വസുന്ധരയ്ക്കെതിരേ കൂടുതല്‍ തെളിവ്, സുഷമയ്ക്കു മുന്നറിയിപ്പ്
വസുന്ധരയ്ക്കെതിരേ കൂടുതല്‍ തെളിവ്, സുഷമയ്ക്കു മുന്നറിയിപ്പ്
Wednesday, July 1, 2015 10:43 PM IST
സെബി മാത്യു

ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ ധോലാപൂര്‍ കൊട്ടാരം സ്വകാര്യത്താക്കി കൈയടക്കിയെന്നതിനു കൂടുതല്‍ തെളിവുകളുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഈ വിഷയത്തില്‍ വസുന്ധരയെ രക്ഷിക്കാന്‍ കഴിഞ്ഞ ദിവസം ബിജെപി നടത്തിയ ശ്രമങ്ങളെ മറികടന്നു വസുന്ധരയ്ക്കും കുടുംബത്തിനും ലളിത് മോദിയുമായി കുറ്റകരമായ ബന്ധമാണുള്ളതെന്നും കോണ്‍ഗ്രസ് ഇന്നലെ വ്യക്തമാക്കി.

വസുന്ധരയ്ക്കു ലളിത് മോദിയുമായി കുറ്റകരമായ അടുപ്പമാണുള്ളതെന്നു ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് ലളിത് മോദി വിഷയത്തില്‍ ബിജെപി ഒരു പരിസമാപ്തി ഉണ്ടാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തുന്നതു വരെ ഇതു സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ തുടരുമെന്നും മുന്നറിയിപ്പു നല്‍കി. 1949ലെ രേഖള്‍ ഉള്‍പ്പടെ ധോലാപൂര്‍ കൊട്ടാരം സര്‍ക്കാര്‍ സ്വത്താണെന്നു തെളിയിക്കുന്ന നിര്‍ണായക വിവരങ്ങളാണു കോണ്‍ഗ്രസ് ഇന്നലെ പുറത്തു വിട്ടത്. ലളിത് മോദിക്കു പങ്കാളിത്തമുള്ള കമ്പനിയുടെ സഹായത്തോടെ വസുന്ധര കൊട്ടാരം സ്വകാര്യ സ്വത്താക്കി കൈയടക്കി വെച്ചിരിക്കുകയാണെന്നും ഇതു സംബന്ധിച്ചു സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു.

ലളിത് മോദിക്കു യാത്രാ രേഖകള്‍ അനുവദിച്ചു കൊടുക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വഴി വിട്ടു ചെയ്ത സഹായങ്ങള്‍ കോണ്‍ഗ്രസ് മറന്നിട്ടില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി. ലളിത് മോദിയെ മാനുഷിക പരിഗണനയുടെ പേരില്‍ സഹായിച്ചു എന്നു സുഷമ പറയുമ്പോള്‍ ലളിത് മോദി നടി നവോമി കാംബലുമൊത്തു കറങ്ങുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കൂടുതല്‍ തെളിവുകള്‍ വെളിപ്പെടുത്തിയിട്ടും ബിജെപി വസുന്ധരെയെയും മകന്‍ ദുഷ്യന്തിനെയും ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ്. വസുന്ധരയുമായി വേര്‍പിരിഞ്ഞ ഭര്‍ത്താവ് ഹേമന്ത് സിംഗുമായുള്ള കരാറനുസരിച്ച് ജംഗമ വസ്തുക്കളില്‍ മാത്രമാണ് അവര്‍ക്ക് അധികാരമുള്ളത്.


2007ല്‍ ഭരത്പൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ കരാറനുസരിച്ച് ധോലാപൂര്‍ കൊട്ടാരവും ചുറ്റുമുള്ള സ്ഥലവും രാജസ്ഥാന്‍ സര്‍ക്കാരിന്റേതാണ്. ഇതിനോടു ചേര്‍ന്നു കിടക്കുന്ന 500 മീറ്റര്‍ സ്ഥലത്തിന് നാഷണല്‍ ഹൈവേ അഥോറിറ്റിയില്‍ നിന്ന് നഷ്ടപരിഹാരമായി ദുഷ്യന്ത് സിംഗ് രണ്ടു കോടി രൂപ കൈപ്പറ്റിയിട്ടുമുണ്ട്. ഭൂമിയേറ്റെടുക്കല്‍ ഉദ്യോഗസ്ഥനുമായുള്ള ബന്ധത്തിലൂടെയാണ് ഇതു സാധിച്ചെടുത്തത്. ഇതും അന്വേഷിക്കേണ്ട കാര്യമാണ്. ഇതു സംബന്ധിച്ച് 2013 ഏപ്രില്‍ പത്തിന് സിബിഐ കേസുമുണ്ട്. ഇതിനു പുറമേ വസുന്ധരയും ലളിത് മോദിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ ബിജെപിയും കേന്ദ്ര സര്‍ക്കാരും വെള്ള പൂശാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഇതിനു പുറമേ ലളിത് മോദി വിവാദത്തില്‍ ഉള്‍പ്പെട്ട സുഷമ സ്വരാജും, വസുന്ധര രാജെയും തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായി കാണിച്ച കേന്ദ്ര മാനവ ശേഷി മന്ത്രി സ്മൃതി ഇറാനിയും സാമ്പത്തിക തട്ടിപ്പിലുള്‍പ്പെട്ട പങ്കജ മുണ്െടയും അടിയന്തരമായി രാജി വെക്കണമെന്നും കോണ്‍ഗ്രസ് ഇന്നലെ ആവശ്യപ്പെട്ടു.

എന്നാല്‍, 1950ല്‍ സര്‍ക്കാര്‍ തിരികെ കൈമാറിയ ധോലാപൂര്‍ കൊട്ടാരം സ്വകാര്യ സ്വത്താണെന്നും കോണ്‍ഗ്രസ് ചരിത്രം വളച്ചൊടിക്കുകയാണെന്നും ചൂണ്ടിക്കാട്ടി ബിജെപി പ്രതിരോധമുയര്‍ത്തുന്നുണ്ട്. 2007ല്‍ കൊട്ടാരം നിയമപരമായി ഹേമന്ത് സിംഗ് വസുന്ധരയുടെ മകന്‍ ദുഷ്യന്ത് സിംഗിനു കൈമാറിയെന്നാണു ബിജെപി അവകാശപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.