ചരിത്രവിജയം: എ.കെ. ആന്റണി
ചരിത്രവിജയം: എ.കെ. ആന്റണി
Wednesday, July 1, 2015 11:47 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ വിജയം യുഡിഎഫിന്റെ ചരിത്ര വിജയമാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. അതോടൊപ്പം കേരളത്തില്‍ ചരിത്രം തിരുത്തി യുഡിഎഫിന്റെ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നതിന്റെയും ഇടതുപക്ഷത്തെ കേരളജനത രാഷ്ട്രീയ വനവാസത്തിന് അയയ്ക്കുന്നു എന്നതിന്റെയും വ്യക്തമായ സൂചനയാണ് ഇന്നലത്തെ വിജയമെന്നും ആന്റണി വ്യക്തമാക്കി.

സംസ്ഥാന ഭരണത്തില്‍ നേതൃമാറ്റം അജന്‍ഡയിലില്ലെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ജനപക്ഷ പരിപാടികള്‍ക്കുള്ള അംഗീകാരമാണ് ജനവിധിയെന്നും ആന്റണി പറഞ്ഞു. യുഡിഎഫിലും കോണ്‍ഗ്രസിലും ഇപ്പോഴുണ്ടായ ഐക്യവും കെട്ടുറപ്പും തുടരാനായാല്‍ ഭരണത്തുടര്‍ച്ച തീര്‍ച്ചയാണ്. രാഷ്ട്രീയമായി വിലയിരുത്തുമ്പോള്‍ തെരഞ്ഞെടുപ്പ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വിജയം തന്നെയാണ്.

വി.എസ് അച്യുതാനന്ദന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളെക്കുറിച്ചു പ്രതികരിക്കാന്‍ വിമുഖത പ്രകടിപ്പിച്ച അദ്ദേഹം വി.എസ് ഇപ്പോഴും പഴയ വാരിക്കുന്തം കാലഘട്ടത്തിന്റെ രാഷ്ട്രീയത്തിലാണു ജീവിക്കുന്നതെന്നാണു പറഞ്ഞത്. ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ വേഗത്തില്‍ ചോര്‍ന്നു പോകുന്നതിന്റെ ലക്ഷണങ്ങളാണ് അരുവിക്കരയില്‍ കണ്ടത്.

ഇടതു പക്ഷം ഇപ്പോഴും അമ്പതു വര്‍ഷം മുന്‍പുള്ള പ്രവര്‍ത്തന ശൈലിയാണു തുടരുന്നത്. ജനങ്ങള്‍ മാറിയതറിയാതെയാണു പാര്‍ട്ടിയുടെ പ്രവര്‍ത്തനം. അക്രമ രാഷ്ട്രീയത്തെ കേരള ജനത ഒരിക്കലും സഹിഷ്ണുതയോടെ കാണില്ല. ഈ ഉപതെരഞ്ഞെടുപ്പു ഫലത്തോടെ ഇടതുപക്ഷം പൂര്‍ണമായും ജനങ്ങളില്‍നിന്നും അകന്നു പോയതായാണു വ്യക്തമാകുന്നത്. പാര്‍ട്ടിയുടെ ജനകീയ അടിത്തറ അപ്പാടെ ഇളകിയിരിക്കുന്നു. എത്ര തോറ്റാലും ഇടതു പക്ഷം ജനവിധി അംഗീകരിക്കാന്‍ തയാറാകുന്നില്ലെന്നും ആന്റണി ചൂണ്ടിക്കാട്ടി. പ്രവര്‍ത്തന ശൈലി ഉള്‍പ്പടെ അടിമുടി മാറ്റങ്ങളുമായി തെരഞ്ഞെടുപ്പിനിറങ്ങിയെങ്കിലും ഇടതു പക്ഷത്തിനു കരകയറാനായില്ല.


ഒന്നില്‍ നിന്നും പാഠം പഠിക്കാതെ തുടര്‍ന്നു കൊണ്ടിരിക്കുന്ന ഇടതു പക്ഷത്തിന്റെ അക്രമ രാഷ്ട്രീയത്തിനുള്ള ശിക്ഷയായും ഈ തെരഞ്ഞെടുപ്പു ഫലത്തെ വിലയിരുത്താം.

ബിജെപിക്കുണ്ടായ വളര്‍ച്ചയെ ആശങ്കയോടു കൂടി മാത്രമേ നോക്കിക്കാണാനാകു. ബിജെപിയുടെ വളര്‍ച്ച കേരളത്തിലെ സാമൂഹിക, സാമുദായി അന്തരീക്ഷത്തിന് സമാധാനം നല്‍കില്ലെന്നും ആന്റണി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ബിജെപിക്കു വളര്‍ച്ചയുണ്ടാക്കി കൊടുത്തതില്‍ ഇടതുപക്ഷത്തിനു മുഖ്യ പങ്കുണ്ട്. ബിജെപി അരുവിക്കരയില്‍ നേടിയ മുന്നേറ്റം ഇനിയുണ്ടാകുന്ന തെരഞ്ഞെടുപ്പുകളില്‍ ആവര്‍ത്തിക്കണമെന്നില്ലെന്നും ആന്റണി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.