ഭൂമി ഏറ്റെടുക്കലിനു വീണ്ടും ഓര്‍ഡിനന്‍സ്
Sunday, May 31, 2015 12:16 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പ്രതിപക്ഷം ഉയര്‍ത്തിയ കടുത്ത എതിര്‍പ്പിനെത്തുടര്‍ന്നു ഭൂമിയേറ്റെടുക്കല്‍ ബില്‍ പാസാക്കാനാവാത്തതിനാല്‍ മൂന്നാം തവണയും നരേന്ദ്ര മോദി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നു. ഓര്‍ഡിനന്‍സ് വീണ്ടും പുറത്തിറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിയോടു ശിപാര്‍ശ ചെയ്തു. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കല്‍ ദ്രുതഗതിയിലാക്കുന്ന ഓര്‍ഡിനന്‍സിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം ഇന്നലെ അംഗീകാരം നല്‍കി. നിലവിലുള്ള ഓര്‍ഡിനന്‍സിന്റെ കാലാവധി ജൂണ്‍ മൂന്നിനു പൂര്‍ത്തിയാകാനിരിക്കെയാണ് പുതിയ ഓര്‍ഡിനന്‍സ് ഇറക്കാനുള്ള തീരുമാനം.

അതിനിടെ, ഭൂമിയേറ്റെടുക്കല്‍ ബില്‍ തന്നെ സംബന്ധിച്ച് ഒരു ജീവന്‍ മരണ പ്രശ്നമല്ലെന്നും തന്റെയോ സര്‍ക്കാരിന്റെയോ പ്രത്യേക അജന്‍ഡയല്ല ഇതെന്നും സംസ്ഥാനങ്ങളുടെ ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ദ ട്രിബ്യൂണിനു നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് മൂന്നാം തവണയും ഇറക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം പാര്‍ലമെന്റിനെ അധിക്ഷേപിക്കലാണെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇത് ഇന്ത്യയിലെ കര്‍ഷക സമൂഹത്തിനു നീതി നിഷേധിക്കലാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇതോടെ പ്രധാനമന്ത്രി മോദിയുടെ ഇരട്ടത്താപ്പാണു വ്യക്തമായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ആര്‍.എസ്. സുര്‍ജേവാല പറഞ്ഞു. ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനോടുള്ള വിമര്‍ശനങ്ങളോടു സര്‍ക്കാരിനു തുറന്ന സമീപനമാണുള്ളതെന്ന് കഴിഞ്ഞ ദിവസം പറഞ്ഞതിനു പിന്നാലെയാണ് ഇപ്പോള്‍ പുതിയ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരിക്കുന്നതെന്നും സുര്‍ജേവാല ട്വിറ്ററിലൂടെ ആരോപിച്ചു. ബില്ലിലെ വ്യവസ്ഥകളെക്കുറിച്ച് പരിശോധിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിച്ചശേഷം ഓര്‍ഡിനന്‍സുമായി മുന്നോട്ടുപോകുന്നത് വഞ്ചനാപരമാണെന്നും മോദിസര്‍ക്കാരിന്റെ കപടമുഖമാണു വ്യക്തമാക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.


യുപിഎ സര്‍ക്കാര്‍ 2013ല്‍ പാസാക്കിയ ഭൂമി ഏറ്റെടുക്കല്‍ നിയമം ഭേദഗതി ചെയ്ത മോദി സര്‍ക്കാര്‍ ബില്‍ രണ്ടു തവണ ലോക്സഭയില്‍ പാസാക്കിയെങ്കിലും പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയുടെ അംഗീകാരം നേടാനായില്ല. ഇതേത്തുടര്‍ന്ന് 2014 ഡിസംബറില്‍ ആദ്യ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി നിയമം നടപ്പാക്കി. കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ പുതുക്കിയ ഓര്‍ഡിനന്‍സാണ് ഇപ്പോള്‍ വീണ്ടും ഇറക്കുന്നത്.

പ്രതിപക്ഷത്തിന്റെ എതിര്‍പ്പു കാരണം ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ ഭേദഗതികള്‍ വരുത്തിയെങ്കിലും കര്‍ഷകവിരുദ്ധ നയങ്ങളുണ്െടന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബില്ലിനെ തുടര്‍ന്നും എതിര്‍ക്കുകയായിരുന്നു.

ബില്‍ ഇപ്പോള്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ പരിഗണനയിലാണ്. ബിജെപി ലോക്സഭാംഗം എസ്.എസ്. അഹ്ലുവാലിയ ചെയര്‍മാനായ കമ്മിറ്റി കഴിഞ്ഞ ദിവസം ആദ്യയോഗം ചേര്‍ന്നു. ഭേദഗതി നിയമത്തെ ന്യായീകരിച്ച് നിയമ, ഗ്രാമവികസന മന്ത്രാലയം തങ്ങളുടെ വാദങ്ങള്‍ കമ്മിറ്റി മുമ്പാകെവച്ചെങ്കിലും കോണ്‍ഗ്രസ്, ഇടത്, തൃണമൂല്‍, ബിജെഡി, എന്‍സിപി അംഗങ്ങള്‍ എതിര്‍പ്പ് ഉന്നയിച്ചു. ഭേദഗതികളെക്കുറിച്ചു സംസ്ഥാന സര്‍ക്കാറുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം തേടാന്‍ പാര്‍ലമെന്ററി കമ്മിറ്റി തീരുമാനിച്ചു. ജൂലൈയില്‍ ചേരുന്ന വര്‍ഷകാല സമ്മേളനത്തില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് പാര്‍ലമെന്ററി കമ്മിറ്റിയോട് നിര്‍ദേശിച്ചിട്ടുള്ളത്. അതിനായി ആഴ്ചയില്‍ രണ്ടു തവണ വീതം യോഗം ചേരാനും നടപടികള്‍ വേഗത്തിലാക്കാനും കമ്മിറ്റി അംഗങ്ങള്‍ ധാരണയിലെത്തി.

യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ ഭുമി ഏറ്റെടുക്കാന്‍ 70 മുതല്‍ 80 ശതമാനം വരെ ഉടമകളുടെ സമ്മതം, സാമൂഹികാഘാത പഠനം നടത്തണം എന്നീ സുപ്രധാന വ്യവസ്ഥകള്‍ നീക്കം ചെയ്തതാണ് മോദി സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.