സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശകള്‍ ലഫ്. ഗവര്‍ണര്‍ പരിഗണിക്കണം: ഹൈക്കോടതി
സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശകള്‍  ലഫ്. ഗവര്‍ണര്‍ പരിഗണിക്കണം: ഹൈക്കോടതി
Saturday, May 30, 2015 12:15 AM IST
ജിജി ലൂക്കോസ്

ന്യൂഡല്‍ഹി: ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതും സ്ഥാനമാറ്റം വരുത്തുന്നതും സംബന്ധിച്ച ഡല്‍ഹിയിലെ അധികാരത്തര്‍ക്കത്തില്‍ ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഉദ്യോഗസ്ഥരുടെ നിയമനത്തിന്റെയും സ്ഥാനമാറ്റത്തിന്റെയും കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ശിപാര്‍ശകള്‍ പരിഗണിക്കണമെന്നു ലഫ്. ഗവര്‍ണറോടു നിര്‍ദേശിച്ച ഹൈക്കോടതി. സര്‍ക്കാരിന്റെ ശിപാര്‍ശകള്‍ ഗവര്‍ണര്‍ക്കു തൃപ്തികരമല്ലെങ്കില്‍ മന്ത്രിസഭയ്ക്കു തിരിച്ചയക്കാമെന്നും കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥ നിയമനത്തിലും സ്ഥാനക്കയറ്റത്തിലും പരമാധികാരം ലഫ്. ഗവര്‍ണര്‍ക്കാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനം പരിഗണിച്ചാണു കോടതിയുടെ ഇടക്കാല ഉത്തരവ്.

ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥാനക്കയറ്റവും സംബന്ധിച്ച വിഷയം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തര്‍ക്കമായി മാറിയതോടെയാണ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഹൈക്കോടതിയെയും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെയും സമീപിച്ചത്. ഡല്‍ഹി സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ സേനയുടെ അധികാരം സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്നലെ പരിഗണിച്ചെങ്കിലും ഹൈക്കോടതി പരാമര്‍ശങ്ങള്‍ സ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കാന്‍ ജസ്റീസുമാരായ എ.കെ. സിക്രി, യു.യു. ലളിത് എന്നിവരുടെ അവധിക്കാല ബെഞ്ച് തയാറായില്ല. അതേസമയം, ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലും സ്ഥലംമാറ്റുന്നതിലുമുള്ള പരമാധികാരം ലഫ്. ഗവര്‍ണര്‍ക്കാണെന്നു വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം മേയ് 21നു പുറത്തിറക്കിയ വിജ്ഞാപനം സംശയാസ്പദമാണെന്നും കോടതി നിരീക്ഷിച്ചു.

ഈ വിജ്ഞാപനത്തിന്റെ സാധുത ചോദ്യം ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിക്കാനും അവധിക്കാല ബെഞ്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനോടു നിര്‍ദേശിച്ചു. വിജ്ഞാപനം സംബന്ധിച്ച് സുപ്രീംകോടതി ബെഞ്ചിന്റെ പരാമര്‍ശം കേസിനെ ബാധിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, മുന്‍ സര്‍ക്കാരുകള്‍ തുടര്‍ന്നിരുന്ന കീഴ്വഴക്കങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയിക്കാനാണ് ഹൈക്കോടതി ഡല്‍ഹി സര്‍ക്കാരിനോടു നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനം സ്റേ ചെയ്യാനും കോടതി തയാറായില്ല. ഡല്‍ഹി സര്‍ക്കാരിലെ ചില വകുപ്പുകളുടെ ചുമതല ലഫ്. ഗവര്‍ണര്‍ക്കായതിനാല്‍ തീരുമാനമെടുക്കാനുള്ള അധികാരം ലഫ്. ഗവര്‍ണര്‍ക്കാണ്. ഇക്കാര്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെയും മന്ത്രിസഭയുടെയും ശിപാര്‍ശകള്‍ ലഫ്. ഗവര്‍ണര്‍ പരിഗണിക്കാതിരിക്കരുത്. എതിര്‍പ്പുണ്െടങ്കില്‍ അതു മന്ത്രിസഭയ്ക്ക് തിരിച്ചയയ്ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്െടന്നും ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.


ഇക്കാര്യത്തില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നോട്ടീസ് അയയ്ക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ആറ് ആഴ്ചയ്ക്കുള്ളില്‍ നിലപാടറിയിക്കാനാണ് ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടു നിര്‍ദേശിച്ചിരിക്കുന്നത്. മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതിയും നിര്‍ദേശിച്ചു. കേസ് ഹൈക്കോടതി പരിഗണിക്കുന്ന ഘട്ടത്തില്‍ കേസിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ലെന്നും ഡല്‍ഹി സര്‍ക്കാരിന്റെ മറുപടി കിട്ടിയശേഷം തീരുമാനം കൈക്കൊള്ളുമെന്നും സുപ്രീംകോടതിയും വ്യക്തമാക്കി. കേസ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും തുടരണോയെന്ന കാര്യത്തില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ലഫ്. ഗവര്‍ണറുടെ അധികാരം സംബന്ധിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം കൂടുതല്‍ നിയമപ്രശ്നങ്ങളിലേക്കു പോകുന്നതിനിടെ, തങ്ങളുടെ ശിപാര്‍ശകള്‍ പരിഗണിക്കുമെങ്കില്‍ നടപടികളുമായി സഹകരിക്കാമെന്ന വാഗ്ദാനം ആം ആദ്മി പാര്‍ട്ടി ഹൈക്കോടതിയില്‍ മുന്നോട്ടുവച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ ഹൈക്കോടതി അനുകൂലമായി പ്രതികരിച്ചിട്ടില്ല. ആറാഴ്ചയ്ക്കുശേഷം കേന്ദ്ര വിജ്ഞാപനം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം നിലപാട് അറിയിക്കുന്നതിനെ തുടര്‍ന്നാവും ഇക്കാര്യം കോടതി പരിഗണിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.