മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗിരിധര്‍ ഗമാംഗ് പാര്‍ട്ടി വിട്ടു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗിരിധര്‍ ഗമാംഗ് പാര്‍ട്ടി വിട്ടു
Sunday, May 31, 2015 12:23 AM IST
ഭുവനേശ്വര്‍: ഒഡീഷ മുന്‍ മുഖ്യമന്ത്രിയും ഒമ്പതു തവണ പാര്‍ലമെന്റ് അംഗവും കേന്ദ്രമന്ത്രിയുമായിരുന്ന ഗിരിധര്‍ ഗമാംഗ് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. 43 വര്‍ഷത്തെ സേവനം മതിയാക്കി കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവയ്ക്കുന്നെന്നു കാട്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു കത്ത് അയച്ചു. 1999ലെ അവിശ്വാസ വോട്ടെടുപ്പില്‍ വാജ്പേയി സര്‍ക്കാരിന്റെ പതനത്തിനു കാരണക്കാരനെന്നു മുദ്രകുത്തപ്പെട്ടതു മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അപമാനം സഹിച്ചാണു കഴിഞ്ഞിരുന്നതെന്നും വേറെ പാര്‍ട്ടിയില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

1972ല്‍ കോരാപുട്ടില്‍നിന്നു ലോക്സഭയിലെത്തിയ ഗമാംഗ് തുടര്‍ച്ചയായി എട്ടു തവണയും 2004 ലും ഇതേ മണ്ഡലത്തെ പ്രതിനിധാനംചെയ്തു. ഇന്ദിരാഗാന്ധി , രാജീവ് ഗാന്ധി, പി.വി. നരസിംഹറാവു എന്നിവരുടെ മന്ത്രിസഭകളില്‍ കാബിനറ്റ് മന്ത്രിയായിരുന്നു.

1999ല്‍ ബിജെപി സര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം ഗമാംഗിന്റെ രാഷ്ട്രീയ ജീവിതത്തെ മാറ്റിമറിച്ചു. ഈ സമയം ഒഡീഷ മുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്ത ഇദ്ദേഹം ലോക്സഭാംഗം കൂടിയായിരുന്നു. നിയമസഭാംഗമായിരുന്നെങ്കിലും ലോക്സഭാംഗത്വം രാജിവ യ്ക്കാത്ത സാഹചര്യത്തില്‍ പാര്‍ട്ടി വിപ്പ് അനുസരിച്ച് അവിശ്വാസ വോട്ടിംഗില്‍ പങ്കെടുത്തു.


വാജ്പേയി സര്‍ക്കാര്‍ ഒരു വോട്ട് വ്യത്യാസത്തില്‍ (269-270) അവിശ്വാസത്തില്‍ പരാജയപ്പെട്ടു. ഇതോടെ, മുഖ്യമന്ത്രിയായിരിക്കെ പാര്‍ലമെന്റിലെത്തി വോട്ടുചെയ്ത ഗമാംഗ് കുറ്റക്കാരനെന്നു രാഷ്ട്രീയ ലോകം മുദ്രകുത്തി. ഇതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും തുനിഞ്ഞില്ല.

1999ലെ അവിശ്വാസത്തില്‍ ബിജെപി നേതൃത്വം നല്കിയ എന്‍ഡിഎ സര്‍ക്കാര്‍ വീഴാന്‍ കാരണം നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് സെയ്ഫുദീന്‍ സോസാണെന്നും ഗമാംഗ് ആരോപിച്ചു. പാര്‍ട്ടിവിപ്പ് മറികടന്നു ബിജെപിക്ക് എതിരായി സോസ് വോട്ട് രേഖപ്പെടുത്തിയതിനാലാണു സര്‍ക്കാര്‍ വീണതെന്നും അദ്ദേഹം പറഞ്ഞു.

വാജ്പേയി സര്‍ക്കാരിനെ വീഴിച്ചതിനാല്‍ ബിജെപി തന്നെ സ്വീകരിക്കില്ലെന്നും പ്രാദേശിക പാര്‍ട്ടിയിലേക്ക് ഇല്ലെന്നും വേറെ പാര്‍ട്ടിയില്‍ ചേരുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി ഗമാംഗ് പറഞ്ഞു. ഒഡീഷയിലെ ആദിവാസി സംഗീതോപകരണമായ ചാന്‍ഗു വിദഗ്ധനാണ് ഇദ്ദേഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.