അയോധ്യയില്‍ രാമക്ഷേത്രം സര്‍ക്കാരിന്റെ മുഖ്യവിഷയമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി
അയോധ്യയില്‍ രാമക്ഷേത്രം സര്‍ക്കാരിന്റെ  മുഖ്യവിഷയമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി
Saturday, May 30, 2015 12:15 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം സര്‍ക്കാരിനെ സംബന്ധിച്ചു മുഖ്യവിഷയമാണെന്നും കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പു സാഹചര്യമൊരുങ്ങിയാല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. അയോധ്യവിഷയത്തില്‍ കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പുണ്ടാവുന്നതിനെ വികസന അജന്‍ഡ മുന്‍നിര്‍ത്തി സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നാണു രാജ്നാഥ് സിംഗ് പറഞ്ഞത്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണു രാജ്നാഥ് നിലപാട് വ്യക്തമാക്കിയത്. വികസനത്തിനാണു സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. എല്ലാ വിഷയങ്ങളും സര്‍ക്കാരിനു മുന്നില്‍ പ്രധാനപ്പെട്ടതാണെങ്കിലും ചില കാര്യങ്ങള്‍ക്കു മുന്‍തൂക്കമുണ്െടന്നും അദ്ദേഹം പറഞ്ഞു. വികസനം മുന്‍നിര്‍ത്തിയാണു സര്‍ക്കാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. രാമക്ഷേത്ര നിര്‍മാണം ഇപ്പോള്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. കോടതിവിധിക്കായി കാത്തിരിക്കേണ്ടതുണ്ട്. എന്നാല്‍, ഇരുസമുദായങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാവുന്നതാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.

രണ്ടു ദശാബ്ദത്തിലധികം പിന്നിട്ട ഈ വിവാദ വിഷയത്തില്‍ ഇപ്പോള്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ജമ്മു കാഷ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പു സംബന്ധിച്ചു ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ സര്‍ക്കാര്‍ ഇപ്പോള്‍ രൂപീകരിച്ചതല്ലേയുള്ളൂ എന്ന മറുപടി നല്‍കി രാജ്നാഥ് സിംഗ് ഒഴിഞ്ഞുമാറി.

അതേസമയം, അയോധ്യ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ചയ്ക്കില്ലെന്നു മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കി. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിലും തൊട്ടടുത്ത അഞ്ചു ജില്ലകളിലും മുസ്ലിം പള്ളികള്‍ നിര്‍മിക്കാന്‍ പാടില്ലെന്ന പ്രമേയം വിശ്വഹിന്ദു പരിഷത്ത് പാസാക്കിയതിന്റെ അടിസ്ഥാനത്തിലാണിത്. മോദിയെ ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം നേതാവായി ചിത്രീകരിക്കുന്നതു നിര്‍ഭാഗ്യകരമാണെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വക്താവ് കമാല്‍ ഫറൂഖി ഒരു വാര്‍ത്താ ചാനലിനോടു വ്യക്തമാക്കി.


കേന്ദ്രസര്‍ക്കാരിനുമേലുള്ള ആര്‍എസ്എസ് കടന്നുകയറ്റത്തെപ്പറ്റിയുള്ള ചോദ്യത്തിനും നേരിട്ട് ഉത്തരം നല്‍കാതെ രാജ്നാഥ് സിംഗ് ഒഴിഞ്ഞുമാറി. താനുമൊരു ആര്‍എസ്എസ് സ്വയംസേവകനാണെന്നും സംഘപരിവാര്‍ ആശയങ്ങളില്‍ വിശ്വസിക്കുന്നുവെന്നും രാജ്നാഥ് വ്യക്തമാക്കി. 72 വിഭാഗത്തോളം ഇസ്ലാം വിശ്വാസികളും 2000 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയവും സ്ഥിതി ചെയ്യുന്ന കേരളവും ഉള്‍പ്പെടുന്ന ഇന്ത്യന്‍ സംസ്കാരത്തെയാണ് ആര്‍എസ്എസ് പ്രോത്സാഹിപ്പിക്കുന്നത്. പാഴ്സികള്‍ക്കും ജൂതന്‍മാര്‍ക്കും ഒരുപോലെ ബഹുമാനം ലഭിക്കുന്ന ഇന്ത്യന്‍ സംസ്കാരത്തെയാണ് ആര്‍എസ്എസ് സംരക്ഷിക്കുന്നതെന്നും രാജ്നാഥ് സിംഗ് വിശദീകരിച്ചു. ഒരു വര്‍ഷക്കാലത്തെ എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണത്തിലൂടെ രാജ്യത്തു സദ്ഭരണത്തിന്റെയും വികസനത്തിന്റെയും ഘര്‍ വാപസിയാണു നടന്നിരിക്കുന്നതെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

മോദിസര്‍ക്കാരിലെ ഒരു മന്ത്രിയും അശക്തനല്ലെന്നും തങ്ങള്‍ കുറച്ചു സംസാരിച്ചു കൂടുതല്‍ പ്രവര്‍ത്തിക്കുക എന്ന തത്ത്വത്തില്‍ വിശ്വസിക്കുന്നവരാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു സര്‍ക്കാരിനെ മുന്നോട്ടുനയിക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവും വേണ്െടന്നും രാജ്നാഥ് കൂട്ടിച്ചേര്‍ത്തു. മറ്റു മന്ത്രിമാരെ അപേക്ഷിച്ചു പ്രധാനമന്ത്രിയാണല്ലോ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കുന്നതെന്ന ചോദ്യത്തിന് ആവശ്യമെന്നു തോന്നുന്ന ഘട്ടത്തിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കുകയും സംസാരിക്കുകയും ചെയ്യുന്നതെന്നായിരുന്നു രാജ്നാഥിന്റെ മറുപടി.

പാര്‍ട്ടി പ്രസിഡന്റായിരുന്ന കാലത്താണോ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണോ രാജ്നാഥിന്റെ നല്ല ദിവസങ്ങളെന്ന ചോദ്യത്തിന് താന്‍ എല്ലാ കാലത്തിനും പറ്റിയ ആളാണെന്നായിരുന്നു മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.