക്കെട്ടിന്റെ സുരക്ഷാ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു കേരളമാണ്. കേരളം ആവശ്യപ്പെടാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സിഐഎസ്എഫിനെ നിയോഗിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നു തമിഴ്നാടിനെ പലതവണ രേഖാമൂലം അറിയിച്ചതാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച തമിഴ്നാടിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കാനിരിക്കേയാണു കേന്ദ്രസര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

അണക്കെട്ടിന്റെ സുരക്ഷയ്ക്കായി കേരളം നിയോഗിച്ച പോലീസ് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും അതിനാല്‍ കേന്ദ്രസേനയായ സിഐഎസ്എഫിനെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ടാണു തമിഴ്നാട് സുപ്രീം കോടതിയില്‍ പ്രത്യേക അപേക്ഷ സമര്‍പ്പിച്ചത്. അണക്കെട്ടിന്റെ സുരക്ഷാച്ചുമതല കേരളത്തിനാണെന്നും ക്രമസമാധാനപാലനം ഭരണഘടനാപരമായി കേരളത്തിന്റെ അധികാരത്തില്‍ വരുന്നതാണെന്നും കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ഇപ്പോള്‍ അണക്കെട്ടിനു കേരള പോലീസും വനംവകുപ്പും ഏര്‍പ്പെടുത്തിയ സുരക്ഷ തൃപ്തികരമാണ്. അതുകൊണ്ട് കേരളം ആവശ്യപ്പെടാതെ കേന്ദ്രസേനയെ വിന്യസിക്കാന്‍ കഴിയില്ല. സുരക്ഷാകാര്യത്തില്‍ മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി എടുത്ത തീരുമാനത്തോടു യോജിക്കുന്നെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.


അണക്കെട്ടില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന അപേക്ഷയ്ക്കൊപ്പം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കം തടയണമെന്ന് ആവശ്യപ്പെടുന്ന അപേക്ഷയും പരിഗണിക്കണമെന്നു തിങ്കളാഴ്ച തമിഴ്നാട് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഇന്നു കേസ് പരിഗണിക്കുന്ന ചീഫ് ജസ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് തീരുമാനമെടുക്കും. നിലവിലെ അണക്കെട്ട് സുരക്ഷിതമാണെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കെ അതിനെ മറികടന്ന് കേരളം മുന്നോട്ടു പോകുന്നത് കോടതിയലക്ഷ്യമാണെന്നും ഇരു സംസ്ഥാനങ്ങളും ധാരണയിലെത്തിയാല്‍ മാത്രമേ പുതിയ അണക്കെട്ടിനെക്കുറിച്ച് ആലോചിക്കേണ്ടതുള്ളുവെന്ന കോടതി വിധി കേരളം മാനിക്കുന്നില്ലെന്നുമാണ് തമിഴ്നാടിന്റെ ആരോപണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.