ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്‍ ഒരാഴ്ചകൂടി നീട്ടി
ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്‍ ഒരാഴ്ചകൂടി നീട്ടി
Tuesday, June 30, 2015 12:05 AM IST
ജോര്‍ജ് കള്ളിവയലില്‍

ന്യൂഡല്‍ഹി: വിവാദമായ ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുന്നത് ഒരാഴ്ചകൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇതേത്തുടര്‍ന്ന് വിവാദ ബില്‍ പരിശോധിക്കുന്ന പാര്‍ലമെന്റിന്റെ സംയുക്ത സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു ഒരാഴ്ചകൂടിമാറ്റാന്‍ ഇന്നലെ ചേര്‍ന്ന സമിതി യോഗത്തില്‍ ധാരണയായി.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിനു പിന്നാലെ സംഘപരിവാര്‍ അനുകൂല സംഘടനകളില്‍നിന്നും കാര്‍ഷിക ശാസ്ത്രജ്ഞര്‍ അടക്കമുള്ള കാര്‍ഷിക മേഖലയിലെ രാഷ്ട്രീയേതര സംഘടനകളില്‍നിന്നും കടുത്ത എതിര്‍പ്പുണ്ടായതിനെത്തുടര്‍ന്നാണു ബില്‍ പാസാക്കാനുള്ള നീക്കം വൈകിപ്പിക്കുന്നത്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 21നു ചേരുന്ന ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു സംയുക്ത സമിതിക്കു നല്‍കിയിരുന്ന നിര്‍ദേശം. എന്നാല്‍, ഒരാഴ്ചകൂടി കഴിഞ്ഞ് സമിതിയുടെ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചാല്‍ മതിയെന്നാണു പുതിയ നിര്‍ദേശം.

സമ്മേളനം തുടങ്ങുന്ന ദിവസം റിപ്പോര്‍ട്ട് നല്‍കാനാകില്ലെന്നും അതിനാല്‍ ഒരാഴ്ച കൂടി സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് സമിതി അധ്യക്ഷനും ബിജെപി എംപിയുമായ എസ്.എസ്. അലുവാലിയ കത്തയയ്ക്കും. സമിതിയുടെ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യവും ചെയര്‍മാന്‍ അറിയിച്ചു. വര്‍ഷകാല സമ്മേളനം തുടങ്ങുന്ന ദിവസം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു സമിതിയോടു നിര്‍ദേശിച്ചിരുന്നത്.

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ചോദിച്ച് പാര്‍ലമെന്റിന്റെ ആദ്യദിവസം ചെയര്‍മാന്‍ പ്രമേയവും അവതരിപ്പിച്ചേക്കും. ശരത് പവാര്‍, പ്രഫ. കെ.വി. തോമസ്, ജയ്റാം രമേശ്, കല്യാണ്‍ ബാനര്‍ജി, ഡെറിക് ഒബ്രിയന്‍, മുഹമ്മദ് സലീം, അനുരാഗ് താക്കൂര്‍ തുടങ്ങിയ സമിതിയംഗങ്ങളെല്ലാം യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ് ലോക്സഭയില്‍ 2ജി സ്പെക്ട്രം കേസ് അന്വേഷിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) അധ്യക്ഷന്‍ പി.സി. ചാക്കോ ഇതേപോലെ പ്രമേയം അവതരിപ്പിച്ചു തീയതി നീട്ടാന്‍ അനുമതി വാങ്ങിയിരുന്നു.


എന്നാല്‍, ഭൂമിയേറ്റെടുക്കല്‍ ബില്‍ പരിശോധിക്കുന്ന ഇപ്പോഴത്തെ സമിതി ജെപിസി അല്ലെന്നതും പകരം പാര്‍ലമെന്റിന്റെ ഒരു സംയുക്ത സമിതി മാത്രമാണെന്നുമുള്ള പ്രത്യേകതയുമുണ്ട്. അതിനാല്‍ തന്നെ ബില്ലില്‍ ഭേദഗതി കൊണ്ടുവരാന്‍ ഇപ്പോഴത്തെ സംയുക്ത സമിതിക്കു അവകാശമില്ല. പകരം ഭിന്നാഭിപ്രായങ്ങള്‍ ബില്ലിന്റെ അനുബന്ധമായി ചേര്‍ക്കുക മാത്രമാകും ചെയ്യുക.

ലളിത് ഗേറ്റ് സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വ്യാജ സത്യവാംങ്മൂലം നല്‍കിയ മാനവശേഷി മന്ത്രി സ്മൃതി ഇറാനി, മഹാരാഷ്ട്രയില്‍ ടെന്‍ഡര്‍ പോലും വിളിക്കാതെ 206 കോടിയുടെ കരാര്‍ നല്‍കിയ മന്ത്രി പങ്കജ മുണ്െട എന്നിവരുടെ രാജി തേടി പ്രതിപക്ഷം പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യദിവസങ്ങളില്‍ ബഹളമുണ്ടാക്കുന്നതും കേന്ദ്രസര്‍ക്കാരിനു തലവേദനയാണ്. പ്രതിപക്ഷത്തിന്റെ ബഹളം മൂലം സമ്മേളനം സുഗമമായി നടത്താന്‍ എളുപ്പമാകില്ല.

ഭൂമിയേറ്റെടുക്കല്‍ ബില്ലിനെക്കുറിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം സമിതിക്ക് അടുത്തയാഴ്ച തേടേണ്ടതുണ്ട്. ഇതിനായി ചീഫ് സെക്രട്ടറിമാര്‍ക്ക് സമിതി അയച്ച കത്തിന് ഇനിയും മിക്ക സംസ്ഥാനങ്ങളും പ്രതികരണം നല്‍കിയിട്ടില്ല.

ഇന്നലെ സമിതി യോഗത്തില്‍ തെളിവ് നല്‍കാനെത്തിയ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൌണ്‍സില്‍ ഡയറക്ടര്‍ ജനറല്‍, യുപി, പഞ്ചാബ്, ബിഹാര്‍ കാര്‍ഷിക സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍ തുടങ്ങിയ കാര്‍ഷിക മേഖലയിലെ വിദഗ്ധരും ഐഎന്‍എല്‍ഡിയുടെ എംപി ദുഷ്യന്ത് ചൌതാലയുമെല്ലാം ബിജെപി സര്‍ക്കാരിന്റെ പുതിയ നിയമഭേദഗതികളെ ശക്തമായി എതിര്‍ത്തു. ആര്‍എസ്എസ് അനുകൂല സ്വദേശി ജാഗരണ്‍ മഞ്ച് അടക്കമുള്ള കര്‍ഷക സംഘടനകളും ഭേദഗതിയെ എതിര്‍ത്ത് സമിതിക്കു തെളിവു നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.